'സര്‍ക്കാര്‍' സിനിമയുടെ വിജയാഘോഷത്തിലും 'പ്രതിഷേധം', കേക്കിനൊപ്പം മിക്സിയും ഗ്രൈന്‍ററും

sarkar-celebration
SHARE

ദീപാവലിക്ക് പുറത്തിറങ്ങിയ വിജയ് ചിത്രത്തിന്‍റെ വിജയാഘോഷവും അണ്ണാ ഡി.എം.കെയ്ക്ക് എതിരായ പ്രതിഷേധമായി മാറി. കേക്ക് മുറിച്ച് വിജയമാഘോഷിച്ച ചിത്രങ്ങള്‍ സാക്ഷാല്‍ എ.ആര്‍.റഹ്മാനാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റഹ്മാന്‍, വിജയ്, മുരുകദോസ്, വരലക്ഷ്മി, കീര്‍ത്തി സുരേഷ്, ഗാനരചയിതാവ് വിവേക് എന്നിവരൊന്നിച്ചുള്ള ചിത്രവും കേക്ക് മുറിക്കുന്ന മറ്റൊരു ചിത്രവുമാണ് റഹ്മാന്‍ പങ്കുവച്ചത്. ഇതില്‍ കേക്ക് മുറിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. 

കേക്കിനൊപ്പം മിക്സി, ഗ്രൈന്‍റര്‍ എന്നിവയുടെ രൂപങ്ങള്‍ വച്ചായിരുന്നു വിജയാഘോഷം എന്നതാണ് ശ്രദ്ധേയം കേക്ക് മുറിക്കുന്നത് ദളപതിയാണ് താനും. വോട്ടിനുവേണ്ടി സൗജന്യമായി നല്‍കിയ വസ്തുക്കള്‍ തീയിടുന്ന സിനിമയിലെ രംഗങ്ങള്‍ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ജയലളിത നടപ്പാക്കിയ പദ്ധതികളെ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. 

സിനിമയുടെ പ്രദര്‍ശനങ്ങള്‍ തടയുന്നതുവരെ എത്തി കാര്യങ്ങള്‍. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്തു. എന്നാല്‍ സിനിമ പറയുന്ന രാഷ്ട്രീയം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് വിജയിയും മുരുഗദോസും. ചുരുക്കിപ്പറഞ്ഞാല്‍ അണ്ണാ.ഡി.എം.കെയെ ഒരു കേക്ക് മുറിയിലൂടെ ട്രോളിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് റഹ്മാന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. നേരത്തെ സിനിമയിലെ വിവാദ രംഗങ്ങള്‍ അനുകരിച്ച് കൊണ്ട് വിജയ് ആരാധകര്‍ രംഗത്തെത്തിയിരുന്നു. 

ടിവി, മിക്സി, ഗ്രൈന്‍റര്‍,സൈക്കിള്‍ എന്നിവ കത്തിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും അണ്ണാ ഡി.എം.കെയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

MORE IN ENTERTAINMENT
SHOW MORE