‘ഭാവങ്ങളുടെ പാതിയും സംഭാഷണം; നിങ്ങള്‍ ഇതിഹാസം’: യാത്ര ഡബിങ് വിഡിയോ പുറത്ത്

yatra-dubbing
SHARE

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം 'യാത്ര'യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളുമെല്ലാം ഇതിനോടകം ആരാധകർ സ്വീകരിച്ചുകഴിഞ്ഞു. ഇപ്പോൾ വൈറലാകുന്നത് അദ്ദേഹത്തിന്റെ തെലുങ്ക് ഡബ്ബിങ്ങ് മെയ്ക്കിങ്ങ് വിഡിയോയാണ്. 

ഭാഷ ഏതായാലും മമ്മൂട്ടിയുടെ ഡബ്ബിങ്ങും ശബ്ദ ഗാംഭീര്യവും എപ്പോഴും കയ്യടി നേടാറുണ്ട്. യാത്രയിലെ ഡബ്ബിങ്ങിന്റെ കാര്യവും വ്യത്യസ്തമല്ല. തെലുങ്കിൽ പരിജ്ഞാനമുള്ളവരെപ്പോലും അമ്പരപ്പിക്കുന്നതാണ് മമ്മൂട്ടിയുടെ ഡബ്ബിങ്ങ്. മമ്മൂട്ടിയെന്നാല്‍ ശബ്ദങ്ങളുടെ യാത്രയെന്ന മുഖവുരയോടെയാണ് സംവിധായകന്‍ ഈ ചെറുവിഡിയോ പുറത്തുവിട്ടത്. 

‘മണിക്കൂറുകളും ദിവസങ്ങളും നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ഈ പൂര്‍ണത പിറക്കുന്നത്. പറഞ്ഞതുപോലെ അഭിനയ പ്രകടനത്തിന്റെ പാതിയും സംഭാഷണം എങ്ങനെ പറയുന്നു എന്നതുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇപ്പോള്‍ ഞാന്‍ പൂര്‍ണമായും തിരിച്ചറിയുന്നു. നിങ്ങള്‍ ഒരു ഇതിഹാസം തന്നെ. ചെയ്യുന്ന കലയിലെ മാസ്റ്ററും. നന്ദി മമ്മൂട്ടി ഗരു...’ സംവിധായകന്‍ കുറിച്ചു. നേരത്തെ നടൻ പൃഥ്വിരാജും മമ്മൂട്ടിയുടെ യാത്രയിലെ ഡബിങിനെ വാഴ്ത്തി രംഗത്തെത്തിയിരുന്നു. 

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. തെന്നിന്ത്യൻ സിനിമാലോകം മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ജീവചരിത്രസിനിമയുടെ സംവിധായകൻ  മഹി വി.രാഘവാണ്. ചിത്രം ഫെബ്രുവരി എട്ടിന് തീയറ്ററില്‍ എത്തും. 

ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്‌നം എന്നിവരും ‘യാത്ര’യില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. 26 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും ‘യാത്ര’യ്ക്കുണ്ട്. 1992ല്‍ കെ.വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്വാതി കിരണ’ത്തിന് ശേഷം 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്കില്‍ എത്തുന്നത്.

MORE IN ENTERTAINMENT
SHOW MORE