‘മീശമാധവൻ’ ഷൂട്ടിങ്ങിനിടെ ആ വാർത്ത; അഗ്നിപരീക്ഷകളുടെ ദിനങ്ങൾ; തളരാതെ ഇവർ

lal-jose-meeshamadhavan
SHARE

നൂറു ശതമാനം എന്റർടെയിൻമെന്റ് എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമായിരുന്നു ദിലിപ് നായകനായ മീശമാധവൻ. തനത് ശൈലിയിൽ ദിലീപും ഹരിശ്രീ അശോകനും ജഗതിയും കൊച്ചിൻ ഹനീഫയും നമ്പറുകൾ ഇറക്കിയപ്പോൾ പ്രേക്ഷകർ ചിരിച്ച് അർമാദിച്ചു. ചിത്രത്തിലെ വെടിവഴിപാടും പുരുഷുവും കണി കാണിക്കലും ഇന്ന് ട്രോളർമാരുടെ ഇഷ്ട ഇനങ്ങൾ കൂടിയാണ്. പാട്ടുകളും ഒന്നിനൊന്നു മികച്ചത്. ഇന്നും ടെലിവിഷനിലും യൂ ട്യൂബിലും മീശമാധവൻ കാണുന്നവരുടെ എണ്ണം കുറവല്ല. ദിലീപിനെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർത്തിയ ചിത്രമായിരുന്നു മീശമാധവൻ

എന്നാൽ ചിത്രം സൂപ്പർഹിറ്റ് പദവിയിലേക്കെത്തിയ വഴി ഒട്ടും സുഖകരമായിരുന്നില്ലെന്നു സംവിധായകൻ ലാൽ ജോസ് പറയുന്നു. ഒട്ടനവധി പ്രതിസന്ധികളിലൂടെയായിരുന്നു ഷൂട്ടിങ്ങെന്നു ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ലാൽജോസ് പറയുന്നു. 

പ്രതിസന്ധിയുടെ ആ ദിനങ്ങളെക്കുറിച്ച് സംവിധായകൻ വിശദീകരിക്കുന്നു– തെങ്കാശിപ്പട്ടത്തിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. വളരെ മനോഹരമായിട്ടായിരുന്നു രഞ്ജൻ പ്രമോദ് തിരക്കഥ എഴുതിയത്. പക്ഷെ നീളം അൽപം കൂടിപ്പോയി. രസകരമായ എല്ലാ രംഗങ്ങളും ഷൂട്ട് ചെയ്തു. ഒടുവിൽ ചിത്രം പൂർത്തിയായപ്പോൾ മൂന്നേ കാൽ മണിക്കൂർ. അര മണിക്കൂർ കുറച്ചു. കവലയിൽ ഇന്ദ്രജിത്തും ദിലീപും തമ്മിൽ ഒരു ആക്ഷൻ മുഴുവനായി എടുത്തു മാറ്റി. ഫൈനൽ ഔട്ട്പുട്ട് കണ്ടപ്പോൾ തിരക്കഥാകൃത്തായ രഞ്ജന് ഈ സിനിമ ഓടുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. 

ഇതിനിടെയാണ് ദിലീപിനെ നിർമാതാക്കളുടെ സംഘടന രണ്ടു വർഷത്തേക്കു വിലക്കുന്നത്. നിർമാണം ഏറ്റിരുന്ന സ്വർഗചിത്ര അപ്പച്ചൻ അവസാനനിമിഷം പിന്മാറി. അന്ന് നായിക കാവ്യ മറ്റൊരു ചിത്രത്തിലും അഭിനയിക്കുന്നുണ്ടായിരുന്നു. മീശമാധവന്റെ ചിത്രീകരണത്തിനിടയിൽ നിന്നും കാവ്യയെ ആ സിനിമയുടെ ഡബ്ബിങിന് വിടണമെന്ന് അവർ വാശിപിടിച്ചു. ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യം വരെ ഉണ്ടായി. മീശമാധവന്റെ ഷൂട്ടിങിനിടെയാണ് ഒരു നിര്‍മാതാവിന്റെ ചെക്ക് മടങ്ങിയതിന് ദിലീപ്  കേസുകൊടുത്തത്. ആ നിർമാതാവ് അറസ്റ്റിലായി. അതോടെ നിർമാതാക്കളുടെ സംഘടന ദിലീപിനെ രണ്ട് വർഷത്തേയ്ക്ക് വിലക്കി

