ആദ്യം ചിരിപ്പിച്ചു; പിന്നെ പേടിപ്പിച്ചു; ഇപ്പോള്‍ പ്രണയിച്ചു: ഷറഫുദ്ദീന്റെ യാത്ര: അഭിമുഖം

sharafudhin
SHARE

പ്രേമത്തിൽ കോമഡി പറഞ്ഞാണ് നടൻ ഷറഫുദ്ദീൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്. വരത്തനിലെ വില്ലൻ വേഷത്തിലൂടെ കോമഡി മാത്രമല്ല വില്ലത്തരവും വഴങ്ങുമെന്ന് ഷറഫുദ്ദീൻ തെളിയിച്ചു. വില്ലന് ശേഷം നായകനിലേക്കാണ് ഷറഫുദ്ദീൻ നടന്നുകയറിയത്. എ.കെ.സാജൻ സംവിധാനം ചെയ്ത് ഷറഫുദ്ദീൻ നായകനായ നീയും ഞാനും എന്ന സിനിമ തീയറ്ററില്‍ തുടരുകയാണ്. സിനിമയെക്കുറിച്ചും ആദ്യ നായകവേഷത്തെക്കുറിച്ചും ഷറഫുദ്ദീൻ മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

ആദ്യത്തെ നായകവേഷം നൽകുന്ന സന്തോഷത്തെക്കുറിച്ച്?

നായകനാകാൻ വേണ്ടി പോയി നായകനായ ആളല്ല ഞാൻ. അവിചാരിതമായി ലഭിച്ച ഒന്നാണ് നീയും ഞാനും എന്ന ചിത്രത്തിലെ വേഷം. സാജൻ ചേട്ടന്റെ അടുത്ത് കഥ കേൾക്കാൻ പോയ സമയത്ത് ഞാനായിരുന്നില്ല ചിത്രത്തിലെ നായകൻ. നായകനെ തീരുമാനിച്ചിരുന്നില്ല. എനിക്ക് ഒരു പ്രധാനവേഷമുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. പിന്നീടാണ് നായകന്റെ റോളിലേക്ക് ഞാൻ തന്നെ മതിയെന്ന് സാജൻ ചേട്ടൻ പറയുന്നത്. എന്റെ എല്ലാ കഥാപാത്രങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. മറ്റു കഥാപാത്രങ്ങള്‍ ചെയ്ത അതേ ആത്മാർഥതയോടെ തന്നെയാണ് ഇതും ചെയ്തത്. എങ്കിലും കരിയറിനെ സംബന്ധിച്ച് ഒരു വഴിത്തിരിവാണ് ഈ ചിത്രം.

neeyum-njanum

സാജന്റെ സിനിമകൾ പൊതുവെ ത്രില്ലർ സ്വഭാവമുള്ളതാണ്. ഈ ചിത്രത്തെയും ആ ഗണത്തിൽപ്പെടുത്താമോ?

നീയും ഞാനും എന്ന ചിത്രം ഒരു പക്ക സാജൻ ത്രില്ലർ ചിത്രമല്ല. പ്രണയത്തോടൊപ്പം സാമൂഹികപ്രസക്തിയുള്ള വിഷയം കൂടി കൈകാര്യം ചെയ്യുന്ന ഒന്നാണിത്. ഷൂട്ടിങ്ങ് സമയങ്ങളിൽ ഞാൻ അദ്ദേഹത്തോട് തമാശയായി പറയാറുണ്ട്, സാജൻ ചേട്ടന്റെ ഉള്ളിൽ പ്രേമം നശിച്ചിട്ടില്ല. ഇനി നിങ്ങൾ ത്രില്ലർ എടുക്കില്ല, പ്രണയസിനിമകളായിരിക്കും എടുക്കുകയെന്ന്. ലളിതമായൊരു വിഷയമാണ് മനോഹരമായി അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്.

സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്?

യാക്കൂബെന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. പൊലീസുകാരനാണ്. എന്നാൽ ചിലസാഹചര്യങ്ങൾ മൂലം ജോലി നഷ്ടമായി. യാക്കൂബ് ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.

അനുസിത്താരയും സിജുവിൽസണും ഈ ചിത്രത്തിലും ഒപ്പമുണ്ടല്ലോ? നിങ്ങളുടെ കൂട്ടുകെട്ടിനെക്കുറിച്ച്?

