ലോഹിയുടെ ചോക്കുമലക്കഥ; സകല നന്‍മകളുടെയും ശാലയായ ഗുരു: അനുഭവം

vinod-shornur
SHARE

കുടുംബസമേതമുള്ള രാത്രിയാത്രയ്ക്കിടെ അപ്രതീക്ഷിതമായാണ് കാർ ബ്രേക്ക് ഡൗണായത്. പെട്ടെന്ന് ദൈവദൂതനെപ്പോലാരാൾ മുന്നിൽ. മെക്കാനിക്കല്ല, പക്ഷെ ഈ പണിയൊക്കെ അറിയാം എന്ന മുഖവുരയോടെ നിമിഷനേരംകൊണ്ട് അയാൾ കാർ റെഡിയാക്കി. തനിക്കുനേരെ നീട്ടിയ പ്രതിഫലം നിരസിച്ചുകൊണ്ട് അയാൾ ചോദിച്ചു.

'എനിക്കൊരു തൊഴിൽ സംഘടിപ്പിച്ചുതരാൻ സാറിനാവില്ലേ ?'

'ചോക്കുമലയിലിരിക്കുന്നവൻ ഒരു ചോക്കുകഷണം അന്വേഷിച്ചുപോയ കഥയുണ്ട്. കയ്യിലിരിക്കുന്നത് മറന്നുകൊണ്ട് മറ്റൊന്നുതേടിപ്പോയാൽ അത് അകന്നുപോവുകയേയുള്ളൂ. സമയമാകുമ്പോൾ എല്ലാം തേടിയെത്തും.'

ജയറാം അവതരിപ്പിച്ച റോയ് എന്ന ചെറുപ്പക്കാരനോട് ലോഹിതദാസ് പറഞ്ഞ വാക്കുകൾ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലായിരുന്നു. സിനിമ കണ്ട പലരെയും ഈ വാക്കുകൾ സ്വാധീനിച്ചു. ആ ചോക്കുകഥ ലോഹിതദാസിൽനിന്ന് നേരിട്ട്കേൾക്കാൻ ഭാഗ്യം ലഭിച്ച ഒരു യുവാവുണ്ട്. ഗുരുവായൂരുകാരൻ വിനോദ്. ശിഖാമണി എന്ന ചിത്രത്തിലൂടെ സംവിധായന്റെ തൊപ്പിയിട്ടപ്പോള്‍ വിനോദ് ഗുരുവായൂരിന് ശക്തിയും പ്രചോദനവുമായി മുന്നിലുള്ളത് ഗുരുവിന്റെ വാക്കുകളാണ്. രണ്ടാമത്തെ ചിത്രം സകലകലാശാല പുതുവര്‍ഷചിത്രമായി എത്തുമ്പോള്‍ കടന്നുവന്ന വഴികളിലെ ഗുരുസ്പര്‍ശത്തെകുറിച്ചോര്‍ക്കുകയാണ് വിനോദ്.

ലോഹിതദാസ് എന്ന കൂട്ടുകാരൻ

ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ പഠനകാലത്ത് നാടകമെഴുത്തായിരുന്നു വിനോദിന്റെ ലോകം. തനിയാവർത്തനവും കിരീടവുമൊക്കെ കണ്ട് തലയ്ക്കുപിടിച്ച വിനോദിന്റെ മനസ്സിൽ ലോഹിതദാസ് ഗുരുവായി രൂപംപ്രാപിച്ചിരുന്നു. കോളജ് വിട്ടശേഷം വ്യോമയാന മേഖലയിലെ തൊഴിലിനായുള്ള സാങ്കേതികപഠനം ആരംഭിച്ചത് നല്ല മനസ്സോടെയായിരുന്നില്ല. അതിനിടയിൽ സുഹൃത്ത് ഉണ്ണി മുഖേനെ സംവിധായകൻ ജയരാജിനെ പരിചയപ്പെടാന്‍ കഴിഞ്ഞത് വഴിത്തിരിവായി. സിനിമ ഉണ്ടാകുന്നതെങ്ങനെ എന്ന് ആദ്യം കണ്ടുപഠിക്കൂ എന്ന നിർദേശത്തോടെ ദേശാടനം സിനിമയിൽ ജയരാജ് വിനോദിനെ ഒപ്പം നിർത്തി. തുടർന്ന് താലോലം എന്ന ചിത്രത്തിലും. 

