കൂര്‍ത്ത നഖം; പൂച്ചക്കണ്ണ്; അക്ഷയ്കുമാര്‍ രാക്ഷസരൂപിയായത് ഇങ്ങനെ: വിഡിയോ

2.0-making
SHARE

ചിട്ടി റോബോട്ടായി രജനീകാന്ത് വീണ്ടും ‍ഞെട്ടിപ്പിക്കാനെത്തുമ്പോൾ അതിനൊപ്പമോ അതിനെക്കാളുമോ ഉയരെ അമ്പരിപ്പിക്കുകയാണ് പ്രതിനായക വേഷം കൈകാര്യം ചെയ്യുന്ന അക്ഷയ് കുമാർ. കൂർത്ത നഖങ്ങളും പൂച്ചക്കണ്ണുകളുമായി രാക്ഷസരൂപിയായാണ് അക്ഷയ് കുമാർ 2.0 യിൽ പ്രത്യക്ഷപ്പെടുന്നത്. 

ടീസർ ഇറങ്ങിയപ്പോൾ തന്നെ അക്ഷയ് കുമാറിന്റെ ഗെറ്റപ്പ് വലിയ ആകർഷണമായിരുന്നു. ഇപ്പോഴിതാ അദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിന്റെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു. പ്രോസ്തറ്റിക്ക് മേക്കപ്പിലൂടെ കഥാപാത്രമായി മാറുന്ന അക്ഷയ് കുമാറിന്റെ പ്രയത്നമാണ് വിഡിയോയിൽ. അക്ഷയ് കുമാർ തന്നെയാണ് ട്വിറ്ററിലൂടെ വിഡിയോ പുറത്തുവിട്ടത്. 

ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കാൻ ഹോളിവുഡ് താരം അർനോൾഡ് ഷ്വാസ്നെഗറിനെയാണ് ആദ്യം സമീപിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അദ്ദേഹത്തിന് എത്താൻ സാധിക്കാതെ വന്നപ്പോൾ ഹൃതിക് റോഷനെയും സമീപിച്ചിരുന്നത്രേ. പിന്നീടാണ്  അക്ഷയ് കുമാറിലേക്ക് ചിട്ടിയുടെ വില്ലൻ വേഷമെത്തുന്നത്. ‌‌ഏറെ സവിശേഷതകളുള്ള വേഷമാണ് അക്ഷയ്കുമാറിനെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. 12 ഗെറ്റപ്പുകളാണ് ചിത്രത്തില്‍ ബോളിവുഡ് താരത്തിനുള്ളത്. ഒരു ബോളിവുഡ് സൂപ്പർതാരം രജനിക്ക് വില്ലനായി എത്തുന്നത് തന്നെ ആദ്യമാണ്. 

തമിഴില്‍ ചിത്രീകരിച്ച 2.0 14 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 450 കോടി മുതൽമുടക്കുമായി എത്തുന്ന ചിത്രത്തിൽ ആമി ജാക്സൺ ആണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു. മുത്തുരാജ് ആണ് കലാസംവിധാനം. യന്തിരന്റെ ആദ്യഭാഗത്തിൽ സാബു സിറിൽ ആയിരുന്നു ആർട് ഡയറക്ഷൻ. ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

ത്രീഡിയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ട്രാൻസ്ഫോർമേഴ്സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്സ് ആണ് യന്തിരൻ 2വിന്റെ ആക്‌ഷൻ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. വിഎഫ്എക്സ് ലൈഫ് ഓഫ് പൈ ടീമായ ജോൺ ഹഗ്സ്, വാൾട്. നവംബർ 29ന് ചിത്രം തിയറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE