മോഹൻലാലിന്റെ പണം കൊണ്ടാണോ സിനിമയെടുക്കുന്നത്? ആന്റണി പെരുമ്പാവൂരിന്‍റെ മറുപടി

antony-mohanlal-12
SHARE

മോഹൻലാലിന്റെ പണം കൊണ്ടാണോ സിനിമയെടുക്കുന്നത് എന്ന ആരോപണത്തിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ. ഭാഷാപോഷിണി വാർഷികപ്പതിപ്പിൽ ഉണ്ണി കെ.വാരിയർക്ക് നല്‍കിയ അഭിമുഖത്തിലാണ് ആന്റണിയുടെ വെളിപ്പെടുത്തല്‍. 

''മോഹൻലാലിന്റെ പണംകൊണ്ടാണു ആന്റണി സിനിമയെടുക്കുന്നതെന്നാണു പലരുടെയും പരാതി. അങ്ങിനെയല്ല എന്നതാണു സത്യം. പക്ഷെ അങ്ങിനെ ആകണമെന്നുതന്നെയാണു എന്റെ ആഗ്രഹം. മോഹൻലാലിനെപ്പോലെ ഒരു വലിയ മനുഷ്യൻ എന്നെ വിശ്വസിച്ചു പണം ഏൽപ്പിക്കുന്നു എന്നതിലും വലിയ  ബഹുമതിയുണ്ടോ. മോഹൻലാലിന്റെ പണംകൊണ്ടു നിർമ്മിച്ചാൽ എന്താണുകുഴപ്പം.അതു മോഹൻലാലിനെ മാത്രം ബാധിക്കുന്ന കാര്യമല്ലേ. പുറത്തു നിൽക്കുന്നവർക്ക് അതിലെന്തുകാര്യം. മോഹൻലാൽ പപ്പടമോ കംപ്യൂട്ടറോ എന്തു വേണമെങ്കിലും ഉണ്ടാക്കി വിൽക്കട്ടെ. അതിനെന്തിനാണു പുറത്തുള്ളവർ അസ്വസ്ഥരാകുന്നത്. അദ്ദേഹത്തിന്റെ പ്രതിഫലം വലുതാണെങ്കിൽ അതു നൽകാവുന്നവർ സിനിമ നിർമ്മിക്കട്ടെ. പ്രതിഫലം കൂട്ടി മലയാള സിനിമ നശിപ്പിച്ചുവെന്നു പറയുന്ന ഒരാളും എന്റെ പ്രതിഫലം കൂടിപ്പോയി എന്നു പറഞ്ഞു നിർമ്മാതാവിനോ പ്രസാധകനോ ജോലി ചെയ്യുന്ന സ്ഥാനപത്തിനോ തിരിച്ചു കൊടുത്തതായി കേട്ടിട്ടില്ല. 

''സിനിമ നല്ലതാണെങ്കിൽ ജനം കാണും ഇല്ലെങ്കിൽ കാണില്ല. ജനത്തെ നിർബന്ധിക്കാൻ ആർക്കുമാകില്ല. 40 വർഷത്തോളം ഈ വ്യവസായത്തിൽ നിന്ന അദ്ദേഹത്തിനു ഈ പറയുന്ന എല്ലാവരെക്കാളും അനുഭവം ഉണ്ടെന്നു മനസ്സിലാക്കണം. ആന്റണി തട്ടിപ്പുകാരനാണെങ്കിൽ അതു തിരിച്ചറിയാൻ അദ്ദേഹത്തിനു കഴിവില്ലെന്നു വിശ്വസിക്കുന്നവരെ മണ്ടന്മാർ എന്നാണു വിളിക്കേണ്ടത്. ഞാനതു വിളിക്കുന്നില്ല. രണ്ടു തലമുറയായി സിനിമാ വ്യവസായത്തിലുള്ള സുരേഷ് ബാലാജിയാണു അദ്ദേഹത്തിന്റെ അളിയനെന്നെങ്കിലും ഓർക്കണം. 

''എനിക്കു പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടുണ്ട്. ദൃശ്യം നടക്കുന്ന കാലത്തു എന്റെയും ലാൽ സാറിന്റെയും രണ്ടു സുഹൃത്തുക്കളുടെയും പേരിലുള്ള സ്ഥലത്തിന്റെ ഓഹരി  വിൽക്കാൻ ഞാൻ തയ്യാറായതാണ്. ലാൽ സാർ പറഞ്ഞു, അദ്ദേഹത്തിന്റെ ഓഹരിയും വിൽക്കാമെന്ന്. പക്ഷെ വൈകാതെ എന്റെ പ്രശ്നങ്ങൾ പരിഹരിച്ചു. എനിക്കു തൊടുപുഴയിലും പെരുമ്പാവൂരുമായി ആറു തിയറ്ററുകൾ ഉണ്ട്.

''പെരുമ്പാവൂരിലെ നാലു തിയറ്ററിൽ രണ്ടെണ്ണത്തിന് ലാൽസാറിന്റെ മക്കളുടെ പേരും രണ്ടെണ്ണത്തിനു എന്റെ മക്കളുടെ പേരുമാണ്. ഇതെല്ലാമുണ്ടാക്കിയതു രാവും പകലും കഷ്ടപ്പെട്ടതുകൊണ്ടും  ലാല്‍ സാറിന്റെ കുടുംബത്തിന്റെ അനുഗ്രഹമുള്ളതുകൊണ്ടുമാണ്. എന്റെ ഒരു സിനിമയിൽപ്പോലും ജോലി ചെയ്തവർക്കു പണം കൊടുക്കാൻ ബാക്കിയില്ല. പറഞ്ഞതിലും കൂടുതലേ കൊടുത്തിട്ടുള്ളു. എന്നെക്കുറിച്ചറിയാത്തവരും  നിരാശ ബാധിച്ചവരുമാണു പരാതി പറയുന്നതിൽ ഭൂരിഭാഗവും, ആന്റണി പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE