'വേലക്കാരിയെ പിന്നിൽ നിർത്തി രജനിയും കുടുംബവും സിനിമ കണ്ടു'; വിമര്‍ശനം, രോഷം

rajanikanth-latha-rajinikanth
SHARE

ഇന്ത്യന്‍ സിനിമയില്‍ ആള്‍ക്കൂട്ടങ്ങളുടെ നായകനാണ് രജനീകാന്ത്. തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയാകെ വേരുകളുള്ള മാസ് നായകന്‍. തിരശീലയ്ക്ക് പുറത്തും രജനീകാന്ത് അമ്പരപ്പിക്കുന്ന സാന്നിധ്യമാണ്. ഇടപെടലുകളിലെ ലാളിത്യം കൊണ്ട് അത്രമേല്‍ പ്രിയങ്കരനായ താരം. സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ചും രജനികാന്തിനെ കുറിച്ച് മോശം അഭിപ്രായങ്ങളില്ല. പാവപ്പെട്ടവന്റെ താരദൈവമെന്ന് തിരശീലയിലും പുറത്തും ഒരേ പോലെ പേര് കേൾപ്പിച്ച സൂപ്പർതാരം. 

ദരിദ്രനെയും താഴ്ന്ന ജാതിയിൽപ്പെട്ടവനെയും നെഞ്ചോട് ചേർക്കുന്ന രാഷ്ട്രീയമാണ് രജനി സിനിമകൾ ഭൂരിഭാഗവും പറഞ്ഞത്. പണമില്ലാത്തവന്റെയും  കറുത്തവന്റെയും അവഗണിക്കപ്പെട്ടവന്റെയും രാഷ്ട്രീയം പറഞ്ഞും അവരെ ചേർത്തു നിർത്തിയുമാണ് രജനി താരമായത്.  സമൂഹമാധ്യമങ്ങളിലെ പുതിയ ചര്‍ച്ചയും വിവാദവും മറിച്ചാണ്.  

ഏറ്റവും പുതിയ ചിത്രം 2.0 എന്ന ചിത്രത്തിന്റെ റിലീസിനു പിന്നാലെയാണ് രജനിയുടെ പ്രതിച്ഛായയെ തന്നെ തകിടം മറിക്കുന്ന സംഭവം നടന്നത്. ചെന്നൈ സത്യം തീയേറ്ററിൽ കുടുംബ സമേതമാണ് രജനി 2.0 കണ്ടത്. ഈ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് രജനികാന്തിനെതിരെ ഒരു വിഭാഗം വാളെടുത്തത്. രജനിയും ഭാര്യ ലതയും കൊച്ചുമക്കളായ ലിംഗയും, യാത്രയും സീറ്റില്‍ ഇരിക്കുമ്പോള്‍ വേലക്കാരി പിന്നില്‍ നിന്നാണ് സിനിമ കാണുന്നത്. വേലക്കാരിയെ സീറ്റിൽ ഇരുത്താൻ അനുവദിക്കാതെ സിനിമ തീരും വരെ പിന്നിൽ നിർത്തി സിനിമ കണ്ടത് വൻ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടത്. എന്നാല്‍ ഈ ചിത്രം ഇന്റെര്‍വല്‍ സമയത്താണ് എടുത്തത്‌ എന്നും അത് കൊണ്ടാണ് അവര്‍ നില്‍ക്കുന്നതെന്നും മറ്റൊരു വാദവുമുണ്ട്.   ചിത്രത്തില്‍ തിയേറ്ററിലെ മറ്റു പ്രേക്ഷരുടെ ഭാവം കണ്ടാല്‍ ഇത് വ്യക്തമാകുമെന്നും കുറിച്ച് മറ്റൊരു സംഘം രംഗത്ത്‌ വന്നിട്ടുണ്ട്

സമൂഹമാധ്യമങ്ങൾക്കു പുറമേ തമിഴിലെ പ്രമുഖ ന‌ടന്മ‍ാരും രജനിയുടെ പ്രവൃത്തിക്കെതിരെ രംഗത്തു വന്നുവെന്നാണ് റിപ്പോർട്ട്. രജനിയെ പോലെയുളള ഒരാളിൽ നിന്ന് ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് രജനി ന‌ടത്തിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മുംബൈയിലെയും ചെന്നൈയിലും ഹൈദരാബാദിലെയും വീട്ടുജോലിക്കാരോട് വളരെ മോശമായാണ് സമീപനമാണ് പൊതുവിൽ ഉളളത്. സിനിമാതാരങ്ങളെന്നോ ബിസിനസുകാരെന്നോ എന്നൊന്നും വ്യത്യാസമില്ല. കിടക്കാൻ കട്ടിൽ ഇല്ല, ഉടമകളെ പോലെയാണ് പെരുമാറ്റം. മുതലാളിക്ക് മികച്ച ഭക്ഷണം ഒരുക്കുമ്പോഴും വീട്ടുജോലിക്കാർക്ക് എച്ചിലോ മോശം ഭക്ഷണമോ ആകും നൽകുക– സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

സിനിമാ മേഖലയിലുളളവരുടെ വീടുകളില്‍ നേരത്തേയും ജോലിക്കാരോട് മോശമായ പെരുമാറ്റങ്ങള്‍ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും രജനിയെ പോലെ ഒരാളിൽ നിന്ന് സ്വപ്നത്തിൽ പോലും ഇങ്ങനെയുണ്ടാകുമെന്ന് കരുതിയില്ലെന്ന് പ്രേക്ഷകർ പറയുന്നു. എത്ര മൂല്യമുളളതാണ് അദ്ദേഹത്തിന്റെ സിനിമകൾ. ദളിതരുടെയും പാവപ്പെട്ടവരുടെയും സൂപ്പർസ്റ്റാർ ആണ് അയാൾ അംഗീകരിക്കാൻ സാധിക്കുന്നില്ല– ഒരു പ്രേക്ഷകന്‍ കുറിച്ചു

രജനിയുടെ കുടുംബത്തോടോപ്പം ഇരുന്നു സിനിമ കാണാൻ അവരെ അനുവദിച്ചിരുന്നെങ്കിൽ എന്ത് സന്തോഷം ആകുമായിരുന്നു അവർക്ക്. ഒരു പക്ഷേ ആശ്ചര്യം കണ്ട് തല കറങ്ങി വീഴുമായിരുന്നു –മറ്റൊരാൾ കുറിച്ചു. വീട്ടുജോലിയെന്നാൽ അടിമത്വമല്ലെന്ന് ഈ സൂപ്പർതാരത്തിന് എന്നാണ് മനസിലാകുകയെന്നാണ് പ്രധാനമായും രജനിക്ക് നേരേ ഉയരുന്ന വിമർശനം.

MORE IN ENTERTAINMENT
SHOW MORE