എനിക്ക് മകൻ ഉണ്ടായാൽ; ആ ബ്ലോഗിനു തുടർച്ചയുമായി അർച്ചന കവി; ചർച്ച

archana-kavi-actress
SHARE

സ്വയംഭോഗത്തെക്കുറിച്ച് തുറന്നെഴുതി നടിയും വ്ലോഗറുമായ അർച്ചന കവിയുടെ പുതിയ ബ്ലോഗ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം നടത്തിയ ചർച്ചകളും വെളിപ്പെടുത്തലുകളുമാണ് അർച്ചന ബ്ലോഗിൽ കുറിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്കും സിനിമാക്കാര്‍ക്കും ആരാധകര്‍ക്കും അമ്പരപ്പ് സമ്മാനിക്കുന്നതായിരുന്നു അര്‍ച്ചനയുടെ എഴുത്ത്.

സ്വയംഭോഗത്തെക്കുറിച്ചുള്ള ആൺസുഹൃത്തുക്കളുടെ തുറന്നുപറച്ചിലുകൾക്കൊടുവിൽ എല്ലാവരും അർച്ചനയുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുന്നിടത്താണ് ബ്ലോഗിന്റെ ആദ്യ ഭാഗം അവസാനിക്കുന്നത്. അതിനു ശേഷമുണ്ടാകുന്ന സംഭവങ്ങളും തനിക്കൊരു മകനുണ്ടായാൽ അവനോട് എങ്ങനെ ഇതു സംബന്ധിച്ച് പെരുമാറണമെന്നുള്ളതുമൊക്കെ ബ്ലോഗിന്റെ രണ്ടാം ഭാഗത്തിൽ വരുന്നുണ്ട്. ഇതേ വിഷയം പിന്നീട് തന്റെ വീട്ടിൽ ചർച്ചയാകുന്നതാണ് മൂന്നാം ഭാഗത്തിൽ അർച്ചന പറയുന്നത്.

കുടുംബാംഗങ്ങൾ എല്ലാവരുമുള്ള സദസ്സിൽ ഇൗ വിഷയം ചർച്ച ചെയ്തപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളും അച്ഛന്റെയും അമ്മയുടെയും പ്രതികരണവുമൊക്കെ അർച്ചന രസകരമായി എഴുതിയിരിക്കുന്നു. പലപ്പോഴും പലരും തുറന്നു പറയാൻ മടിക്കുന്ന ഇത്തരം കാര്യങ്ങൾ വളരെ രസകരമായി അശ്ലീലച്ചുവയില്ലാതെ അവതരപ്പിച്ച അർച്ചനയെ ആരാധകർ അഭിനന്ദിക്കുന്നുമുണ്ട്.

സ്വന്തം അനുഭവത്തിൽ നിന്നാണ് അർച്ചയുടെ ബ്ലോഗ് തുടങ്ങുന്നത്. വിവാഹത്തിന് ശേഷം പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള സംസാരത്തിൽ എങ്ങനെയോ സ്വയംഭോഗവും വിഷയമായി കടന്നുവന്നു. വിചിത്രമായ സ്ഥലങ്ങളിൽ വച്ചു സ്വയംഭോഗം ചെയ്ത അനുഭവങ്ങൾ സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നതു കേട്ടു. അപ്പോള്‍ അസ്വസ്ഥതയല്ല, മറിച്ച് അദ്ഭുതം തോന്നിയെന്നു അർച്ചന പറയുന്നു. എത്ര കൂളായാണ് പുരുഷന്മാർ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതെന്ന് അർച്ചന നിരീക്ഷിക്കുന്നു. ട്രെയിനിലെ അപ്പർ ബർത്തിൽ, കാടിനുള്ളിൽ, ഫ്ലൈറ്റിൽ... അങ്ങനെ നിരവധി സ്ഥലങ്ങള്‍ ചര്‍ച്ചയിലുയർന്നു. 

ഒരു സ്ത്രീയും പുരുഷനും ഈ വിഷയത്തെക്കുറിച്ചു തുറന്നു സംസാരിക്കുന്നത് ഒരിക്കലും കേട്ടിട്ടു പോലുമില്ലെന്ന് അർച്ചന പറയുന്നു. പുരുഷൻമാർ വളരെ ലാഘവത്തോടെ എടുക്കുന്ന ഈ കാര്യം സ്ത്രീകൾക്ക് ഇപ്പോഴും വിലക്കപ്പെട്ട കനിയാണ്. ആർത്തവത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കാൻ തനിക്കു കഴിയുമെങ്കിലും ഈ വിഷയത്തിൽ എന്തു പറയുമെന്നത് ഒരിക്കലും ആലോചിച്ചിട്ടു പോലുമില്ലെന്ന് അർച്ചന തുറന്നു പറയുന്നു.

MORE IN ENTERTAINMENT
SHOW MORE