മൂന്നാറിന്റെ കുളിരിലേക്ക് ചലച്ചിത്രോല്‍സവത്തിന്റെ ആവേശം; മഴയുടെ വെള്ളിത്തിര

rain-film-fest
SHARE

ബേർഡ്സ് ക്ലബ് ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന പ്രഥമ  റെയിൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്  മൂന്നാര്‍ വേദിയാകും, സംവിധായകന്‍ ജയരാജിന്റെ നേതൃത്വത്തിലാണ് ചലച്ചിത്ര മേള.പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന രാജ്യത്തെ ആദ്യ ഫിലിം ഫെസ്റ്റിവലാണിതെന്ന്  സംഘാടകര്‍ പറയുന്നു. 

മൂന്നാറിന്റെ കുളിരിലേയ്ക്ക് ചലച്ചിത്രോല്‍സവത്തിന്റെ ആവേശവുമായി റെയിൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവല്‍. ഈ  മാസം 25 മുതല്‍ 27 വരെ മൂന്നാര്‍  സിൽവർ ടിപ്സ് ഹോട്ടലിലാണ്  ചലച്ചിത്രമേള നടക്കുന്നത്. രണ്ടു തീയറ്ററുകളിലാണ് സിനിമകൾ പ്രദർശിപ്പിക്കുക. അമേരിക്കൻ സംവിധായകൻ റയാൻ പാട്രിക് കില്ലേക്കിയുടെ 'യാസുനി മാൻ' എന്ന ഡോക്കുമെന്ററിയാണ് ഉദ്ഘാടന ചിത്രം. ആമസോൺ മഴക്കാടുകളിൽ സാഹസികമായി ചിത്രീകരിച്ച ഡോക്കുമെന്ററിയുടെ ഏഷ്യയിലെ ആദ്യത്തെ പ്രദർശനമാണിത്. 

റയാൻ പാട്രിക് കില്ലേക്കി, ജാപ്പനീസ് സംവിധായകൻ യിമാസു ഹിദേകൂനി തുടങ്ങിയവർ മേളയിൽ പങ്കെടുക്കും. ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, ഫീച്ചർ ഫിലിം വിഭാഗങ്ങളിലായി വിദേശ സിനിമകൾ ഉൾപ്പെടെ ഇരുപത് ചിത്രങ്ങൾ പ്രദർശിപ്പിക്കും. കുട്ടികളുടെ വിഭാഗത്തിൽ അൻപതിലധികം ചിത്രങ്ങളാണുള്ളത്. 

കേന്ദ്ര–സംസ്ഥാന വിനോദ സഞ്ചാര വകുപ്പുകളുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള. കന്നഡ സംവിധായകൻ ഗിരീഷ് കാസറവള്ളി, ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെ എന്നിവരുടെ നേതൃത്വത്തിലാണ് ജൂറി. ആര്‍ക്കും സൗജന്യമായി രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കെടുക്കാം. 

MORE IN ENTERTAINMENT
SHOW MORE