പുതിയ വീട്ടിലെല്ലാം ആന്റണിക്കൊരു മുറി; ലാല്‍ സാറിനൊപ്പം 30 വർഷം; ഓര്‍ത്ത് ആന്റണി പെരുമ്പാവൂർ

antony-mohanlal-12
SHARE

മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് മനസ്സുതുറന്ന് ആന്റണി പെരുമ്പാവൂർ. ഭാഷാപോഷിണി വാർഷികപതിപ്പിൽ ഉണ്ണി കെ വാരിയർക്ക് അനുവദിച്ച അഭിമുഖത്തിലാണ് ആന്റണി പെരുമ്പാവൂരിന്റെ വെളിപ്പെടുത്തൽ.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പട്ടണപ്രവേശം എന്ന സിനിമക്കുവേണ്ടിയുള്ള ഓട്ടത്തിനിടയിലാണ് മോഹൻലാലിനെ ആദ്യമായി കാണുന്നത്. അന്നുമുതൽ മോഹൻലാലിനെ ലൊക്കേഷനിലേക്ക് വിളിച്ചുകൊണ്ടുവരുന്ന ജോലി തനിക്കായെന്ന് ആന്റണി പറയുന്നു.

'സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പട്ടണപ്രവേശം എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്. പല താരങ്ങൾക്കു വേണ്ടിയും ഓടിക്കൊണ്ടിരിക്കെ ഒരു ദിവസം കൊച്ചി അമ്പലമുകളിലെ വീട്ടിൽപ്പോയി മോഹൻലാലിനെ കൊണ്ടുവരാൻ പറഞ്ഞു. അന്നാണ് ലാൽ സാറിനെ അടുത്തു കാണുന്നത്. യാത്രയിൽ ഒരക്ഷരംപോലും സംസാരിച്ചില്ല. രാജാവിന്റെ മകനും മുന്തരിത്തോപ്പുകളും താളവട്ടവും തൂവാനത്തുമ്പികളുമെല്ലാം വന്ന കാലമാണത്. ഒരു തവണപോലും ഞാൻ തിരിഞ്ഞു നോക്കിയില്ല. സെറ്റിലെത്തി ഡോർ തുറന്നുകൊടുക്കാൻ ഓടിയെത്തിയപ്പോഴേക്കും ലാൽ സാർതന്നെ തുറന്നിറങ്ങിപ്പോയി. അന്നുമുതൽ ലാൽ സാറിനെ കൊണ്ടുവരുന്ന ജോലി എനിക്കായി. സത്യൻ അന്തിക്കാട് സാറിനോടു ചോദിച്ചു വാങ്ങി എന്നു പറയുന്നതാണു സത്യം. തൊട്ടടുത്ത ദിവസം  വീട്ടിലെത്തി കാറിൽനിന്നു ഇറങ്ങുമ്പോൾ ലാൽ സാർ ചോദിച്ചു, ‘ആന്റണി ഭക്ഷണം കഴിച്ചോ.  ആന്റണിക്കു ഇവിടെനിന്നു കഴിക്കാം.’

ഇല്ല , സർ. സെറ്റിൽപ്പോയി കഴിച്ചോളാം. അതായിരുന്നു ആദ്യത്തെ വാക്ക്. അദ്ദേഹത്തിനു എന്റെ പേര് അറിയാമായിരുന്നു എന്നതുതന്നെ അദ്ഭുതമായിരുന്നു. ആ ഷൂട്ടിങ് കഴിഞ്ഞു യൂണിറ്റ് മടങ്ങി. മൂന്നാംമുറ എന്ന സിനിമയുടെ ഷൂട്ടിങ് അമ്പലമേട്ടിൽ നടക്കുമ്പോൾ കൂട്ടുകാരുടെ മുന്നിൽ ആളാകാൻ വേണ്ടി അവരെയു കൂട്ടി ലാൽ സാറിനെ കാണാൻ വേണ്ടി പോയി. സെറ്റിൽ കടക്കാൻപോലും പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു. കുറെ നേരം ആൾക്കൂട്ടത്തിൽ കാത്തുനിൽക്കുന്നതിനിടയിൽ ഉച്ചയ്ക്കു മൂന്നുമണിയോടെ ഒരു കെട്ടിടത്തിനു അകത്തു നിന്നു ലാൽ സാർ എന്നെ കൈകാണിച്ചു വിളിച്ചു. അന്തം വിട്ടുപോയി. ഇനിയും എന്നെ മറന്നില്ല. സെറ്റിനു നടുവിലൂടെ ആൾക്കൂട്ടത്തിൽനിന്നിറങ്ങി ഞാൻ ഓടുകയായിരുന്നു. 

‘വണ്ടി കൊണ്ടുവന്നിട്ടുണ്ടോ ആന്റണീ. ’ ഇല്ല. ‘നാളെ എടുത്തിട്ടു വരാമോ. നമുക്ക് ഓടാം. ’ പ്രൊഡക്‌ഷൻ മാനേജർ സെവനാർട്സ് മോഹനേട്ടനെ വിളിച്ചു ഈ വണ്ടികൂടി ഓടിക്കോട്ടെ എന്നു പറഞ്ഞു. ഷൂട്ടിങ് തീരുന്നതിനു മുൻപു ലാൽ സാർ ചോദിച്ചു, ആന്റണി എന്റെ കൂടെ വരുന്നോ എന്ന്. വരാം സാർ എന്നു മാത്രം പറഞ്ഞു. ആ വിവരം ഞാൻ ആരോടും പറഞ്ഞില്ല. കാരണം അതു വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരു കുഗ്രാമത്തിൽനിന്നു വന്ന ഞാൻ ലാൽ സാറിന്റെ വണ്ടിയുടെ ഡ്രൈവറാകുന്നു എന്നതു എനിക്കുതന്നെ വിശ്വസിക്കാനായില്ല. എത്ര കഷ്ടപ്പെട്ടാലും ലാൽ സാറിന്റെ സിനിമകൾ ആദ്യ ഷോ കണ്ടിരുന്നു. ആ മനുഷ്യനാണു വരുന്നോ എന്നു ചോദിച്ചത്. പോകുന്നതിന്റെ രണ്ടു ദിവസം മുൻപാണു വീട്ടിൽപ്പോലും പറഞ്ഞത്.