സംഭവം ദിലീപിനെ ഏറെ വിഷമിപ്പിച്ചു. ചിങ്ങമാസം ഗാനം ചിത്രീകരിക്കുന്നതിനിടെയാണ് വിലക്ക് വാർത്ത കേൾക്കുന്നത്. ദിലീപിന് ഏറെ നിരാശ തോന്നി. സിനിമ മുടങ്ങുമെന്ന അവസ്ഥ വരെയായി.  ‘ജീവിതത്തിൽ ഒരുപാട് അഗ്നിപരീക്ഷകൾ നേരിടേണ്ടിവരും, സിനിമ രണ്ടുകൊല്ലം കഴിഞ്ഞ് റിലീസ് ചെയ്്താലും കുഴപ്പമില്ല. നമ്മൾ ഷൂട്ടിങ് മുടക്കില്ല. ഞാൻ ദിലീപിനോട് പറഞ്ഞു. 

നിർമാതാക്കള്‍ കടം മേടിച്ച് തുടങ്ങിയ സിനിമ കൂടിയാണ് മീശമാധവൻ. സ്വർഗചിത്ര അപ്പച്ചനോടാണ് ഈ സിനിമയുടെ വൺലൈൻ ആദ്യം വിവരിക്കുന്നത്. അദ്ദേഹം കഥ കേട്ടിട്ട് സംവിധായകൻ സിദ്ദിഖുമായി ചർച്ച ചെയ്യാൻ നിർദേശിച്ചു. സിദ്ദിഖ് സാറും വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. സ്വർഗചിത്ര അപ്പച്ചനെ വിളിച്ച് ഈ ചിത്രം നിർമിക്കണമെന്ന് അപ്പച്ചനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവസാനനിമിഷം അപ്പച്ചൻ സാർ ഈ സിനിമയിൽ നിന്നും പിന്മാറി. അങ്ങനെയാണ് ഈ ചിത്രം സുധീഷിലേയ്ക്കും സുബൈറിലേയ്ക്കുമെത്തുന്നത്. അവര്‍ ഒരു സാഹസികന്മാരായതിനാലാണ് ഈ സിനിമ തന്നെ തുടങ്ങുന്നത്. നാട്ടിൽ നിന്നും സകല ആൾക്കാരോടും കടംമേടിച്ചാണ് നിർമാണത്തിനുള്ള പണം ഇവർ കണ്ടെത്തിയത്

ചിത്രീകരണം കഴിഞ്ഞു. ഫൈനൽ വർക്ക് മദ്രാസിലായിരുന്നു. ഫൈനൽ ഔട്ട്പുട്ട് കാണാൻ തിരക്കഥാ കൃത്ത് രഞ്ജനെ വിളിച്ചു. കണ്ട ശേഷം അദ്ദേഹം അപകടം മണത്തു. കാരണം നിരവധി സീനുകൾ വെട്ടിയിരിക്കുന്നു. ഒന്നും പറയാതെ അദ്ദേഹം മടങ്ങി. സിനിമ റിലീസിങിന് തീരുമാനിച്ചു. എന്നാൽ കുറച്ച് പൈസ കൂടി ആവശ്യമായി വന്നു. അങ്ങനെ അതിന്റെ റൈറ്റ്സ് വിൽക്കാനായി അന്യഭാഷക്കാരെ ചിത്രം കാണിക്കാൻ തീരുമാനിച്ചു. ആ സമയത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും പടങ്ങൾ ഡബ്ബിങിനായി തമിഴിലൊക്കെ മേടിക്കാറുണ്ടായിരുന്നു. 

