പേരന്‍പ് കരയിക്കുകയല്ല; ഉള്ളിലെ നന്‍മകളെ കാട്ടിത്തരും; ഭാവങ്ങളുടെ ടെക്സ്റ്റ്ബുക്ക്

peranbu-review-fb-image
SHARE

തിരശ്ശീലയിലെ ഒരു കാലാവസ്ഥയുടെ പേരാകുന്നു പേരന്‍പ്. എല്ലാ നോവുകള്‍ക്കുമപ്പുറം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴചേരലിന്റെ അത്യപൂര്‍വ ഭംഗിയെ ഉള്ളില്‍പ്പേറുന്ന കാലാവസ്ഥയുടെ പേര്. ഒറ്റയ്ക്കായിപ്പോയപ്പോള്‍ ജീവിതത്തിന്റെ വലിയ വലിയ വേദനാഭാരങ്ങളുമായി, പ്രകൃതിയുടെ മേലാപ്പിന് താഴെയെത്തി അതിജയിക്കാന്‍ പാടുപെട്ട രണ്ട് മനുഷ്യജന്‍മങ്ങളുടെ പേര്. പല കാലാവസ്ഥകളിലൂടെ അത് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. തീരെ കുറച്ച് മനുഷ്യരുടെ മനോഭാവങ്ങളിലൂടെ നമ്മള്‍ എന്ന വലിയ ആള്‍ക്കൂട്ടത്തിന് ഈ ജീവിതത്തില്‍ എത്രമേല്‍ വലിയ സാധ്യതകളും സൗഭാഗ്യങ്ങളും സ്വന്തമായുണ്ട് എന്ന് ഈ സിനിമ പറഞ്ഞുതരുന്നു. പൂര്‍ണാര്‍ത്ഥത്തില്‍ മനുഷ്യന്‍ ആകാനും എല്ലാവരെയും മനുഷ്യനായി കാണാനും പറയുന്ന ആ വലിയ രാഷ്ട്രീയം തന്നെയാണ് പേരന്‍പിന്റെ ആദ്യ തലക്കെട്ട്. അതുകഴിഞ്ഞേ ഈ സിനിമയെപ്പറ്റിയുള്ള വൈകാരിക പരിസരങ്ങളെല്ലാം കടന്നെത്തൂ.

മഞ്ഞ് വീണുകിടക്കുന്ന കുന്നിന്‍ ചെരിവ്. അവിടെ തടാകതീരത്ത് ഒറ്റപ്പെട്ട് കിടക്കുന്ന വീട്ടിലേക്ക് ഒരു ബോട്ടില്‍ അമുദവനും പാപ്പായും എത്തുകയാണ്. ആ യാത്ര ഒരു ഒളിച്ചോട്ടമാണ്. സ്നേഹനിരാസങ്ങളുടെ വലിയ ലോകത്തുനിന്ന് മനുഷ്യര്‍ ഇല്ലാത്ത പ്രകൃതിയിലേക്കുള്ള ഒളിച്ചോട്ടം. ‘മനുഷ്യര്‍ ഇല്ലാത്ത, കുരുവികള്‍ ചാകാത്ത ഇടം’ തേടിയ അമുദവന്‍ എത്തിപ്പെടുന്ന അവിടെയും പക്ഷേ ജീവിതം അയാള്‍ക്ക് തീവ്രദുഃഖങ്ങള്‍ക്കപ്പുറം മറ്റൊന്നും കരുതിവയ്ക്കാത്തിടത്ത് ‘പേരന്‍പ്’ എന്ന സിനിമ തീയറ്ററിലെ ഇരുട്ടില്‍ കാഴ്ചക്കാരനെ ഉലച്ചു തുടങ്ങുകയായി. 

