മോഹന്‍ലാല്‍ ഉറച്ച നിലപാടെടുത്തു; ദിലീപിനോട് രാജി ചോദിച്ചു’: വീണ്ടും ജഗദീഷ്

jagadeesh-mohanlal-dileep3
SHARE

മലയാള സിനിമയിലെ സമീപകാല വിവാദങ്ങളില്‍ തുറന്നടിച്ചുള്ള നിലപാടുകളെടുത്ത ജഗദീഷ് പ്രതികരണങ്ങളുമായി വീണ്ടും. ദിലീപിന്റെ രാജി സംബന്ധിച്ച വിഷയത്തിലാണ് ജഗദീഷിന്റെ പ്രതികരണം. ദിലീപിനോട് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട സാഹചര്യം വ്യക്തമാക്കുകയാണ് ‍ജഗദീഷ്. ദിലീപിനെ മോഹൻലാൽ പിന്തുണയ്ക്കുന്നു എന്ന രീതിയിൽ വന്ന വാർത്തകൾ മോഹൻലാലിനെ വിഷമിപ്പിച്ചിരുന്നുവെന്നും ജഗദീഷ് പറയുന്നു. 

ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ: ‘ഈയിടെ മോഹന്‍ലാല്‍ മുംബൈയില്‍ പോയിരുന്നു. ഹിന്ദി സൂപ്പര്‍ താരങ്ങളൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇതിനെയൊക്കെ പിന്തുണയ്ക്കുന്നതെന്ന് അവര്‍ അദ്ദേഹത്തോട് ചോദിച്ചു. തമിഴ് പത്രത്തില്‍ വാര്‍ത്തയും വന്നു അദ്ദേഹം കുറ്റാരോപിതനൊപ്പമെന്ന്. ഇതെല്ലാം അദ്ദേഹത്തില്‍ വലിയ മാനസികവിഷമമാണ് ഉണ്ടാക്കിയത്.’

എന്റെ അടുത്തുതന്നെ ലാല്‍ ചോദിച്ചിട്ടുണ്ട്. ‘ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ’ എന്ന്. അതു നമുക്ക് ക്ലിയര്‍ ചെയ്യാവുന്നതേയുള്ളു എന്ന് ഞാന്‍ ലാലിനോടും പറഞ്ഞു. അങ്ങനെ ലാല്‍ ഉറച്ച ഒരു നിലപാടെടുക്കുകയും ദിലീപിനോട് രാജി ആവശ്യപ്പെടുകയും ചെയ്തു’.–ജഗദീഷ് പറയുന്നു.

‘കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാന്‍ സംഘടനയിലൊന്നും വലിയ ആക്ടീവ് ആയിരുന്നില്ല. ഒരു പ്രത്യേക സാഹചര്യത്തിലാണ് ട്രഷറര്‍ ആയി ചുമതലയേറ്റത്. ആ സമയത്ത് പ്രധാനപ്പെട്ട പ്രശ്നമായി വന്നത് ദിലീപ് വിഷയമാണ്. ഞാന്‍ ദിലീപിനെ കുറ്റവാളിയായിട്ടല്ല കണ്ടത്. അയാള്‍ കുറ്റാരോപിതനാണ്. നിരപരാധിയെന്നോ അപരാധിയെന്നോ വിളിക്കാന്‍ നമ്മൾ ആളല്ല എന്ന നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു.’–ജഗദീഷ് വ്യക്തമാക്കി.

ദിലീപിനോട് രാജി ചോദിച്ചെന്ന നിലപാട് തെറ്റെന്ന് ചൂണ്ടിക്കാട്ടി രാജിക്കത്ത് പുറത്തുവന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജഗദീഷിന്‍റെ വെളിപ്പെടുത്തല്‍ കൂടി പുറത്തുവരുന്നത്. 

MORE IN ENTERTAINMENT
SHOW MORE