രാഷ്ട്രീയം തിളച്ച് മമ്മൂട്ടിയുടെ ‘യാത്ര’; വോട്ടുകാല ഇന്ത്യക്ക് ആകാംക്ഷ: വിഡിയോ

yatra-politics-teaser
SHARE

ഇന്ത്യ മറ്റൊരു തിരഞ്ഞെടുപ്പിന്‍റെ പടിവാതിലില്‍ നില്‍ക്കുമ്പോള്‍ ആകാംക്ഷയേറ്റി യാത്രയുടെ പുതിയ ടീസര്‍. മമ്മൂട്ടി നായകനായി ആന്ധപ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഢിയുടെ ജീവിതം പറയുന്ന സിനിമയുടെ രണ്ടാം ടീസര്‍ വ്യക്തമായ രാഷ്ട്രീയം പറഞ്ഞാണെത്തിയത്. കര്‍ഷക ആത്മഹത്യകള്‍ പൊള്ളിച്ച ആന്ധ്രയുടെ ഭൂതകാലം, വര്‍ത്തമാനകാലത്ത് ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളിലെയും ദുരവസ്ഥയെ ഓര്‍മിപ്പിക്കുന്നു. ആന്ധ്രയുടെ ആധുനീകരണത്തിലും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റത്തിലും രണ്ടായിരത്തിന്‍റെ തുടക്കത്തിലെ കര്‍ഷക ആത്മഹത്യകള്‍ക്ക് നിര്‍ണായക സ്ഥാനമാണ് ഉള്ളത്. 

കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ രംഗത്തിറങ്ങിയ വൈഎസ്ആറിനെയാണ് ടീസര്‍ വെളിച്ചത്ത് നിര്‍ത്തുന്നത്. 1453 ദിവസം വീണ്ട വൈഎസ്ആറിന്‍റെ പദയാത്രയാണ് സിനിമയുടെ പ്രമേയം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള വൈഎസ്ആറിന്‍റെ അടുപ്പവും അകല്‍ച്ചയും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് വിവരം. ലോകസ്ഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്തയന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകളുയര്‍ത്തും ചിത്രമെന്നുറപ്പ്. 

ടീസറിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകള്‍ക്കൊപ്പം മലയാളം പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. വന്‍ വരവേല്‍പാണ് ടീസറിന് ലഭിക്കുന്നത്. തെലുങ്ക് സിനിമാ–രാഷ്ട്രീയ ലോകത്തടക്കം വൈഎസ്ആറിന്‍റെ ജീവിതം കെട്ടിയാടുന്ന മമ്മൂട്ടിയുടെ തിരസാന്നിധ്യം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. മഹി വി.രാഘവ് ആണ് തിരക്കഥയും സംവിധാനവും. ചിത്രത്തിന്‍റെ ഡബിങ് ജോലികളടക്കം മമ്മൂട്ടി പൂര്‍ത്തിയാക്കി. സിനിമ ഫെബ്രുവരി എട്ടിന് ഇന്ത്യയൊട്ടൊകെ പ്രദര്‍ശനത്തിന് എത്തും. 

MORE IN ENTERTAINMENT
SHOW MORE