അമരം വന്ന അതേ ദിവസം പേരന്‍പും; ഒരേ നോവിന്റെ കഥ; ഒരു ഇഷ്ടത്തിന്റെയും

amaram-perambu
SHARE

മമ്മൂട്ടി നായകനായി എത്തുന്ന തമിഴ് ചിത്രം പേരൻപ് കാണാൻ ഏറെ നാളായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഫെബ്രുവരി ഒന്നാം തീയതി പേരൻപ് തിയറ്ററുകളിലെത്തും. റാം സംവിധാനം ചെയ്ത ചിത്രം ചിത്രീകരണം തുടങ്ങി മൂന്ന് വര്‍ഷത്തിന് ശേഷമാണ് റിലീസ് ചെയ്യുന്നത്. 2016 ജനുവരിയില്‍ കൊടൈക്കനാലില്‍ ഒരു കൊടുംതണുപ്പുകാലത്താണ് ഈ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. പക്ഷേ അതിനും എത്രയോ മുന്‍പ് സംവിധായകന്റെ മനസ്സില്‍ ഈ സിനിമ പിറന്നിരുന്നു. നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയെ തന്നെ വേണമെന്ന കാത്തിരിപ്പിലായിരുന്നു ഏറെ വര്‍ഷം റാം. 

ലോഹിതദാസ്–ഭരതൻ–മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന അമരം റിലീസ് ചെയ്തത് 28 വർഷം മുമ്പുള്ള ഫെബ്രുവരി ഒന്നിനാണ്. തന്റെ കോയമ്പത്തൂര്‍ ജീവിതകാലത്ത് അമരം കണ്ടാണ് റാം മമ്മൂട്ടിയുടെ ആരാധകനായി മാറുന്നത്. അമുദവനാകാൻ മമ്മൂട്ടി സമ്മതിച്ചില്ലെങ്കിൽ ചിത്രം വേണ്ടെന്ന്‌വെയ്ക്കുമായിരുന്നുവെന്നാണ് റാം പറഞ്ഞത്.

അമരത്തിലെ അച്ചൂട്ടി മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. കടലിന്റെ പശ്ചാതലത്തിൽ അച്ഛൻ–മകൾ സ്നേഹം പറയുന്ന ചിത്രം മമ്മൂട്ടിയെ ആ വർഷത്തെ മികച്ച നടനുള്ള അവാർഡിന് അർഹനാക്കി. പേരൻപ് പറയുന്നതും അച്ഛൻ മകൾ ബന്ധത്തിന്റെ തീവ്രതയാണ്. അമുദവന്‍ എന്ന ടാക്‌സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതസമരമാണ് പേരന്‍പ്. അച്ചൂട്ടിയിലൂടെ നേടിയ അവാർഡ് ചരിത്രം പേരൻപിലൂടെ ആവർത്തിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ. 

അമരത്തോടുള്ള അളവറ്റ സ്നേഹമാണ് പേരൻപ് ഫെബ്രുവരി ഒന്നിന് തന്നെ റിലീസ് ചെയ്യാമെന്നുള്ള തീരുമാനത്തിൽ എത്തിച്ചത്. 

MORE IN ENTERTAINMENT
SHOW MORE