‘പ്രഹസന’ത്തിന്റെ അര്‍ത്ഥമറിയുന്ന കുമ്പളങ്ങിയിലെ നാലാമൻ: ഫ്രാങ്കി; അഭിമുഖം

mathew-kumbalangi-nights
SHARE

സിനിമ കണ്ടിറങ്ങുമ്പോൾ കൂടെയിറങ്ങിപ്പോന്ന കുമ്പളങ്ങിക്കാരനാണ് ഫ്രാങ്കി. സിനിമയിൽ പുതുമുഖമാണെങ്കിലും ആ ആൺവീട്ടിലെ നാലാമനായി, അവരിലൊരാളായി തന്നെയാണ് ഫ്രാങ്കിയെയും പ്രേക്ഷകൻ സ്വീകരിച്ചത്. ‘പിള്ളേരു പറ‍ഞ്ഞാല്‍ ഒരു കാര്യം കേൾക്കുമോ’ എന്ന് ഫ്രാങ്കി ചോദിക്കുന്നതിനു മുൻപേ നമ്മളവനെ കേട്ടു, ആ നിസഹായതയും നിഷ്കളങ്കതയും മനസിലേറ്റി. പട്ടിയെയും പൂച്ചയെയും കൊണ്ടുവന്ന കളയുന്ന തുരുത്തിൽ അതിലൊന്നിനെ കയ്യിലെടുത്ത് സ്നേഹവും വാത്സല്യവും നിഷ്കളങ്കതയും സമം ചേർത്ത് അവൻ ചിരിച്ചപ്പോൾ അതു സിനിമയാണെന്ന് നമ്മൾ മറന്നു. നോവൊളിപ്പിച്ചുള്ള ആ ചിരി അകം പൊള്ളിച്ചു.  

വെച്ചുവിളമ്പിയും അതിഥികളെ സത്കരിച്ചും തുരുത്തിലെ ആ വീട്ടിലെ വീട്ടുകാരനായപ്പോൾ ആ നിസഹായത നമ്മൾ കണ്ടു, പിന്നെ വീട് വീടാകുമ്പോള്‍ ഉണ്ടായ സന്തോഷം കണ്ടു. ചേട്ടന്‍റെ പെൺസുഹൃത്ത് വീട്ടിലെത്തിയപ്പോള്‍ നിങ്ങൾ കല്യാണം കഴിക്കാൻ പോകുവാണോ എന്ന കൗതുകം കണ്ടു. 

ഫ്രാങ്കിയും താനും തമ്മിൽ ചില സാമ്യങ്ങളുണ്ടെന്നു പറയുന്നു കൊച്ചിക്കാരൻ മാത്യു. ഫ്രാങ്കിയെപ്പോലെ തന്നെ അൽപം അന്തർമുഖനും അധികം സംസാരിക്കാത്ത ആളും തന്നെയാണ് താൻ ജീവിതത്തിലുമെന്ന് കുമ്പളങ്ങിയിലെ പേരില്ലാത്ത വീട്ടിലെ നാലാമനായി അഭിനയിച്ച മാത്യു തോമസ് സമ്മതിക്കുന്നു. 'സ്കൂളില്‍ ചില നാടകങ്ങളിൽ അഭിനയിച്ചതല്ലാതെ ഈ മേഖലയിൽ വലിയ മുന്‍പരിചയങ്ങളില്ല. ഓഡിഷനിലൂടെയാണ് കുമ്പളങ്ങി നൈറ്റ്സിലെത്തിയത്. സ്കൂളിൽ വെച്ചായിരുന്നു ആദ്യ ഓഡിഷൻ. പിന്നീട് പള്ളുരുത്തിയിൽ വെച്ചു നടന്ന അടുത്ത ഓഡിഷനിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ കുമ്പളങ്ങി നൈറ്റ്സിലെത്തി'', മാത്യു മനോരമ ന്യൂസ്.കോമിനോടു പറ‍ഞ്ഞു. 

ആദ്യസിനിമയെന്ന സങ്കോചങ്ങളോ പേടിയോ ഇല്ലാതാക്കാൻ 6 മാസത്തോളം ലഭിച്ച ട്രെയിനിങ്ങ് സഹായിച്ചെന്ന് മാത്യു പറയുന്നു. വള്ളം തുഴയാനും വല വീശാനുമൊക്കെ പഠിച്ചത് അപ്പോഴാണ്. സെറ്റും രസകരമായിരുന്നു. ഇവർ  ശരിക്കും ഒരു വീട്ടുകാരാണോ എന്ന് സംശയം തോന്നിയെങ്കില്‍ സെറ്റിലെ കളിചിരി തമാശകളൊക്കെ അതിന് സഹായിച്ചുണ്ടെന്നു പറയുന്നു മാത്യു. 

സിനിമ തുടങ്ങുന്നതു തന്നെ മാത്യുവിലൂടെയാണ്. അത്രത്തോളം പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് ആദ്യം തന്നെ അറിയാമായിരുന്നു. എങ്കിലും വർക് ഷോപ്പും എപ്പോഴും പിന്തുണ നൽകുന്ന ടീമുമൊക്കെ പേടി മാറ്റി. 

പ്ലസ് വൺ വിദ്യാർത്ഥിയാണ് എറണാകുളം ജില്ലയിലം തിരുവാങ്കുളം സ്വദേശി മാത്യു. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് കുടുംബം. സിനിമയെക്കുറിച്ച് വലിയ സ്വപ്നങ്ങൾ ഇപ്പോൾ ഇല്ലെങ്കിലും പക്ഷേ നല്ല കഥാപാത്രങ്ങൾ ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം.

MORE IN ENTERTAINMENT
SHOW MORE