ദുബായില്‍ പതിറ്റാണ്ടുകാലം ടാക്സി ഓടിച്ച് നാട്ടില്‍ തിരിച്ചെത്തിയ അമുദവനെ കാത്തിരുന്നത് മകളെ ഉപേക്ഷിച്ച് കടന്നുപോയ ഭാര്യയുടെ കത്താണ്. ഇത്രനാള്‍ ഞാന്‍ നോക്കിയില്ലേ, ഇനി നിങ്ങള്‍ നോക്കൂവെന്ന ആ പകപ്പില്‍ നിന്ന് അമുദവന്‍ തന്നെ അയാളുടെ ജീവിതം പറഞ്ഞു തുടങ്ങുകയാണ്. ‘എന്റെ ജീവിതത്തിലെ ചില ഏടുകള്‍ പറഞ്ഞാല്‍ നിങ്ങളൊക്കെ എത്ര അനുഗൃഹീതരാണ് എന്ന് ബോധ്യമാകും’ എന്ന മുഖവുരയോടെ. കഥയുടെ ഉള്ളിലേക്ക് ചെല്ലുന്തോറും ആ മഹാസത്യം പ്രേക്ഷകര്‍ തിരിച്ചറിയുകതന്നെ ചെയ്യുന്നു. അടിക്കടി എത്തുന്ന തിരിച്ചടികളില്‍ കരച്ചിലിലേക്ക് വീഴാതെ മകളുടെ മുന്നില്‍ ചിരി വരുത്തി നില്‍ക്കുന്ന അമുദവന്‍ മമ്മൂട്ടി ഇന്നോളം കയ്യാളിയ കഥാപാത്രങ്ങളില്‍ ഏറ്റവും കഠിനമെന്ന് റാം എഴുതിവച്ച സിനിമയിലെ ഓരോ ജീവിതസാഹചര്യങ്ങളും സാക്ഷ്യപ്പെടുത്തും. 

mammootty-peranbu-new

നിസ്സഹായതകളുടെ അച്ഛന്‍ഭാവങ്ങളില്‍ മമ്മൂട്ടി എന്ന അഭിനേതാവിനെ നിങ്ങള്‍ പലകുറി കണ്ടിട്ടുണ്ടാകും. എന്നാല്‍ റാം എന്ന സംവിധായകന്‍ വലിയ ഉത്തരവാദിത്തമാണ് അദ്ദേഹത്തെ ഏല്‍പ്പിക്കുന്നത്. ഈ സിനിമ മമ്മൂട്ടിയെ വര്‍ഷങ്ങള്‍ കാത്തുനിന്നുവെന്ന പറച്ചില്‍ വെറുംപറച്ചിലല്ലെന്ന് തെളിച്ചുപറയും ഈ ഉത്തരവാദിത്തഭാരം. ഇവിടെ കഥ പറയാനുള്ള ഉത്തരവാദിത്തം കൂടി സംവിധായകന്‍ നായകനടനെ ഏല്‍പ്പിക്കുകയാണ്. ദുഃഖങ്ങള്‍ വന്ന് തിരയടിക്കുമ്പോള്‍ അമരത്തിലെ അച്ചൂട്ടിക്ക് ചേര്‍ത്തുപിടിക്കാന്‍ തീരത്തെ മണല്‍ക്കൂനയുണ്ട്, മിണ്ടിപ്പറയാനും ചേര്‍ത്തുപിടിക്കാനും കരകാണാക്കടലും.  ഉള്ളില്‍പ്പേറുന്ന നോവുകളെയും ആധികളെയും വിനിമയം ചെയ്യാന്‍ അമുദവന് പക്ഷേ ആരുമില്ല. മകളുടെ മുന്നില്‍ കരയാന്‍ പോലുമാകാതെ വാതില്‍ മറവില്‍ ശബ്ദമില്ലാതെ പൊട്ടിപ്പോകുന്നു‍. അടുക്കാതെ, മുഖം തരാതെ മകള്‍ നില്‍ക്കുമ്പോള്‍ ‘അവള്‍ ചന്ദ്രനാകുമ്പോള്‍ ഞാന്‍ സൂര്യനും അവള്‍ സൂര്യനാകുമ്പോള്‍ ഞാന്‍ ചന്ദ്രനു’മാകുന്നുവെന്ന് നമ്മള്‍ കാഴ്ചക്കാരനോട് ഈ അച്ഛന്‍ പരിഭവപ്പെടുന്നു. തടാകത്തിന്റെ മറുകരയില്‍ പോയി മറഞ്ഞിരിക്കുമ്പോള്‍, താന്‍ അരികിലെങ്ങുമില്ലെന്ന് ഉറപ്പാക്കി വെളിയിലിറങ്ങുന്ന മകളെ നോക്കി അമുദവന്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുന്നു. മുറിയില്‍ അടച്ചുപൂട്ടിയിരിക്കുന്ന പാപ്പായെ കാണാന്‍ ഓടിളക്കി പാളിനോക്കുന്ന അമുദവന്‍. ആ നേരം കട്ടിലിനടിയിലേക്ക് നിരങ്ങി നീങ്ങുന്ന മകളുടെ കാഴ്ചയും മമ്മൂട്ടിയുടെ നിസ്സഹായതയും സിനിമയെ അത്രമേല്‍ ഭാവതീവ്രമാക്കുന്നു.