എവിഎം സ്റ്റുഡിയോയിലെ പ്രിവ്യു തിയറ്ററിലാണ് മീശമാധവൻ ഇവർക്കായി പ്രദർശിപ്പിച്ചത്. െതലുങ്കിലെ മുൻനിര നിർമാതാക്കൾ വന്നിരുന്നെങ്കിലും ആരുമൊന്നും പറയാതെ പോയി. എന്നാൽ ശ്രീനിവാസറാവു എന്ന നിർമാതാവ് ഈ ചിത്രം തനിക്കുവേണെന്ന് പറഞ്ഞു. ആ കാലത്ത് മലയാളത്തിൽ ദിലീപിന്റെ സിനിമകൾക്ക് പരമാവധി അഞ്ചുലക്ഷം രൂപയ്ക്കാണ് റൈറ്റ്സ് പോയിട്ടുള്ളത്. ഞാൻ രണ്ടുംകൽപിച്ച് പത്തുലക്ഷം രൂപ പറഞ്ഞു. അദ്ദേഹം അത് സമ്മതിച്ചു. ഇവിടെ സംഗീതസംവിധായകനുകൊടുക്കാൻ 50000 രൂപ പോലും കൊടുക്കാനില്ലാത്ത സമയമാണ്. അടുത്ത മാസം ജൂലൈ നാലിന് റിലീസും ചെയ്യണം. ദൈവദൂതനെപോലെയാണ്് ആ നിർമാതാവ് അവതരിപ്പിച്ചത്. ഈ പൈസ ലഭിച്ച് കടങ്ങളൊക്കെ കൊടുത്തുതീർത്താണ് മീശമാധവൻ റിലീസ് ചെയ്തത്.

സിനിമ സെൻസറിങ്ങിനു പോയിരുന്നു. തിരുവനന്തപുരത്ത് എന്റെ സുഹൃത്തുക്കളെയൊക്കെ കൂട്ടി ശ്രീപത്നമാഭ തിയറ്ററിൽ പോയി കണ്ടു. അവർക്കൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടു. പിറ്റേദിവസം സിനിമ റിലീസ് ചെയ്യുകയാണ്. ആദ്യദിനം കാണാനുള്ള ധൈര്യമില്ല. ആദ്യ ഷോ കഴിഞ്ഞപ്പോൾ നല്ല റിപ്പോർട്ട് വന്നു. അതോടെ ദിലീപിനെ ഒന്നു വിളിക്കാനായി ബൂത്തിലെത്തി. അവിടെ ചെന്നപ്പോൾ കണ്ടത് ഒരു സംവിധായകൻ ഫോണിൽ ആരോടോ ചിത്രത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നു. ദിലീപിനോടാണെന്നു മനസിലായി. സിനിമ ലാഗ് ചെയ്യുന്നുണ്ടെന്നും ആക്ഷൻ കൊള്ളില്ലെന്നുമൊക്കെയായിരുന്നു പറഞ്ഞത്. ഒടുവിൽ സംസാരം കഴിഞ്ഞ് ഇറങ്ങിയപ്പോൾ അദ്ദേഹം കാണുന്നത് എന്നെയായിരുന്നു. ആ മുഖം ഒന്നു മഞ്ഞളിച്ചു

സിനിമ പോര ലാലു എന്നു പറഞ്ഞ് അദ്ദേഹം പോയി. പിന്നെ താൻ ദിലീപിനെ വിളിച്ചു. ദിലീപും ഇതേ അഭിപ്രായം തന്നെ പറഞ്ഞു. സലിം കുമാറിന്റെ ആക്ഷൻരംഗം മോശമാണെന്നും ഏതാനും ഭാഗങ്ങളിൽ കൂവലുണ്ടെന്നും ദിലീപ് അഭിപ്രായപ്പെട്ടു. ‘തിയറ്ററിൽ പോയി ഞാൻ സിനിമ കാണട്ടെ എന്നിട്ട് തീരുമാനിക്കാം ഏത് ഭാഗം കട്ട് ചെയ്യേണ്ടതെന്നു ഞാൻ പറഞ്ഞു.