നടൻ മുരളിയെ പരിചയപ്പെടുന്നതും സുഹൃത്തായി മാറുന്നതും അവിടെവച്ചായിരുന്നു. ഗുരുവായി സങ്കൽപ്പിച്ച ലോഹിതദാസിന്റെ മുന്നിലേക്ക് വിനോദിനെ കൊണ്ടുപോയി മുരളി. ഭൂതക്കണ്ണാടിയുടെ തിരക്കിലായിരുന്നു അപ്പോൾ ലോഹിതദാസ്. വിനോദിന്റെ പെരുമാറ്റവും സിനിമയോടുള്ള ഇഷ്ടവും ലോഹിക്ക് നന്നായിപിടിച്ചു. തുടർന്നുള്ള കൂടിക്കാഴ്ചകളിലൊന്നിൽ അദ്ദേഹം വിനോദിനോട് ചോക്കുമലയുടെ കഥ പറഞ്ഞു. സമയമാകുമ്പോൾ എല്ലാം തേടിയെത്തും എന്ന ഉപദേശവും. ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത ജോക്കർ എന്ന സിനിമയിലാണ് വിനോദിന്റെ സമയമെത്തിയത്. ആ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനിങ് ചുമതല ലോഹി വിനോദിനെ ഏൽപിച്ചു. വിനോദ് ഗുരുവായൂർ എന്ന പേര് സിനിമയിൽ തെളിയുന്നത് അങ്ങനെയാണ്. തുടർന്ന് നിവേദ്യം വരെ എല്ലാസിനിമകളിലും ലോഹിതദാസിനൊപ്പം വിനോദുമുണ്ടായിരുന്നു, കൂട്ടുകാരനായും സഹയാത്രികനായും.

ശിഖാമണിയില്‍നിന്ന് ക്യാംപസിലേക്ക്

"കഥ ചുറ്റിലുമുണ്ട്. അത് കാണാനും സത്യസന്ധമായി സമീപിക്കാനുമുള്ള മനസ്സ് വേണം. കഥാപാത്രത്തെ കരയിപ്പിച്ചുകൊണ്ടാവരുത് പ്രേക്ഷകനെ കരയിപ്പിക്കുന്നത്. കഥാപാത്രം വേദന ഉള്ളിലൊതുക്കുന്നത് അനുഭവിക്കുകയാണ് വേണ്ടത്. അപ്പോൾ അത് പ്രേക്ഷകന്റെകൂടി വേദനയായിമാറും." ലോഹിതദാസിന്റെ വാക്കുകളെല്ലാം വിനോദിന് ലഭിച്ച ഉപദേശങ്ങളായിരുന്നു. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർമാരുടെ കഥ അടുത്തുകണ്ടതിന്റെ അനുഭവത്തിലെഴുതിയ കഥയായിരുന്നു ഹീറോ. ആക്ഷൻ രംഗത്തിൽ അഭിനയിക്കുന്ന ഡ്യൂപ്പിന്റെ വേഷത്തിൽ പൃഥ്വിരാജ് അഭിനയിച്ച ഹീറോ വിനോദ് ഗുരുവായൂരിനെ തിരക്കഥാകൃത്താക്കി. 