ലാൽ സാറിനെയുംകൊണ്ടാണു ഷൂട്ടിങ് കഴിഞ്ഞു തിരുവനന്തപുരത്തെ വീട്ടിലേക്കു പോയത്. അന്നു ലാൽ സാറിനുണ്ടായിരുന്നതു കോണ്ടസ കാറായിരുന്നു. KLT 5544 . ലാൽ സാറിന്റെ ഞാൻ ഓടിച്ച ആദ്യ വണ്ടിയും അതാണ്. വീട്ടിലെത്തിയപ്പോൾ എവിടെ താമസിക്കുമെന്നെല്ലാം ഞാൻ ആലോചിച്ചു. വൈകീട്ട് ലാൽ സാർ പറഞ്ഞു, അത് ആന്റണിയുടെ മുറിയാണ് എന്ന്. എന്റെ വീട്ടിൽപ്പോലും എനിക്കൊരു മുറി എന്നു പറഞ്ഞു തരാനില്ലായിരുന്നു. ഇവിടെ എനിക്കു സ്വന്തമായി ഒരു മുറി തന്നിരിക്കുന്നു. പിന്നീടു ലാൽ സാർ വീടു വയ്ക്കാൻ തുടങ്ങുമ്പോൾ പോലും അതിൽ ആന്റണിയുടെ മുറി എന്നൊരു മുറി ഉണ്ടാകുമായിരുന്നു. അങ്ങിനെ ഞാൻ  ഓട്ടം തുടങ്ങി. ഇതു ആ യാത്രയുടെ മുപ്പതാം വർഷമാണ്. 10 വർഷമെ ഞാൻ ഡ്രൈവ് ചെയ്തിട്ടുള്ളു. അപ്പോഴേക്കും പുതിയ  ഡ്രൈവർമാരെത്തി. എനിക്കു ലാൽ സാർ വേറെ ജോലികൾ പലതും തന്നു. പലരും പിന്നീടു നിങ്ങൾ ലാൽ സാറിന്റെ മാനേജരാണോ എന്നു ചോദിക്കുമ്പോൾ ഞാൻ പറയും, അല്ല ഡ്രൈവറാണെന്ന്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവി അതുതന്നെയാണ്.

ലാൽ സാർ കല്യാണം കഴിച്ച സമയത്താണു ഞാൻ ജോലി തുടങ്ങിയത്. ചേച്ചിയെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലുമെല്ലാം കൊണ്ടുപോകുന്നതു ഞാനായിരുന്നു. ആ കുടുംബവുമായുള്ള എന്റെ അടുപ്പത്തിൽ ചേച്ചി വലിയ കാരണക്കാരിയാണ്. ചേച്ചിയുടെ അച്ഛൻ ബാലാജി സാർ തമിഴ്നാട്ടിലെ വലിയ ആളാണ്. ചെന്നൈയിൽ എത്തിയാൽ എന്നെയും ബാലാജിസാർ പലയിടത്തും കൊണ്ടുപോകും. അത്രയും സ്നേഹമായിരുന്നു. അങ്ങനെ ആരെയും കൂടെ കൊണ്ടുപോകുന്ന ആളായിരുന്നില്ല അദ്ദേഹം. 

സാറുമായി എപ്പോൾ പുറത്തുപോകുമ്പോഴും ലാൽ സാറിന്റെ അമ്മ  പറയും, ‘ആന്റണീ എന്റെ കുട്ടിയെ നന്നായി നോക്കണേ’ എന്ന്. അന്നു മൊബൽ ഇല്ല. എല്ലാ ദിവസവും വിളിക്കാൻപോലും പറ്റില്ല. രണ്ടും മൂന്നും ദിവസംകൂടുമ്പോഴാകും സംസാരിക്കുക. ഫോണിലും ആദ്യം പറയുക എന്റെ കുട്ടിയെ നോക്കണം എന്നാണ്. ഞാൻ നന്നായി നോക്കും എന്ന് ആ അമ്മയ്ക്ക് അറിയുമായിരിക്കും. ഇത്ര ധൈര്യമായി മകനെ നോക്കാൻ ഏൽപ്പിച്ച ഒരു അമ്മയുടെ പ്രതീക്ഷ നിറവേറ്റുന്ന തരത്തിൽ ആ മകനെ നോക്കി എന്നാണു ഞാൻ കരുതുന്നത്, ആന്റണി പറയുന്നു. 

ഇതുപോലെ ആരും വേദനിപ്പിച്ചിട്ടില്ല; പിന്നീട് ശ്രീനിവാസനെ വിളിച്ചിട്ടില്ല: ആന്റണി പെരുമ്പാവൂർ

MORE IN ENTERTAINMENT
SHOW MORE