അപകടത്തിൽ കിടപ്പിലായ ആരാധകന് വിജയിയുടെ പിറന്നാൾ ആശംസ, കണ്ണു നിറഞ്ഞ് അമ്മ

vijay-fan-birthday
SHARE

ആരാധകർക്കു ജീവനാണ് തമിഴ് നടൻ വിജയ്. താരത്തിനു തിരിച്ചും അങ്ങനെ തന്നെ. സ്നേഹിക്കുന്നവർക്കു തണലായും കണ്ണീരൊപ്പിയും അവർക്കൊപ്പം കണ്ണീർ വാർത്തും ഒരു സാധാരണ മനുഷ്യനായി വിജയ് ആരാധകരോടു ചേർന്നു നിൽക്കുന്നു. തന്നെ സ്നേഹിക്കുന്നവരുടെ വീടുകൾ സന്ദർശിച്ചും കാരുണ്യപ്രവർത്തനങ്ങൾ ചെയ്തും ഈ നടൻ വേറിട്ടു നിൽക്കുന്നു. ആരാധകരോടുള്ള വിജയിയുടെ കരുതൽ പല തവണ വാർത്തുകളിൽ നിറഞ്ഞിട്ടുണ്ട്. 

ഏറെ നാളായി അപകടത്തിൽ പരുക്കേറ്റ് കിടപ്പിലായ നടൻ നാസറിന്റെ മകന് പിറന്നാൾ ആശംസകളുമായെത്തിയാണ് വിജയ് വീണ്ടും താരമായത്. നാസറിന്റെ ഭാര്യ കമീല നാസർ ട്വിറ്ററിലൂടെയാണ് വിജയിയുടെ വലിയ മനസിനെ പുറത്തറിയിച്ചത്. കമീലയുടേയും നാസറിന്റെയും മൂത്തമകൻ അബ്ദുൽ അസൻ ഫൈസലിനു പിറന്നാൾ ആശംസ നേരാനാണ് താരം നേരിട്ടെത്തിയത്. തന്റെ മകന്റെ സ്വപ്നം പൂവണിഞ്ഞ ദിനം എന്നാണ് വിജയിയുടെ വരവിനെ കമീല വിശേഷിപ്പിച്ചത്. 

പ്രിയപ്പെട്ട ഫൈസൽ, നിനക്ക് പിറന്നാൾ ആശംസകൾ, ഇന്ന് വിജയ് അണ്ണനൊപ്പം നിന്റെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ട ദിനമാണ്. ഈശ്വരനോടു കൂടുതലായൊന്നും ആവശ്യപ്പെടുന്നില്ല. ആരോഗ്യവും സന്തോഷവും നൽകി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ - ട്വിറ്ററിൽ കമീലയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

കടുത്ത വിജയ് ആരാധകനാണ് അബ്ദുൽ അസൻ ഫൈസൽ. 2014 മേയ് 22 നായിരുന്നു ആ ദുരന്തം. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുകായയിരുന്ന ഫൈസലിന്റെ  കാർ കൽപ്പാക്കത്തിനടുത്ത് വച്ച് ഈസ്റ്റ് കോസ്റ്റ് റോഡിൽ ഒരു ലോറിയുമായി കൂട്ടിയിടിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഫൈസലും മറ്റൊരാളും മാത്രമാണ് രക്ഷപ്പെട്ടത്. 

എന്നാൽ പരുക്കുകൾ ഗുരുതരമായിരുന്നു. തുടർന്നുള്ള നാളുകൾ മരുന്നുകളുടേയും ആശുപത്രികളുടേയും ലോകത്തായിരുന്നു. ടി. ശിവ നിർമിക്കുന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കാലെടുത്ത് വയ്ക്കാൻ തുടങ്ങുമ്പോഴായിരുന്നു ദുരന്തം ഫൈസലിനെ തേടിയെത്തിയത്. നാസറിന്റെ മറ്റു രണ്ടു മക്കൾ സിനിമയിൽ സജീവമാണ്. 

MORE IN ENTERTAINMENT
SHOW MORE