തുടർന്ന് വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നൊരാളുടെ കഥ സംവിധായകൻ ജോഷിക്കുവേണ്ടി തിരക്കഥയാക്കാനുള്ള ശ്രമത്തിലായിരുന്നു വിനോദ് ഗുരുവായൂർ. കാട്ടിനുള്ളിലൂടെ കടന്നുപോകുന്ന റെയിൽപ്പാളങ്ങളിൽ ഗ്യാങ്മാനായി ജോലിചെയ്യുന്ന തിരുപ്പൂരുകാരൻ ശിഖാമണിയെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെടുന്നത് ആയിടയ്ക്കാണ്. കാട്ടിനുള്ളിൽ ഷെഡ് കെട്ടിയാണ് ജീവിതം. ഓരോ ട്രെയിൻ പോകുമ്പോഴും പരിശോധനയ്ക്കായി ഇറങ്ങും. ഒടിഞ്ഞുവീണ മരങ്ങൾ നീക്കംചെയ്യും. ചിലപ്പോൾ ട്രെയിൻതട്ടി ചത്ത മൃഗങ്ങളെ.  ആനയെ വരെ വരുതിയിലാക്കാൻ കാട്ടിലെ താമസം ശിഖാമണിയെ സഹായിച്ചു. ആ മനുഷ്യൻ വിനോദിനെ പിടിച്ചുലച്ചു. സുഹൃത്തുക്കൾക്കൊപ്പം ശിഖാമണിയെത്തേടിയുള്ള യാത്ര അവിടെതുടങ്ങി. രണ്ടാമത്തെ ചിത്രം സകലകലാശാല ആഘോഷത്തോടെയും രസിച്ചും ചിത്രീകരിച്ച സിനിമയാണ്. ക്യാംപസിന്റെ രസങ്ങള്‍ മാത്രമല്ല, അടുത്തറിയേണ്ട ജീവിതയാഥാര്‍ഥ്യങ്ങളും സിനിമ പ്രേക്ഷകനോട് പറയും. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമയാവും സകലകലാശാല എന്ന് ഉറപ്പുണ്ട്. നിരവധി കോമഡി പരമ്പരകള്‍ക്കും സ്കിറ്റുകള്‍ക്കും രചന നിര്‍വഹിച്ച ജയരാജിന്റെയും മുരളി ഗിന്നസിന്റേയും ആദ്യസിനിമാതിരക്കഥയാണിത്. തിരക്കഥയുടെ പ്രധാന ആകര്‍ഷണവും നര്‍മമാണ്.

ഗുരുവിനും കുടുംബത്തിനും 

സകലകലാശാല നിര്‍മിച്ചത് ഷാജി മൂത്തേടനാണ്. ആദ്യ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ ഒരു സംഭവം വിനോദ് ഓര്‍ക്കുന്നു. ടെട്കോ രാജഗോപാൽ എന്ന വ്യവസായി നിർമിച്ച ശിക്കാറിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറായിരുന്നു വിനോദ്. നീണ്ടകാലത്തെ സൗഹൃദമുണ്ട് ഇരുവര്‍ക്കുമിടയില്‍. ശിഖാമണി നിർമിക്കാൻ അദ്ദേഹം തയ്യാറായതിന് പിന്നിൽ സൗഹൃദത്തൊടൊപ്പം വിനോദിന്റെ പ്രതിഭ അടുത്തറിഞ്ഞതിന്റെ വിശ്വാസവുമുണ്ടായിരുന്നു. കഥകേട്ടശേഷം ശിഖാമണിയെ അവതരിപ്പിക്കാൻ ചെമ്പൻ വിനോദിനെ നിർദേശിച്ചത് രാജഗോപാലായിരുന്നു. വിനോദ് നേരിൽകണ്ട ശിഖാമണിക്ക് ചെമ്പന്റെ ഛായ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പിന്നീടാണറിയുന്നത്. 

ലോഹിതദാസ് പറഞ്ഞതുപോലെ കഥയെയും കഥാപാത്രത്തെയും സത്യസന്ധമായി സമീപിച്ചതുകൊണ്ടാകാം ആ യാദൃച്ഛികത ഉണ്ടായതെന്ന് വിനോദ് വിശ്വസിക്കുന്നു. ഗുരുവിന്റെ ഓർമദിനത്തിൽ മുടങ്ങാതെ ലക്കിടിയിലെ വീട്ടിലുണ്ടാകും വിനോദ്. ഒറ്റദിവസത്തെ അനുസ്മരണത്തിലൊതുങ്ങുന്നതല്ല വിനോദിന് ലോഹിതദാസിന്റെ കുടുംബവുമായുള്ള ബന്ധം. എന്റെ സിനിമകള്‍ ഗുരുവിനുമാത്രമല്ല, ആ കുടുംബത്തിനുകൂടിയുള്ള സമർപ്പണമാണ്.

MORE IN ENTERTAINMENT
SHOW MORE