അങ്ങനെ സിനിമ കണ്ടു, കയ്യടിയും ബഹളവുമാണ്. ചിത്രം കണ്ടിറങ്ങി ഞാൻ ദിലീപിനെ വിളിച്ച് കാര്യം പറഞ്ഞു. എന്നാൽ ദിലീപ് സമ്മതിച്ചില്ല. മറ്റ് സ്ഥലങ്ങളിൽ കൂവലുണ്ടെന്നാണ് കേൾക്കുന്നതെന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ തമ്മിൽ ചെറിയവാക്ക് തർക്കവും ഉണ്ടായി. അവസാനം ചിത്രം വീണ്ടും എഡിറ്റ് ചെയ്യാൻ തീരുമാനിച്ചു. സെക്കൻഡ് ഷോ കഴിഞ്ഞ് ശ്രീകുമാർ തിയറ്ററിൽ എഡിറ്റ് ചെയ്യാൻ എത്തി. അന്ന് ഫിലിം ആയതിനാൽ ഓരോ തിയറ്ററിലും പോയി കട്ട് ചെയ്യണം. 

അന്ന് ശ്രീകുമാർ തിയറ്ററിലെ ഓപ്പറേറ്റർ എന്നോട് പറഞ്ഞു, ‘എന്തിനാണ് സാർ ഈ സീൻ കട്ട് ചെയ്യുന്നത്, ഇത് നൂറുദിവസം ഓടാൻ പോകുന്ന സിനിമയാണ്. പ്രൊജക്ടർ റൂമിലെ ഈ ഹോളിൽ കൂടി ഒരുപാട് സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. പത്തുമിനിറ്റ് കട്ട് ചെയ്താൽ അതിൽ ഏറ്റവും ഗുണം അനുഭവിക്കുന്നത് ഞാനാണ്. കാരണം നേരത്തെ എനിക്ക് വീട്ടിൽ പോകാം.  ഇതിലെ ഒരു സീൻ പോലും കളയരുത് സാർ, ആളുകൾ വളരെ സന്തോഷത്തോടെയാണ് സിനിമ കണ്ടിറങ്ങുന്നത്.’

ഒരു ഊർജം കിട്ടുന്നതു പോലെ തോന്നി. എന്തു വന്നാലും ഇനി സീൻ കട്ടു ചെയ്യില്ലെന്നു തീരുമാനിച്ചു.  ഈ സിനിമയുടെ വിധി ഇങ്ങനെയാകുമെന്ന് ഞാൻ സമാധാനിച്ചു. അങ്ങനെ ചിത്രം ഓടിയത് 202 ദിനങ്ങൾ. വലിയ ദുരന്തമുണ്ടാകുമ്പോൾ അതിനെ തുടർന്ന് നല്ലൊരു സന്തോഷം വരുമെന്ന് പണ്ട് കേട്ടിട്ടുണ്ട്. അത് സത്യമാണെന്ന് ബോധ്യപ്പെട്ടത് മീശമാധവനിലൂടെയാണ്. ഈ ചിത്രത്തിലൂടെ ദിലീപ് സൂപ്പർസ്റ്റാറായി. 

അതുവരെ നടൻ എന്ന പേരിൽ മാത്രമാണ് ദിലീപ് അറിയപ്പെട്ടിരുന്നത്. പിന്നീട് അദ്ദേഹത്തിന് താരമൂല്യം വന്നു. എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ മീശമാധവനാണ്. പണം വാരിയ സിനിമകൾ വേറെ ഉണ്ടാകാം. മീശമാധവൻ സിനിമ ചെയ്ത സംവിധായകൻ എന്ന വിശേഷണത്തിലാണ് പലരും എന്നെ ഇപ്പോഴും സ്വീകരിക്കുന്നത്. എന്റെ ജീവിതയാത്രയിലെ വലിയ ഇന്ധനമായിരുന്നു ഈ സിനിമ.

MORE IN ENTERTAINMENT
SHOW MORE