ശബ്ദം കൊണ്ട് പല ഭാവഘട്ടങ്ങളെയും വിജയകരകമായി താണ്ടുന്ന മമ്മൂട്ടിയനുഭവവും ഇവിടെ കൂട്ടിനില്ല. കഥ പറയാന്‍ സംവിധായകന്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം സംഭാഷണം പോലും കൂട്ടിനില്ലാതെ മറികടക്കുന്ന ആ മമ്മൂട്ടി തന്നെയാണ്് പേരന്‍പിലെ ഏറ്റവും മനോഹരമായ കാലാവസ്ഥ. ‘പെര്‍ഫോം’ ചെയ്താല്‍‌ മാത്രം പ്രേക്ഷകരിലേക്ക് വിനിമയം ചെയ്യപ്പെടുന്ന കഥ. കഥ പറച്ചിലിന്റെ സങ്കേതം തന്നെയായി നടന്‍ മാറുന്ന അത്യപൂര്‍വ്വ കാഴ്ച. മമ്മൂട്ടി അക്ഷരാര്‍ത്ഥത്തില്‍ പേരന്‍പില്‍ ‘വിയര്‍ത്ത്’ പണിയെടുക്കുകയാണ്. തന്റെ ശരീരത്തെയും ഭാവങ്ങളെയും മുഖത്തെ പേശികളെയും വരെ സന്നിവേശിപ്പിച്ച് അമുദവന്റെ നിസ്സഹായതകളെയും വേദനകളെയും മമ്മൂട്ടി എന്ന അഭിനേതാവ് ഉള്ളിലേറുന്നു. വഴങ്ങാതെ നില്‍ക്കുന്ന മകളുടെ മുന്നില്‍ ആ ഇഷ്ടവും നോട്ടവും കിട്ടാനായി അമുദവന്‍ പാടുപെടുന്ന ആറുമിനിറ്റ് നീളമുള്ള രംഗം സൂക്ഷ്മാഭിനയത്തിന്റെ ഉയരങ്ങളെ കാട്ടിത്തരുന്നു. പാട്ടുപാടിയും നൃത്തമാടിയും നായക്കുട്ടിയായി കുരച്ചുചാടിയും വൃഥാവിലാകുന്ന ഭാവരംഗം വരുംകാല ഇന്ത്യന്‍ സിനിമയ്ക്ക് അഭിനയത്തിന്റെ ടെക്സ്റ്റ് ആകുമെന്നുറപ്പ്. എല്ലാ ശ്രമങ്ങളും വെറുതെയാകുന്നിടത്ത് കാതിന്റെ നെഞ്ചില്‍ തൊടുന്ന ശബ്ദത്തില്‍ മമ്മൂട്ടി പ്രസരിപ്പിക്കുന്ന ഭാവത്തിന് ആ നടന്റെ കരിയറിലടക്കം പകരമൊന്നില്ല. അഭിനയത്തിന്റെ അനായാസത വിട്ട് ‘ആയാസകരമായ’ അനുഭവമായി ഇതടക്കം അമുദവന്റെ ഭാവങ്ങളെ ഉള്ളില്‍ ബാക്കിയാക്കുന്നത് തന്നെ റാം ഈ നടനായി കാത്തിരുന്ന വര്‍ഷങ്ങളുടെ മധുരം. 

