സൈഡീന്നൊന്നു നോക്കിക്കേ... വിനായകന്‍റെ ലുക്ക് ഉണ്ടോ..? ഇതാ ബോബിയുടെ ചങ്ക് ഫ്രണ്ട്

suraj-kumabalangi
SHARE

''മ്മടെ ചങ്കിനെന്താടീ കുഴപ്പം? അടിപൊളി മൈൻഡ് അല്ലേ?'' നല്ല അസല് കൊച്ചിഭാഷ പറയുന്ന, കുമ്പളങ്ങിയിലെ ബോബിയുടെ ചങ്ക് ഫ്രണ്ട് ജീവിതത്തിലും കൊച്ചിക്കാരനാണ്. നൃ‍ത്തവും പാട്ടുമൊക്കെയായി നടക്കുന്ന തേവരക്കാരൻ. നടപ്പുശീലങ്ങളില്‍ നിന്നും പൊതുബോധത്തില്‍ നിന്നും മാറി വേറിട്ട കഥാപാത്ര സൃഷ്ടി നടത്തിയ ശ്യാം പുഷ്കരന്‍റെ സുഹൃത്താണ് ബോബിയുടെ ഫ്രീക്കൻ ചങ്ക് സുരാജ്. ആ പരിചയം തന്നെയാണ് ഓഡിഷനിലൂടെ സിനിമയിലേക്കെത്തിച്ചതും.  

''‌കയ്യടിക്കെടാ'' എന്നു പറയാതെ തന്നെ തിയേറ്ററിൽ നിറകയ്യടി വാങ്ങിയ ഇദ്ദേഹത്തിന്‍റെ ഡയലോഗുകൾ ഇനിയുമുണ്ട്. ആദ്യപകുതിയിൽ രസിപ്പിച്ച പിന്നീട് ചായ കുടിക്കാൻ എന്തിനാടാ ചായക്കട തുടങ്ങുന്നതെന്ന ബോബിയുടെ ചോദ്യത്തിന് ''ചായക്കട തുടങ്ങാനല്ല, ഞങ്ങള്‍ ജീവിക്കാൻ പോകുവാ'' എന്ന ഗൗരവ മറുപടി തന്ന പൊളി ഫ്രണ്ട്. അതുവരെ പ്രണയം കളിയായിരുന്ന ബോബിയെ ഒന്നു മാറ്റിച്ചിന്തിപ്പിച്ചതും ഈ ഡയലോഗാണ്. 

''​ഞാൻ ജീവിതത്തിൽ എങ്ങനെയാണോ സംസാരിക്കുന്നത് അങ്ങനെ തന്നെയാണ് സിനിമയിലും സംസാരിച്ചത്. ശ്യാമിനെ നേരത്തേ തന്നെ അറിയാമായിരുന്നു. മുൻപ് ഇയ്യോബിന്‍റെ പുസ്തകം, മുല്ല എന്നീ സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. കുമ്പളങ്ങിയിൽ അഭിനയിക്കുമ്പോൾ ടെൻഷനേ ഇല്ലായിരുന്നു. ഞാനായിരിക്കാനാണ് ശ്യാം ആവശ്യപ്പെട്ടത്. ഷെയ്‍നുമായി വളരെ പെട്ടെന്നു തന്നെ അടുത്തു. ഫഹദുമായി കോംപിനേഷൻ സീൻ ഒന്നും തന്നെ ഇല്ലെങ്കിലും ഇയ്യോബിന്‍റെ പുസ്തകത്തിൻറെ സെറ്റിൽ വെച്ചു തന്നെ അറിയാം. ആ ഗൗരവ സീൻ അഭിനയിച്ചപ്പോൾ മാത്രമായിരുന്നു ചെറിയൊരു ടെൻഷൻ. പക്ഷേ, എല്ലാവരും കട്ടക്ക് സപ്പോർട്ട് ആയിരുന്നു. എത്ര ടേക്ക് വെണമെങ്കിലും എടുത്തോ, ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞ് ധൈര്യം തന്നു. ആ രംഗം കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു'', സൂരജ് മനോരമ ന്യൂസ്.കോമിനോട് പറഞ്ഞു. 

എൻറെ കുമ്പളങ്ങി

''ഞാൻ തേവരക്കാരനാണ്. കുമ്പളങ്ങിയിൽ എനിക്കൊരുപാട് സുഹൃത്തുക്കളുണ്ട്. ഡാൻസ് ട്രൂപ്പ് അവിടെയാണ്. കുമ്പളങ്ങിയുടെ രാവും പകലുമൊക്കെ ഏറെ പരിചിതമാണ്. നേരിട്ടറിയാവുന്ന, എന്നോടടുത്തു നിൽക്കുന്ന കുമ്പളങ്ങിയെ സിനിമയിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.

സൈഡീന്നു നോക്കിയാ വിനായകനാണോ?

''അങ്ങനെ പലരും പറഞ്ഞിട്ടുണ്ട്. സിനിമയിലല്ല, അതിനു മുൻപും. വിനായകൻ ചേട്ടനെ നേരിട്ടറിയാം. ഞാൻ കലാഭവനിലെ വിദ്യാർത്ഥിയായിരുന്നു, അവിടെ വെച്ചുതന്നെ അറിയാം. അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നീ പോടാ ഞാൻ നിന്നെപ്പോലെയൊന്നുമല്ല, നീ എന്നപ്പോലെയുമല്ല, അതൊക്കെ ആൾക്കാര് വെറുതേ പറയുന്നതാ എന്നാ ചേട്ടന്‍ പറയാറ്''.

kumabalabgi

ജീവിതത്തിലും ട്രൂ ലവ് ടൈപ്പ്

സിനിമയില്‍ പറയുന്നതുപോലെ തന്നെ ട്രൂവ് ലവ് ടൈപ്പ് ആണ് ജീവിതത്തിലും സൂരജ്. ഭാര്യ മ‌‍ഞ്ചുവും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം. പ്രണയവിവാഹമായിരുന്നു. പാലക്കാട് ഒരു നൃത്തപരിപാടിക്ക് പോയപ്പോഴാണ് മ‍ഞ്ചുവിനെ ആദ്യമായി കാണുന്നത്. 

ഡി കമ്പനി

നൃത്തം ജീവനാണ്. ഡി കമ്പനി എന്ന ഡാൻസ് ട്രൂപ്പിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. ചെറുപ്പം മുതലേ ഡാന്‍സിനോട് താത്പര്യമുണ്ട്. നൃത്തം വഴിയാണ് സിനിമാ ബന്ധങ്ങൾ ലഭിച്ചത്. 

നൃത്തത്തിനൊപ്പം സിനിമയും സ്വപ്നമാണ്. ഇനിയും സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. 

MORE IN SPOTLIGHT
SHOW MORE