സിജുവും ഞാനും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഹാപ്പിവെഡ്ഡിങ്ങിന് ശേഷം ഞങ്ങൾ ഒരുമിച്ച് വരുന്ന ചിത്രം കൂടിയാണിത്. എനിക്ക് ഒരുമിച്ച് അഭിനയിക്കാൻ ഏറെ കംഫർട്ടബിൾ ആയിട്ടുള്ള അഭിനേതാവ് കൂടിയാണ് സിജു. അതിന്റെ ഒരു സന്തോഷവും ഈ സിനിമയിലുണ്ട്. 

അനുസിത്താരയോട് ഹാപ്പി വെഡ്ഡിങ്ങിന്റെ സമയത്ത് സംസാരിച്ചിട്ടുണ്ടെന്നുള്ളതല്ലാതെ അത്ര പരിചയം ഇല്ലായിരുന്നു. ആ സിനിമയ്ക്ക് ശേഷം അനുവിനെ അങ്ങനെ കണ്ടിട്ടേയില്ല. ഇടയ്ക്കൊരു ഗൾഫ് ഷോയിൽ ഒപ്പമുണ്ടായിരുന്നു. പിന്നെ ജോണി ജോണി എസ് പപ്പായിലും ഒരുമിച്ചുണ്ടായിരുന്നു. അതല്ലാതെ അത്ര അടുപ്പമില്ലായിരുന്നു. പക്ഷെ ഈ സിനിമയുടെ സെറ്റിൽവെച്ച് ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി.

happy-wedding-team

വരത്തനിലെ വില്ലൻ വേഷം നായകവേഷം സ്വീകരിക്കാനുള്ള ആത്മവിശ്വാസം തന്നോ?

തീർച്ചയായും. വരത്തൻ എന്നെ സംബന്ധിച്ച് ഒരിക്കലും മറക്കാനാകാത്ത സിനിമയാണ്. എനിക്ക് കോമഡി മാത്രമല്ല വില്ലത്തരവും ഇണങ്ങുമെന്ന് ജനങ്ങൾ അംഗീകരിച്ച ചിത്രം കൂടിയാണത്. എല്ലാ അഭിനേതാക്കളും കരിയറിൽ വ്യത്യസ്ത റോളുകൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. കോമഡിയാണ് ചെയ്തിരുന്നതെങ്കിലും അതിലും വ്യത്യസ്ത വേഷങ്ങൾ സ്വീകരിക്കാൻ ശ്രദ്ധിക്കാറുണ്ട്. അതിൽ നിന്നൊക്കെ വിഭിന്നമായിരുന്നു ജോസി എന്ന കഥാപാത്രം. സിനിമ കണ്ടിട്ട് ഒരുപാട് പേര് ഇതുപോലെയുള്ള ആളുകളെ ഞങ്ങൾക്ക് അറിയാം എന്നൊക്കെ പറഞ്ഞു. ഒരു അഭിനേതാവിനെ സംബന്ധിച്ച് കിട്ടാവുന്ന വലിയ അംഗീകരാമണത്.

varathan-trailer

മാറുന്ന കാലത്തെ സിനിമയെക്കുറിച്ച്?

ഞാൻ ഇപ്പോൾ സിനിമയിൽ വന്നിട്ട് ആറുവർഷമാകുന്നു. നേരം സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സമയത്ത് ഉള്ളതിനേക്കാൾ വലിയ മാറ്റങ്ങളാണ് സിനിമയ്ക്കുള്ളത്. സ്റ്റാർവാല്യൂ നോക്കി സിനിമയ്ക്ക് കയറുന്നതിന് മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു പ്രേമം. ആ ഒരു രീതി പിന്നീടും തുടർന്നത് എന്നെപ്പോലെയുള്ള തുടക്കക്കാർക്ക് നല്ലതാണ്. ഹാപ്പി വെഡ്ഡിങ്ങ്, ജോസഫ് പോലെയുള്ള ചിത്രങ്ങളുടെ വിജയം നല്ല മാറ്റത്തിന്റെ സൂചനകളാണ്. താരമല്ല കാര്യം, കഥ നല്ലതാണെങ്കിൽ ജനങ്ങൾ സിനിമ കാണുമെന്ന രീതിയിലേക്കുള്ള മാറ്റം മലയാളസിനിമയെ സംബന്ധിച്ചും പുത്തൻ ഉണർവ്വാണ് നൽകിയത്. 

MORE IN ENTERTAINMENT
SHOW MORE