പ്രകൃതിയുടെ മടിത്തട്ടില്‍ മകളുമായി അഭയം തേടിയ അമുദവനെ പിന്നെയും ചതിക്കുന്നത് മനുഷ്യര്‍ തന്നെയാണ്. വിജിയുടെയും നാട്ടുപ്രമാണിയുടെയും രൂപത്തില്‍ വലിയ ചതികളില്‍ ഭൂമിയുടെ ഏറ്റവും മനോഹരമായ ആ കഷ്ണത്തില്‍ നിന്നും അയാളെ പുറത്താക്കുന്നതോടെ റാം സിനിമയെ പുതിയ ആലോചനകളിലേക്കും രാഷ്ട്രീയത്തിലേക്കും പറിച്ചുനടുന്നു. ചെന്നൈ നഗരനടുവിലെ ഒറ്റമുറിയിലേക്ക് മാറുന്ന പാപ്പാ ജീവിതത്തിന്റെയും ആരോഗ്യമാറ്റങ്ങളുടെയും ഏറ്റവും തീക്ഷ്ണമായ കാലാവസ്ഥകളിലേക്ക് കടക്കുന്നു. പ്രതിസന്ധികള്‍ ഒന്നൊന്നായി എത്തുമ്പോഴും ഉറപ്പോടെ നില്‍ക്കുന്ന അച്ഛനാകുന്നു അമുദവന്‍. ഒന്നും രണ്ടും മൂന്നും വരെ എണ്ണിയെത്തുന്ന പാപ്പായോട് അതു കഴിഞ്ഞ് നാല് എന്ന് ആവര്‍ത്തിച്ചു പറഞ്ഞുനോക്കുന്ന അമുദവനില്‍ റാം ഒരുപാട് പാഠങ്ങളെ ഒളിപ്പിക്കുന്നു. പാപ്പാക്ക് പ്രിയപ്പെട്ടതാകുന്ന നക്ഷത്രങ്ങളും ആകാശവും കുരുവിയും പിന്നെ മകള്‍ക്കായി അമുദവന്‍ കൊണ്ടുവരുന്ന വെള്ളക്കുതിരയുമൊക്കെ സിനിമയുടെ പ്രമേയത്തെ കാഴ്ചക്കാരനിലേക്ക് കടത്തിവിടുന്ന ഉപകരണങ്ങളാകുന്നു. അമുദവന്റെ പാത്രസൃഷ്ടിയില്‍ തന്നെ റാമിന്റെ അമ്പരപ്പിക്കുന്ന സൂക്ഷ്മത വ്യക്തം. കടുത്ത ചതികളാല്‍ തോല്‍പിക്കപ്പെടുമ്പോഴും അയാള്‍ അവരോട് ആര്‍ദ്രമായി ചിരിക്കുകയാണ്. സ്വന്തം വേദനകളും ഒറ്റപ്പെടലും പരകോടിയിലെത്തുമ്പോഴും മറ്റുള്ളവരുടേതിനെ കാണാനും മനസ്സിലേറ്റാനും മാത്രം ഊ മനുഷ്യന് കഴിയുന്നു. 

വേദനകളുടെ ഓരോ അധ്യായങ്ങളും പിന്നിട്ട് പേരന്‍പെന്ന ഒടുവിലത്തെ അധ്യായത്തിലെത്തുമ്പോള്‍ സിനിമ പറയുന്ന രാഷ്ട്രീയം കണ്ണീരനുഭവത്തിനുമപ്പുറം മനുഷ്യന്‍ എന്ന വിവേചനങ്ങളില്ലാത്ത സത്യത്തെ ഉയര്‍ത്തിക്കാട്ടുന്നു. ഇന്നും സമൂഹം വേണ്ടാത്തവരായി മാത്രം കണ്ട് അപഹസിക്കുന്ന കൂട്ടത്തെ പേരന്‍പായി അഥവാ ഏറ്റവും വലിയ സ്നേഹമായി അവരോധിക്കുന്നു റാം ഈ സിനിമയിലൂടെ. ആര്‍ത്തവം അയിത്തവും മലിനവുമെന്ന് കൊട്ടിഘോഷിക്കുന്ന കാലത്ത് സിനിമ വ്യക്തമായ നിലപാടുകള്‍ പറയുന്നു. കോവിലില്‍ പണിയെടുക്കുന്ന ആളുടെ മനസ്സിനെ വാഴ്ത്തുന്ന അമുദവന് കോവിലുകള്‍ എന്താ ഈ ഭൂമിയിലല്ലേയെന്ന മറുചോദ്യം കിട്ടുന്ന സിനിമ, മനുഷ്യനെന്ന മഹാസത്യത്തിലേക്ക് പലകുറി വിരല്‍ചൂണ്ടുന്നു. 

