ലിപ് ലോക്കിന് റോഷന്‍ ചമ്മി‍; ആക്രമണങ്ങളിൽ വേദന: ഒമര്‍ ലുലു: അഭിമുഖം

omar-lulu-interview-web
SHARE

തല്ലുകയും തലോടുകയും ചെയ്യുന്ന ഇരുതലമൂർച്ചയുള്ള വാളാണ് സോഷ്യൽമീഡിയ. സോഷ്യൽമീഡിയയുടെ തലോടൽ ആദ്യം അനുഭവിക്കുകയും എന്നാൽ പിന്നീട് തല്ല് ഏറ്റുവാങ്ങുകയും ചെയ്യുന്ന ചിത്രമാണ് അഡാർ ലൗവ്. മാണിക്യ മലരായ പൂവി എന്ന ഗാനവും പ്രിയവാര്യരുടെ കണ്ണിറുക്കലും  സോഷ്യൽമീഡിയയുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാലിപ്പോൾ അതേ സോഷ്യൽമീഡിയ തന്നെയാണ് ഡിസ്‌ലൈക് നൽകി ചിത്രത്തിന്റെ ടീസറിനെ പരിഹസിക്കുന്നത്. ഇതിനെക്കുറിച്ച് സംവിധായകൻ ഒമർ ലുലു മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു

പ്രശംസ നൽകിയ സോഷ്യൽമീഡിയ തന്നെ തിരിഞ്ഞുകൊത്തുന്ന കാഴ്ചയാണല്ലോ?

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല. മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് ഞങ്ങൾ പോലും വിചാരിക്കാത്ത ഹൈപ്പും പ്രമോഷനുമാണ് കിട്ടിയത്. ഇത് ഒരുപരിധിവരെ പാരയായിട്ടുണ്ട്. അഭിമുഖങ്ങളിലൊക്കെ സിനിമയിലെ അഭിനേതാക്കൾ നൽകുന്ന മറുപടി പ്രേക്ഷകർ വിചാരിക്കുന്നത് പോലെയാകാത്തതും ഈ ഡിസ്‌ലൈക്കിന് ഇടയാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. സിനിമയിലെ അഭിനേതാക്കളെല്ലാം ചെറിയ കുട്ടികളാണ്, അവർ സംസാരിക്കുമ്പോൾ മുതിർന്ന ഒരാളുടെ പക്വത എങ്ങനെയുണ്ടാകും. ചില അഭിമുഖങ്ങളിൽ എനിക്ക് പോലും ചില ചോദ്യങ്ങളുടെ മറുപടി എന്ത് പറയണം എന്ന സങ്കോചം തോന്നാറുണ്ട്. അപ്പോൾ പിന്നെ ചെറിയ കുട്ടികളുടെ കാര്യം പറയാനുണ്ടോ?

അഡാർ ലൗവിന്റെ പുതിയ ലിപ്‌ലോക്ക് ടീസറിനും ഡിസ്‌ലൈക്ക് പ്രവാഹമാണല്ലോ?

നേരത്തെ പ്രിയയ്ക്ക് നേരെയായിരുന്നു ആക്രമണമെങ്കിൽ അതിപ്പോൾ സിനിമയ്ക്ക് നേരെയും റോഷനുനേരെയും ആയിട്ടുണ്ട്. റോഷനെ എന്തൊക്കെയാണ് പറയുന്നത്. ലിപ്‌ലോക്ക് ശരിയായില്ല, പെർഫക്ഷൻ ആയില്ല എന്നൊക്കെയാണ് കമന്റ്സ്. ആ സീനിൽ പ്രിയയുടെ സമ്മതമില്ലാതെ പെട്ടെന്നാണ് റോഷൻ ലിപ്‌ലോക്ക് നൽകുന്നത്. അതിന് ഇത്ര പെർഫക്ഷനല്ലേ വരൂ.

അഭിനേതാകൾക്ക് ഈ സീൻ അഭിനയിക്കാൻ മടിയുണ്ടായിരുന്നോ?

പ്രിയയ്ക്ക് പ്രശ്നമൊന്നുമില്ലായിരുന്നു. അവൾ കുറച്ചുകൂടി ബോൾഡാണ്. റോഷന് പക്ഷെ ചമ്മലുണ്ടായിരുന്നു.

priya-warrier-roshan

ഇത്തരം ആക്രമണങ്ങളിൽ വേദനയുണ്ടോ?

