റജിസ്റ്റർ വിവാഹം കഴിക്കേണ്ടത് എങ്ങനെ? ദേ, വിനയ് ഫോർട്ട് പറഞ്ഞ് തരും

vinay-in-ladoo
SHARE

വിവാഹം കഴിക്കാൻ ഏറ്റവും ആവശ്യം എന്താണ്? സ്നേഹം, പരിഗണന, സഹകരണം... അങ്ങനെ എന്തെല്ലാം. പക്ഷെ വിനയ് ഫോർട്ടിനോട് ചോദിച്ചാൽ അത് ലഡു ആണെന്നെ പറയൂ. കാരണം വിനയ് നായകൻ ആയെത്തുന്ന പുതിയ ചലച്ചിത്രം പറയുന്നത് സംഭവബഹുലമായ ഒരു രജിസ്റ്റർ വിവാഹത്തിന്റെ കഥയാണ്. അതിലെ താരം നാലുംവെച്ച സദ്യയോ പാലടപ്രഥമനോ ഒന്നുമല്ല; മറിച്ച് നല്ല സുന്ദരൻ ലഡുവുമാണ്. മുപ്പത്തിയെട്ടോളം സിനിമകൾ ചെയ്ത്, മലയാളസിനിമാപ്രേക്ഷകരുടെ മനസ്സിൽ പ്രേമത്തിലെ വിമൽ സാർ ആയും കമ്മട്ടിപ്പാടത്തിലെ വേണുവായും അവരുടെ രാവുകളിലെ വിജയ് ആയുമെല്ലാം നിറഞ്ഞ് നിൽക്കുന്ന വിനയ് ഫോർട്ട്, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തരബിരുദം നേടിയ പ്രതിഭയാണ്. പുതുമുഖസംവിധായകനായ അരുൺജോർജ് കെ ഡേവിഡിന്റെ 'ലഡു'വാണ് വിനയ് ഫോര്‍ട്ടിന്‍റെ അടുത്ത ചിത്രം. ശബരീഷ് വർമ്മ, ബാലു വർഗീസ്, ഗായത്രി അശോക് തുടങ്ങി ഒരു പറ്റം ന്യൂജെൻ അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ വിനയ് ഫോർട്ട് തന്നെ പങ്ക് വയ്ക്കുന്നു. 

ആകെ വെട്ടിലായ 'വിനു'

ലഡുവിൽ വിനു എന്ന കേന്ദ്രകഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഒരു സാധാരണ ചെറുപ്പക്കാരൻ ആണ് വിനു. സ്വയം തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുന്ന, ഭയവും ജാള്യതയും ആവശ്യത്തിൽ അധികം ടെൻഷനും ഉള്ള ഒരു സാധാരണക്കാരൻ. അച്ഛനമ്മമാർ ലാളിച്ച് വളർത്തിയതിന്റെ പ്രശ്നങ്ങൾ വേറെയും ഉണ്ട്. താൻ വെറും 25 ദിവസം മുമ്പ് പരിചയപ്പെട്ട എയ്ഞ്ജലിൻ എന്ന പെൺകുട്ടിയെ വിനു റജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നതാണ് ലഡുവിന്റെ കഥ. കിറുക്കന്മാരായ തന്റെ സുഹൃത്തുക്കളുടെ കൂടെ ഒരു പഴയ ചപ്പടാ ഓമ്നിവാനിൽ വിനുവും ഏയ്ഞ്ജലിനും വിവാഹം റജിസ്റ്റർ ചെയ്യാൻ നടത്തുന്ന യാത്രയാണ് ലഡു. ശബരീഷ് വർമ്മ, ബാലു വർഗീസ്, പാഷാണം ഷാജി എന്നിവർ ആണ് സുഹൃത്തുക്കൾ. 

മുന്‍പ് ചെയ്ത പല കഥാപാത്രങ്ങളും എനിക്ക് വളരെ ചലഞ്ചിങ് ആയി തോന്നിയിട്ടുണ്ട്. ഷട്ടർ, അപൂർവരാഗം, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങിയ ചിത്രങ്ങൾ ചെയ്യാൻ ഞാൻ നന്നേ ബുദ്ധിമുട്ടിയിട്ടുണ്ട്. പക്ഷെ വിനു എന്നെ അങ്ങനെ കഷ്ടപ്പെടുത്തിയ ഒരു കഥാപാത്രമല്ല. വിനു മാത്രമല്ല - ഈ സിനിമ മൊത്തത്തിൽ വളരെ ലളിതമായ ഒരു സൃഷ്ടിയാണ്. അധികം ട്വിസ്റ്റുകളോ സസ്പെൻസോ അപ്രതീക്ഷിതസംഭവങ്ങളോ ഒന്നുമില്ലാതെ ഫ്രീയായി ഒഴുകുന്ന ഒരു കൊച്ച് സിനിമയാണ് ലഡു.

ലഡുവിനെ ഇഷ്ടപ്പെടാൻ കാരണം?

ഈ സിനിമയുടെ സത്യസന്ധതയാണ് എന്നെ ഇതിലേക്ക് ഏറ്റവും ആകർഷിച്ചത്. എന്റേതിനെക്കാൾ രസകരമായ ഒട്ടേറെ കഥാപാത്രങ്ങൾ ഈ സിനിമയിൽ ഉണ്ട്. ഉദാഹരണത്തിന് ശബരീഷിന്റെ കഥാപാത്രം. എസ്കെ എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. തള്ള് എന്നുപറഞ്ഞാൽ ഭൂലോക തള്ളുവീരൻ! പോരാത്തതിന് അല്ലു അർജുൻ ഫാനും. ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ പറഞ്ഞ് വീരവാദം മുഴക്കുന്ന ഒരു സുഹൃത്ത് നിങ്ങൾക്ക് എല്ലാവര്‍ക്കും ഉണ്ടാകും. അതാണ് എസ്കെ. അങ്ങനെ നോക്കിയാൽ ഒരു കഥാപാത്രത്തിനും ഓരോ ക്യാരക്ടർ ഉണ്ട്. അതുകൊണ്ട് കഥാപാത്രങ്ങൾക്ക് ഉപരി സിനിമയെ മൊത്തത്തിൽ വേണം നിങ്ങൾ വിലയിരുത്താൻ. നല്ല പാട്ടുകളും പ്രണയവും സൗഹൃദവും തമാശയും എല്ലാമുള്ള ലഡുവിന്റെ ഭാഗം ആകാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. 

നിങ്ങൾ രജിസ്റ്റർ വിവാഹം കഴിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ദയവ് ചെയ്ത് ആദ്യമീ ചിത്രം കാണുക - എന്തൊക്കെ വേണം എന്തൊക്കെ പാടില്ല എന്നതിന്റെ കംപ്ലീറ്റ് മാനുവൽ ഇതിലുണ്ട്.

നായികയുമായുള്ള കെമിസ്ട്രി

ഗായത്രി അശോക് എന്ന പുതുമുഖ പ്രതിഭയാണ് ഈ ചിത്രത്തിൽ എന്റെ നായിക. കാസ്റ്റിംഗ് കാൾ വഴി, ഒഡീഷൻസ് കഴിഞ്ഞാണ് ഗായത്രി ഈ സിനിമയിലേക്ക് എത്തുന്നത്. എന്നാൽ സംവിധായകൻ മുതൽ ഒട്ടേറെ പുതുമുഖങ്ങൾ ഈ സിനിമയ്ക്ക് പിന്നിൽ ഉള്ളതുകൊണ്ട് ഗായത്രിക്ക് ഒരു പരിഭ്രമമോ പേടിയോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാൻ. വളരെ സ്വാഭാവികമായി ആ കുട്ടി കാമറയ്ക്ക് മുന്നിൽ അഭിനയിച്ചു. 2014ൽ പുറത്തിറങ്ങിയ മസാല റിപ്പബ്ലിക് എന്ന സിനിമയുടെ രചയിതാവ് ആണ് അരുൺജോർജ്. മുതിർന്ന ആർട്ടിസ്റ്റുകൾ ആരും തന്നെ ക്രൂവിൽ ഇല്ലാത്തതുകൊണ്ട് ഞങ്ങൾ എല്ലാം ഒരു കുടുംബം പോലെ തെറ്റുകൾ പരസ്പരം ചൂണ്ടിക്കാട്ടിയും ചർച്ച ചെയ്തുമെല്ലാം ആണ് മുന്നോട്ട് പോയത്. 

ലഡു എന്ന പേര്

വളരെ ക്യൂട്ട് ആയ, നല്ല ഉരുണ്ട്, സുന്ദരനായിരിക്കുന്ന ലഡു.. ഇളം മധുരത്തോട് കൂടി, കൈപ്പിടിയിൽ ഒതുങ്ങുന്ന വലിപ്പത്തിൽ ഉള്ള കൊച്ച് ലഡു - അതാണീ സിനിമ. നിങ്ങൾ തന്നെ ഓർത്ത് നോക്കൂ.. ഒരു പറ്റം മണ്ടന്മാർ അവരുടെ കണ്ഫ്യൂഷൻ അടിച്ചിരിക്കുന്ന പേടിത്തൊണ്ടനായ കൂട്ടുകാരനെ അയാളുടെ മുൻകോപക്കാരിയായ കാമുകിയെക്കൊണ്ട് കെട്ടിക്കാൻ കഴിഞ്ഞ നൂറ്റാണ്ടിൽ ഓടിയിരുന്ന ഒരു പഴയ ഓമ്നി വാനും എടുത്ത് കൊണ്ട് പായുന്നത്..! ഷുഗറുള്ളവർ വരെ ലഡു കഴിക്കുന്നത് പോലെ, ആർക്കും കാണാവുന്ന, ആസ്വദിക്കാവുന്ന ഒരു ചലച്ചിത്രമാണ് ലഡു.

MORE IN ENTERTAINMENT
SHOW MORE