ആസിഫ് അലി എന്റെ ഫസ്റ്റ് ക്രഷ്; വഴക്കിട്ട് ഷൂട്ടിങ്ങ് കാണാന്‍ പോയ കഥ: ഗായത്രി അശോക്

gayathri-ashok
SHARE

പ്രേമം ടീം അണിനിരക്കുന്ന ആദ്യമായി ധനുഷ് മലയാളത്തിൽ നിർമാതാവ് ആകുന്ന ചിത്രമാണ് ലഡു. അരുൺ ജോർജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന മധുരമുള്ള റൊമാന്റിക് കോമഡി ചിത്രത്തിലെ അരങ്ങേറ്റത്തെക്കുറിച്ച് നായിക ഗായത്രി അശോക് സംസാരിക്കുന്നു.  വിനയ് ഫോര്‍ട്ട്, ശബരീഷ് വര്‍മ്മ, ബാലു എന്നിവരാണ് നായകവേഷങ്ങളില്‍. 

പേരു പോലെ മധുരമാണോ ലഡു?

അതെ, ശരിക്കും റൊമാന്റിക്ക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമാണ്. രണ്ടുപേർ രജിസ്റ്റർ വിവാഹത്തിന് തീരുമാനിക്കുകയും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളാണ് ലഡു.

അരങ്ങേറ്റ കഥാപാത്രത്തെക്കുറിച്ച്?

ഏയ്ഞ്ചൽ എന്നാണ് കഥാപാത്രത്തിന്റെ പേര്. എന്റെ പോലെയേ അല്ല ഏയ്ഞ്ചൽ. ഭയങ്കര ദേഷ്യമുള്ള കഥാപാത്രമാണ്. ആരെങ്കിലും ഉപകാരം ചെയ്താൽ അവരോടെ നന്ദിയൊന്നുമില്ല. എന്തിനും ഏതിനും കടിച്ചുകീറുന്ന സ്വഭാവമാണ്. ചിരിക്കുക പോലുമില്ല. എന്റെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ ചോദിച്ച കാര്യം നിനക്ക് എങ്ങനെയാണ് ചിരിക്കാതെ അഭിനയിക്കാൻ സാധിച്ചതെന്ന്.

എങ്ങനെയാണ് സിനിമയിലെത്തുന്നത്?

ഞാൻ ചെന്നൈയിൽ ഗ്രാഫിക്സ് ഡിസൈനർ ആയി ജോലി ചെയ്യുമ്പോഴാണ് ലഡുവിന്റെ ഓഡിഷൻ പരസ്യം കാണുന്നത്. അമ്മയാണ് ഓഡിഷന് അയക്കുന്നത്. വിളിക്കുമെന്ന് കരുതിയതല്ല. ഓഡിഷന് ചെല്ലുമ്പോൾ എനിക്ക് നല്ല ഭയമുണ്ടായിരുന്നു. അമ്മയാണ് എല്ലാ പ്രോത്സാഹനവും തന്നത്. കൈവന്ന അവസരം നന്നായി വിനിയോഗിക്കൂ, ശ്രമിച്ചു നോക്കൂ എന്ന് അമ്മ നൽകിയ പ്രോത്സാഹനമാണ് ഓഡിഷനിൽ ആശ്വാസമായത്. ആദ്യത്തെ ഷോട്ടിന്റെ സമയത്തും നല്ല ടെൻഷനുണ്ടായിരുന്നു. പക്ഷെ ഒപ്പമുണ്ടായിരുന്ന എല്ലാവരും വലിയ പിന്തുണനൽകിയത് ധൈര്യമായി. 

Laddu

 

സിനിമാമോഹം പണ്ട് മുതൽ ഉണ്ടോ?

തികച്ചും അപ്രതീക്ഷിതമായി സിനിമയിൽ എത്തിയ ആളാണ് ഞാൻ. ഇത്രയും വലിയ കലാകാരന്മാരോടൊപ്പം അഭിനയിക്കാൻ സാധിക്കുമെന്നോ എന്റെ പേര് ബിഗ് സ്ക്രീനിൽ കാണാൻ പറ്റുമെന്നോ ഒന്നും വിചാരിച്ചതല്ല. മനസിൽ എവിടെയോ സിനിമാമോഹം ഉണ്ടായിരുന്നു. അത് ആരോടും പറഞ്ഞിരുന്നില്ല. അമ്മ ആ ആഗ്രഹം മനസിലാക്കിയായിരിക്കും കാസ്റ്റിങ്ങ് കോളിന് മറുപടി നൽകിയത്. 

ആരാണ് പ്രിയപ്പെട്ട നടൻ?

അങ്ങനെ പറയാനാണെങ്കിൽ ഒരു വലിയ ലിസ്റ്റ് തന്നെയുണ്ടാകും. പേരെടുത്ത് പറയുകയാണെങ്കിൽ എനിക്ക് ആസിഫ് അലിയെ ഒരുപാട് ഇഷ്ടമാണ്. എന്റെ ഫസ്റ്റ് ക്രഷ് ആസിഫ് അലിയാണ്. ഒമ്പതിലോ പത്തിലോ  പഠിക്കുന്ന സമയത്ത് വീടിന്റെയടുത്ത് ആസിഫ് അലിയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങുണ്ടായിരുന്നു. ഞാൻ വഴക്കിട്ട് ഷൂട്ടിങ്ങ് കാണാൻ പോയി, അദ്ദേഹത്തിന്റെ ഒപ്പം നിന്ന് ഫോട്ടോയെടുത്തിട്ടുണ്ട്. ആ ചിത്രം ഇപ്പോഴും എന്റെ കൈയിലുണ്ട്. അന്ന് പക്ഷെ ഒന്നും സംസാരിക്കാൻ സാധിച്ചിരുന്നില്ല. 

ladoo-team

കുടുംബത്തിന്റെ പിന്തുണ എത്രമാത്രമുണ്ട്?

അച്ഛൻ കണ്ണൂരിൽ ഡിവൈഎസ്പിയാണ്. പൊലീസിലാണെങ്കിലും സിനിമയെ ഏറെ സ്നേഹിക്കുന്നയാളാണ്. എന്റെ കൂട്ടുകാരൊക്കെ അച്ഛൻ പൊലീസ് ആയതുകൊണ്ട് എതിർപ്പുണ്ടായിരുന്നോ എന്ന് ചോദിച്ചു. യാതൊരു വിധ എതിർപ്പുമില്ലെന്ന് മാത്രമല്ല, ഒരുപാട് സന്തോഷത്തോടെയാണ് അച്ഛന്റെ സീനിയേഴ്സിനോടും ജൂനിയേഴ്സിനോടുമൊക്കെ സിനിമയിൽ അഭിനയിക്കുന്ന കാര്യം പറഞ്ഞത്. എനിക്ക് ഒരു ഇരട്ട സഹോദരനുണ്ട്, അവനും ഇതുപോലെ തന്നെ പിന്തുണ നൽകി. അമ്മയാണ് ഷൂട്ടിങ്ങ് സമയത്തൊക്കെ ഒപ്പം വന്നത്. എല്ലാവർക്കും സന്തോഷമായിരുന്നു സിനിമയിലെ അരങ്ങേറ്റം. 

MORE IN ENTERTAINMENT
SHOW MORE