ആന്റിയെന്ന് വിളിക്കട്ടെയെന്ന് ചോദിച്ചു; കരീനയെന്ന് വിളിച്ചോളൂവെന്ന് മറുപടി: സാറ

sara-saif-and-kareena
SHARE

അമൃത സിങുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ചാണ് സെയ്ഫ് അലിഖാൻ കരീനയെ വിവാഹം ചെയ്യുന്നത്. അമൃതയുമായുള്ള ബന്ധത്തിൽ സെയ്ഫിന് രണ്ട് മക്കളുണ്ട്; സാറാ അലിഖാനും ഇബ്രാഹിം അലിഖാനും. അച്ഛന്റെയും അമ്മയുടെയും പാതപിന്തുടർന്ന് സാറയും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

അതിനുമുമ്പായി നൽകിയ അഭിമുഖത്തിൽ മാതാപിതാക്കളുടെ വിവാഹജീവിതത്തെക്കുറിച്ചും സെയ്ഫിന്റെ രണ്ടാംവിവാഹത്തെക്കുറിച്ചും സാറ മനസ് തുറന്നു. സെയ്ഫിനൊപ്പമാണ് സാറ പരിപാടിയിൽ പങ്കെടുത്തത്. കരീനാകപൂറിനെ എന്ത് വിളിക്കണമെന്ന കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്ന് സാറ തുറന്നു പറഞ്ഞു.

'ഛോട്ടീ മാ' എന്ന് വിളിച്ചാൽ കരീനയ്ക്ക് ഹൃദയസ്തംഭനം വരുമെന്ന് അറിയാമായിരുന്നത് കൊണ്ട് ആദ്യമേ ആ വിളി ഉപേക്ഷിച്ചെന്ന് സാറ ചിരിയോടെ പറഞ്ഞു. അച്ഛനോട് കരീന ആന്റി എന്ന് വിളിക്കട്ടെയെന്ന് ചോദിച്ചപ്പോൾ, അതിന്റെ ആവശ്യമില്ല നീ 'കരീന' എന്ന് തന്നെ വിളിച്ചോളൂ എന്നാണ് പറഞ്ഞത്. ശരിക്കും ആ സ്വാതന്ത്ര്യം കരീനയുമായുള്ള അകലം കുറച്ചു. ഇതാണ് നിന്റെ രണ്ടാനമ്മ എന്ന രീതിയിൽ അച്ഛൻ പരിചയപ്പെടുത്തിയിരുന്നെങ്കിൽ ഒരുപക്ഷെ തനിക്ക് അത് ഉൾക്കൊള്ളാനാകുമായിരുന്നില്ലെന്ന് സാറ പറയുന്നു.

കരീനയുമായുള്ള വിവാഹത്തിന് അമ്മ അമൃതസിങാണ് തന്നെ അണിയിച്ചൊരുക്കി വിട്ടത്. വിവാഹത്തിന് മുമ്പ് സെയ്ഫിന് മംഗളാശംസകളേകി അമൃത കത്തും അയച്ചിരുന്നു. തന്റെ അച്ഛനും അമ്മയും ഒരു വീട്ടിൽ സമാധാനമില്ലാതെ കഴിയുന്നത് കാണുന്നതിലും നല്ലത് സന്തോഷത്തോടെ രണ്ടുപേരും രണ്ടുവീടുകളിൽ അവരവരുടേതായ ജീവിതം നയിക്കുന്നത് കാണുന്നതാണെന്ന് സാറ പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE