രോഷം കൊള്ളിച്ച് ചോദ്യം‍‌; പ്രകോപനം; ‘ബ്രദറെ’ന്നു വിളിച്ച് വിജയ് സേതുപതി, സംയമനം: വിഡിയോ

vijay-sethupathy
SHARE

പൊതുവേ മാധ്യമങ്ങളോടും ആരാധകരോടും ഏറെ മര്യാദയോടും വിനയത്തോടും പെരുമാറുന്ന താരമാണ് മക്കൾ സെൽവൻ വിജയ്സേതുപതി. എന്നാൽ വിജയ്സേതുപതി പോലും പ്രകോപിതനായിപ്പോകുന്ന ചോദ്യമുയര്‍ന്ന വിഡിയോയാണ് സമൂഹമാധ്യമത്തിലും തമിഴ് സിനിമാലോകത്തും പുതിയ ചര്‍ച്ച. മാധ്യമപ്രവർത്തകന്റെ ചോദ്യം അതിരുവിട്ടു. അതിന് മറുപടി നൽകുന്ന താരത്തിന്റെ വിഡിയോ വൈറലാണ്. 

വിജയ്സേതുപതിയുടെ പുതിയ ചിത്രം സീതകാതി ഈമാസം 20ന് റിലീസാണ്. ഇതിനോടനുബന്ധിച്ച് മാധ്യമങ്ങളെ കാണുമ്പോഴാണ് ഒരാൾ താരത്തെ അനാവശ്യചോദ്യം ചോദിച്ച് കുപിതനാക്കിയത്.

നിങ്ങളുടെ 96 സിനിമയ്ക്കുള്ളത് പോലെ തന്നെ സീതകാതിക്കും സാമ്പത്തികപ്രശ്നങ്ങളുണ്ടല്ലോ എന്ന് ചോദിച്ചുകൊണ്ടാണ് ആരംഭിച്ചത്. 96ന്റെ പ്രശ്നവും സീതാകാത്തിയുടെ പ്രശ്നം രണ്ടുംരണ്ടാണെന്നും ഇവ കൂട്ടിക്കുഴ്ക്കേണ്ടെന്നും വിജയ്സേതുപതി മറുപടി നൽകി. എന്നാൽ അതിൽ തൃപ്തനാകാതെ റിപ്പോർട്ടർ നിങ്ങളുടെ പടത്തിന് എല്ലാം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചോദിച്ചു. 

ഒരു വ്യവസായമാകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ സാധാരണമാണെന്നും സീതാകാതിയുടെ പ്രശ്നത്തെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയില്ല‌െന്നും താരം മറുപടി നല്‍കി. സംവിധായകനും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്താണ് പ്രശ്നമെന്നറിഞ്ഞാൽ അറിയിക്കാം. അത്തരമൊരു പ്രശ്നമുണ്ടെങ്കിൽ നിർമാതാക്കളുടെ സംഘടന പരിഹരിക്കുമെന്നും വിജയ്സേതുപതി മറുപടി നൽകി.

എന്നിട്ടും തൃപ്തനാകാതെ എന്തുകൊണ്ടാണ് നിർമാതാക്കളുടെ സംഘടനയ്ക്ക് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തത്? 96ന് സംഭവിച്ചത് പോലെ ഈ റിലീസിനും പ്രതിസന്ധി നേരിടുമോയെന്ന് ചോദിച്ചു. ഇതാണ് താരത്തെ ദേഷ്യം പിടിപ്പിച്ചത്.

പ്രശ്നങ്ങളൊന്നുമില്ല എന്നു പറഞ്ഞിട്ടും നിങ്ങളെന്തിനാണ് ബ്രദർ വിവാദമുണ്ടാക്കാനായി പിന്നെയും പിന്നെയും പ്രശ്നമുണ്ടെന്ന് ആവർത്തിക്കുന്നത്. വാഹനം വാങ്ങുന്നതിന് മുമ്പേ അപകടത്തെക്കുറിച്ച് സംസാരിക്കുന്നത് പോലെയാണല്ലോ നിങ്ങളുടെ ചോദ്യങ്ങളെന്നായിരുന്നു വിജയ്സേതുപതിയുടെ മറുപടി. പൊട്ടിത്തെറിക്കാതിരിക്കാൻ താരം പരമാവധി ശ്രമിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. 

കയ്യിൽ നിന്നും കോടികൾ മുടക്കി വിജയ്സേതുപതി തന്നെയാണ് 96 തിയറ്ററുകളിൽ എത്തിച്ചത്. മലയാളത്തിലും തമിഴിലും ഒരുപോലെ പ്രദർശനവിജയം നേടിയ ചിത്രമാണ് 96. 

MORE IN ENTERTAINMENT
SHOW MORE