ആ നിമിഷം അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിച്ചു; 'പേട്ട' നല്‍കിയ ഭാഗ്യം: മണികണ്ഠൻ

manikantan-rajani-16
SHARE

'റൊമ്പ നാച്ചുറലായി പൺട്രാങ്ക നീങ്ക, കേരള സ്റ്റേറ്റ് അവാർഡ്നാ സൂപ്പർ'; ചെറുപ്പം മുതൽ ആരാധിച്ച രജനീകാന്തിന്റെ ഈ വാക്കുകൾ നൽകിയ സന്തോഷവും എക്സൈറ്റ്മെന്റും മണികണ്ഠൻ മനോരമ ന്യൂസ് ഡോട്ട് കോമുമായി പങ്കുവെക്കുകയാണ്. പേട്ട കൊണ്ടുവന്ന മാറ്റങ്ങൾ, വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ദിഖി തുടങ്ങി അഭിനയകുലപതികൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം. മണികണ്ഠൻ ഒന്നും മറച്ചുവെച്ചില്ല. 

രജനിസാറിനെ കണ്ട് തരിച്ചുനിന്ന നിമിഷം

രജനി സാറിനെ ആദ്യമായി കണ്ടപ്പോൾ സത്യത്തിൽ തരിച്ചുനിന്നുപോയി. സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത നിമിഷം. എല്ലാവരെയും പരിചയപ്പെടുത്തുന്ന കൂട്ടത്തിലാണ് സംവിധായകൻ എന്നെയും രജനി സാറിന് പരിചയപ്പെടുത്തുന്നത്. എങ്കിലും ഒറ്റയ്ക്ക് അദ്ദേഹത്തെ പരിചയപ്പെടണം, സംസാരിക്കണം എന്നൊക്കെ ഉണ്ടായിരുന്നു. അത്തരമൊരു അവസരത്തിനായി കാത്തിരുന്നു. ഞാനും അദ്ദേഹവും മാത്രമുള്ള ഒരു ഷോട്ടിൽ ആ സ്വപ്നവും യാഥാർഥ്യമായി. 

മലയാളിയാണെന്നും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ടെന്നുമെല്ലാം പറഞ്ഞു. സ്റ്റേറ്റ് അവാർഡ‍് വാങ്ങിയ ഒരു നടനൊപ്പമാണോ ഞാൻ അഭിനയിക്കുന്നത് എന്നായി സർ. നീങ്ക അതുക്കെല്ലാം മേലെ സർ എന്ന് ഞാൻ പറഞ്ഞു. 'ഹെയ്, അപ്പടി അല്ലെ, കേരള സ്റ്റേറ്റ് അവാർഡ്നാ സൂപ്പർ താൻ' എന്നദ്ദേഹം പറഞ്ഞു. 

അദ്ദേഹത്തിന്റെ 'ബാബാ' ആത്മീയമായി ഏറെ സ്വാധീനിച്ച സിനിമയാണ്. എന്നെങ്കിലും നേരിട്ട് കാണുമ്പോൾ അതിന് നന്ദി പറയണമെന്ന് കരുതിയിരുന്നു. അത് അദ്ദേഹത്തോട് പറഞ്ഞപ്പോൾ, കുഞ്ഞുങ്ങളോട് ചെയ്യുംപോലെ എന്റെ തലയിൽ കൈ വെച്ച് അദ്ദേഹം അനുഗ്രഹിച്ചു. ഒരിക്കലും മറക്കാനാകാത്ത നിമിഷമാണത്. 

ഞാനും രജനിസാറും വിജയ് സേതുപതി സാറും ഒരുമിച്ചുള്ള ഒരു ഷോട്ടിൽ ഒരു ഡയലോഗുണ്ടായിരുന്നു. ആ രംഗം മോണിറ്ററിൽ കണ്ടിട്ട് അദ്ദേഹം പറഞ്ഞു, 'റൊമ്പ നാച്ചുറലായി പൺട്രാങ്ക നീങ്ക, സൂപ്പറാ ഇറുക്ക്'. ഒപ്പമുണ്ടായിരുന്ന അരുവി മദന്‍ എന്ന നടനെയും അഭിനന്ദിച്ചു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന മനുഷ്യൻ. പിന്നീട് സെറ്റിൽ വരുമ്പോള്‍ അടുത്തറിയാവുന്ന ഒരാളെപ്പോലെ എന്നോട് സംസാരിക്കും. ചെറിയ കണ്ടുമുട്ടലും സംസാരവും ഒക്കെയാണെങ്കിലും ആഴത്തിലൊരു ബന്ധം രജനി സാറുമായി ഉണ്ടായി എന്നാണ് തോന്നുന്നത്.  

രജനീകാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നീ നാല് ചുവരുകൾക്കുള്ളിൽ നിന്നാണ് ഞാനെന്ന നടന്റെ വളർച്ച. ആരാധകൻ എന്ന നിലയിൽ ഇവര്‍ക്കുള്ളിൽ നിന്നുകൊണ്ടാണ് സിനിമ സ്വപ്നം കണ്ടത്. അവരെ  നേരിട്ടുകാണുമ്പോൾ എക്സൈറ്റ്മെന്റ് തന്നെയാണ്. 

പേട്ടയിൽ നിന്ന് പഠിച്ചത്

രജനിസാറിൽ നിന്നും വിജയ് സേതുപതിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. നടനെന്ന നിലയിൽ ഇനിയും ഒരുപാട് പക്വത വരാനുണ്ട്. വ്യക്തിയെന്ന നിലയിൽ ഇനിയും വിനയവും മര്യാദയും നമുക്ക് വരേണ്ടതുണ്ട് എന്നാണ് രജനിസാർ സ്വന്തം ജീവിത്തതിലൂടെ നൽകുന്ന സന്ദേശം. കാല് മണ്ണിലുറപ്പിച്ച് നില്‍ക്കുന്ന വ്യക്തികളാണവർ. വിജയപരാജയങ്ങളെ ഒരു ദിവസം കൊണ്ട് ആഘോഷിക്കാൻ പഠിക്കേണ്ടതുണ്ട്. 

രജനി സാറിന്റെ സ്റ്റൈൽ ഒക്കെ നേരിട്ടുകാണാൻ കഴിഞ്ഞതൊക്കെ വലിയ ഭാഗ്യം. സ്വയം എൻജോയ് ചെയ്യുന്നതുകൊണ്ടാണ് രജനിസാറിന് ഇത്ര ഭംഗിയായി സിംപിളായ ഒരു രംഗം പോലും അഭിനയിക്കാൻ സാധിക്കുന്നത്. 

തമിഴ്നാട്ടിലും കയ്യടി നേടാൻ കഴിഞ്ഞു എന്നത് വലിയ അംഗീകാരമായി തോന്നുന്നു. എന്റെ ഡയലോഗുകളും സാന്നിധ്യവും അവിടെയുള്ളവർ ശ്രദ്ധിച്ചു എന്നതുതന്നെ വലിയ കാര്യം. ചിലർ കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടനെന്ന് തിരിച്ചറിയുന്നു. അവിടെനിന്ന് എന്നെ അന്വേഷിച്ച് വിളികളെത്തുന്നു എന്നതിൽ ഒരുപാട് സന്തോഷം. നാട്ടിൽ ഞാൻ ആഘോഷിക്കുന്നതിനെക്കാൾ എന്റെ നാട്ടുകാർ ആഘോഷിക്കുന്നുണ്ട്'-മണികണ്ഠൻ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE