ഒടിയന്‍ നാളെയെത്തും; ആകാംഷയിൽ ആരാധകർ

odiyan-mohanlal-film
SHARE

ആരാധകര്‍ കാത്തിരിക്കുന്ന  മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ നാളെ  തിയറ്ററുകളിലേക്ക്. ലോകമെമ്പാടുമായി മൂവായിരത്തിയഞ്ഞൂറ് സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇരുന്നൂറ്കോടി ക്ളബ്ബിലെത്തുമെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്ന ചിത്രം റിലീസിന് മുന്‍പുതന്നെ നൂറുകോടി ക്ളബ്ബില്‍ ഇടംനേടി. നാളെ പുലര്‍ച്ചെ നാലരയ്ക്കാണ് ആദ്യ ഷോ.  

സമീപകാലത്ത് ഒരു മലയാളചിത്രത്തിനും ലഭിക്കാത്ത വന്‍ സ്വീകാര്യതയുമായാണ് ഒടിയന്‍ പ്രദര്‍ശനത്തിനെത്തുന്നത്. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ് എന്നിവരുടെയെല്ലാം കരിയര്‍ ബെസ്റ്റ് ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അടിവരയിടുന്ന ചിത്രം മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായാണ് പ്രദര്‍ശനത്തിനെത്തുന്നത്. 

സാറ്റലൈറ്റ് റൈറ്റ് ഉള്‍പ്പടെയുള്ളവ വഴി ചിത്രം ഇതുവരെ നൂറുകോടിയിലധികം രൂപ നേടിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് മൂവി ഡേറ്റ ബേസില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഷാറൂഖ് ഖാന്റെ സിറോ അടക്കമുള്ള ചിത്രങ്ങളെ പിന്തള്ളി ഒടിയന്‍ ഒന്നാമതെത്തിയിരുന്നു.

കെ.ഹരികൃഷ്ണന്‍ തിരക്കഥയൊരുക്കിയ ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്.

MORE IN ENTERTAINMENT
SHOW MORE