1000 കോടിയുടെ ‘മഹാഭാരതം’ അവസാന ഘട്ടത്തിലെന്ന് ജോമോന്‍; അമ്പരപ്പ്

jomon-puthenpurackal-shrikumar-menon
SHARE

ആയിരം കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മഹാഭാരതം സിനിമയുടെ ഫൈനല്‍ ചര്‍ച്ച നടത്തിയെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, നിര്‍മ്മാതാവ് ഡോ. എസ്.കെ നാരായണന് എന്നിവരുമായി ചര്‍ച്ച നടത്തിയെന്നും ചിത്രം സഹിതം ജോമോൻ പുത്തന്‍പുരയ്ക്കല്‍ അവകാശപ്പെടുന്നു. എം.ടി.വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസായ ‘രണ്ടാമൂഴ’ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമക്കുരുക്കില്‍ അകപ്പെട്ടതിന് പിന്നാലെയാണ് സിനിമാലോകത്തെ അടക്കം അമ്പരപ്പിച്ച് പുതിയ വെളിപ്പെടുത്തല്‍. എന്നാൽ ഔദ്യോഗികമായി സംവിധായകനോ നിർമാതാവോ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.  ചിത്രത്തിന്റെ നിർമാതാവ് ബിആർ ഷെട്ടി പിൻമാറിയെന്ന റിപ്പോർട്ടുകളും അന്തരീക്ഷത്തിലുണ്ട്.  

രണ്ടാമൂഴം സിനിമയുമായി മുന്നോട്ടുപോകുമെന്നും എംടിയുമായുളള പ്രശ്നങ്ങൾ അവസാനിച്ചുവെന്നും സംവിധായകൻ ശ്രീകുമാർ മേനോൻ അഭിപ്രായപ്പെട്ടിരുന്നു. രണ്ടാമൂഴം സിനിമയാക്കുന്നത് വിലക്കിയുളള കോഴിക്കോട് മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതിനു ശേഷം എംടിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും 2020 ൽ ചിത്രം റിലീസ് ചെയ്യുമെന്നും ശ്രീകുമാർ മേനോൻ പലകുറി അവകാശപ്പെടുകയും ചെയ്തിരുന്നു.  

വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ‌് താൻ തിരക്കഥ ഒരുക്കിയതെന്നും എന്നാൽ താൻ കാണിച്ച ആവേശവും ആത്മാർഥതയും അണിയറ പ്രവർത്തകരിൽനിന്നും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് രണ്ടാമൂഴത്തിൽ നിന്ന് പിൻമാറാൻ എംടി വാസുദേവൻ നായർ തീരുമാനിച്ചത്. നാലുവർഷം മുമ്പാണ‌് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത‌്. തുടർന്ന‌് മലയാളം, ഇംഗ്ലീഷ‌് തിരക്കഥകൾ നൽകി.  മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ  കരാർ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

MORE IN ENTERTAINMENT
SHOW MORE