ട്രോളുകൾ ആസ്വദിക്കാത്ത വ്യക്തിയൊന്നുമല്ല ഞാൻ. എന്നാൽ മനപൂർവ്വം ദ്രോഹിക്കാൻ വേണ്ടിയിറക്കുന്ന ട്രോളുകളിൽ വേദനയുണ്ട്. അവർക്ക് ട്രോൾ വിഡിയോ ഇറക്കി വരുമാനം ലഭിക്കുമെന്നുള്ളത് കൊണ്ട് എന്തും പറയാമെന്നുള്ള മനോഭാവം സങ്കടകരമാണ്. ഈ സിനിമയ്ക്ക് പിന്നിൽ അത്രയും അധ്വാനമുണ്ട്. പുതുമുഖങ്ങൾ മാത്രമുള്ള ഒരു ചിത്രമാണ്. 90 ദിവസമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമ ഇറങ്ങിയ ശേഷമാണ് വിമർശനങ്ങളെങ്കിൽ പിന്നെയും സഹിക്കാം.  ഇറങ്ങുന്നതിന് മുമ്പേ പടം പൊളിഞ്ഞുപോകും, കൂവി തോൽപ്പിക്കും എന്നൊക്കെ കേൾക്കുന്നത് വേദനാജനകം തന്നെയാണ്. 

വിവിധ ഭാഷകളിലായിട്ടാണ് അഡാർ ലൗവ് ഇറങ്ങുന്നത്. നെഗറ്റീവാണെങ്കിലും പോസിറ്റീവാണെങ്കിലും ഇത്തരം കമന്റുകൾ സിനിമയ്ക്ക് പ്രമോഷനാണ്. പക്ഷെ പടം ഇറങ്ങുന്നതിന് മുമ്പേ സ്വന്തം ഭാഷയിൽ നിന്നുതന്നെ ഇത്രയേറെ വിമർശനങ്ങളും പരിഹാസങ്ങളും ലഭിക്കുന്നതിൽ വിഷമമുണ്ട്. സിനിമ ഇറങ്ങിയ ശേഷവും ഇങ്ങനെ തന്നെ ദ്രോഹിക്കാനാണ് ഉദ്ദേശമെങ്കിൽ അതിനെ ശക്തമായി നേരിടാനാണ് തീരുമാനം. ആരോഗ്യകരമായ വിമർശനങ്ങളെ സ്വീകരിക്കും, അല്ലാതെ ഉപദ്രവിക്കാൻ വേണ്ടിയുള്ള കമന്റുകൾ നേരിടുക തന്നെ ചെയ്യും. 

എന്തുകൊണ്ടാണ് അഡാർ ലൗവ് റിലീസ് ചെയ്യാൻ വൈകിയത്?

സിനിമയിലെ പാട്ട് ഇറങ്ങിയ സമയത്ത് പ്രിയയുടെ കഥാപാത്രത്തിന് അത്ര പ്രാധാന്യം ഇല്ലായിരന്നു. എന്നാൽ പാട്ടിന് കിട്ടിയ ഹൈപ്പ് കാരണം പ്രിയയുടെ കഥാപാത്രത്തിന് കുറച്ചുകൂടി പ്രാധാന്യം നൽകേണ്ടിവന്നു. സിനിമയുടെ കഥയൊക്കെ ഇതിനുവേണ്ടി മാറ്റേണ്ടി വന്നു. ഒപ്പം തെലുങ്കിലും തമിഴിലുമൊക്കെ ചിത്രം ഇറങ്ങുന്നുണ്ട്. അവർക്ക് കൂടി ഇഷ്ടപ്പെടുന്ന രീതിയിൽ കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തി. അങ്ങനെയാണ് സിനിമയുടെ റിലീസ് ഇത്രയേറെ വൈകിയത്. 

കണ്ണിറുക്കൽ നായികയായി മാത്രം പ്രിയയെ കാണുന്നതിനെക്കുറിച്ച്?

ഇത്തരം ആരോപണങ്ങൾക്കുള്ള മറുപടി സിനിമ ഇറങ്ങിയശേഷം ലഭിക്കും. സിനിമ കാണുമ്പോൾ മനസിലാകും അതിൽ കണ്ണിറുക്കൽ മാത്രമല്ലെന്ന്. നിങ്ങൾ വിചാരിക്കുന്നത് പോലെയൊരു ചിത്രമല്ല അഡാർ ലൗവ്.

MORE IN ENTERTAINMENT
SHOW MORE