മഹത്തായ മനുഷ്യസ്നേഹത്തിന്റെ കഥ പറയുന്ന സിനിമയില്‍ പാപ്പാ എന്ന കുട്ടിയായി സാധന അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു. ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്ന കഥാപാത്രത്തിനായി ഈ പെണ്‍കുട്ടി ചെയ്തത് ശ്രമകരമായ സമര്‍പ്പണമാണ്. ചലനങ്ങളിലും ഭാവങ്ങളിലും പരിപാലിച്ച ശ്രദ്ധ അപാരമാണ്. ഒപ്പം അഞ്ജലിയും ട്രാൻസ് നായികയായി എത്തുന്ന അഞ്ജലി അമീറുമെല്ലാം സിനിമയുടെ സ്വാഭാവികമായ ഒഴുക്കിനൊപ്പം ചേരുന്നു. എല്ലാത്തിനുമപ്പുറം പ്രകൃതിയുടെ ഭാവപരിണാമങ്ങളെ ദൃശ്യഭാഷയാക്കിയ തേനി ഈശ്വറിന്റെ ക്യാമറ, റാമിന് വലിയ പിന്തുണയാകുന്നു. ഇളയരാജയുടെ എണ്‍പതുകളിലെ പല ഈണങ്ങളെയും ഓര്‍മിപ്പിക്കുന്നുവെങ്കിലും അമുദവന്റെ ജീവിതഗാഥയോട് ചേര്‍ന്ന് തന്നെ നില്‍ക്കുന്നു യുവന്‍ ശങ്കര്‍ രാജയുടെ ഈണങ്ങള്‍.

പേരന്‍പ് നിങ്ങളെ കരയിക്കുകയല്ല. ഉള്ളിലെ നന്‍മകളെ നിങ്ങള്‍ക്ക് തന്നെ കാട്ടിത്തരികയാണ്. നിങ്ങളുടെ ഉള്ളിലെ ആര്‍ദ്രതകളെ അത് പുറത്തേക്ക് തികട്ടിയെടുക്കുന്നു. നിങ്ങളും ഒരു നല്ല മനുഷ്യനാണ് എന്ന് പിന്നെയും പിന്നെയും ഈ സിനിമ നിങ്ങളോട് പറയും. തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ അമുദവനും പാപ്പായും ഉള്ളില്‍ ബാക്കിയാകും. കരച്ചിലിന്റെയോ തകര്‍ച്ചയുടെയോ ആളടയാളങ്ങളായല്ല, മറിച്ച് പ്രതീക്ഷയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകങ്ങളായി മനസ്സുകളെ ആര്‍ദ്രമാക്കുകയാണ് സിനിമയുടെ പരമമായ ലക്ഷ്യമെന്ന് ആവര്‍ത്തിച്ചു പറയുന്ന സിനിമാനുഭവം സുഖമുള്ള നോവായും അസ്വസ്ഥതയായും ഉള്ളില്‍ ബാക്കിയാകുന്ന ജീവിതത്തിന്റെയും മനുഷ്യാവസ്ഥകളുടെയും ഈ പാഠപുസ്തകത്തിന് ഇന്ത്യന്‍ സിനിമ റാം എന്ന സംവിധായകനോട് കടപ്പെട്ടിരിക്കും. ഒപ്പം ഈ ചലച്ചിത്രാനുഭവത്തിന് ഹൃദയഹാരിയായ ഭാവങ്ങള്‍ പകര്‍ന്ന മമ്മൂട്ടി എന്ന മഹാനടനോടും. 

MORE IN ENTERTAINMENT
SHOW MORE