നവാസുദ്ദീൻ ക്രൂരമായി പീഡിപ്പിച്ചു‍; പല സ്ത്രീകളെ ഒരേ സമയം ഉപയോഗിച്ചു; തുറന്നടിച്ച് നിഹാരിക

niharika-singh-nawazuddin
SHARE

ബോളിവുഡിൽ വിഗ്രഹങ്ങൾ ഉടയുന്ന സമയമാണിത്. നാനപടേക്കർ എന്ന എക്കാലത്തെയും മഹാനായ അഭിനേതാവ് ആരാധകമനസ്സില്‍ താഴെ വീണത് തനുശ്രീ ദത്തയുടെ മീ ടു വെളിപ്പെടുത്തലുകളെ തുടർന്നായിരുന്നു. ബോളിവുഡിലെ പ്രഗത്ഭനായ താരമെന്നും മനുഷ്യജീവിയെന്നുമൊക്കെ വാഴ്ത്തപ്പെട്ട നവാസുദ്ദീൻ സിദ്ദീഖിയും സമാനമായ അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

മാധ്യമപ്രവർത്തകയായ സന്ധ്യ മേനോനാണ് ട്വീറ്റ് പരമ്പരയിലൂടെ നടി നിഹാരിക സിങ്ങിന്റെ വെളിപ്പെടുത്തലുകളും പുറംലോകത്ത് എത്തിച്ചത്. നവാസുദ്ദീൻ സിദ്ദിഖി, സാജിദ് ഖാൻ, ടി സീരിസ് മേധാവി ഭൂഷൻ കുമാർ തുടങ്ങിയവരിൽ നിന്നുളള മോശപ്പെട്ട അനുഭവങ്ങളാണ് നിഹാരിക തുറന്നു പറഞ്ഞത്. 

നിഹാരിക സിങ്ങുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചു സിദ്ദീഖിയുടെ തുറന്നു പറച്ചിൽ വൻ വിവാദമാണ് ഉണ്ടാക്കിയത്. അവള്‍ എന്നെ സ്നേഹിച്ചു, പക്ഷേ ശാരീരിക സുഖമായിരുന്നു തന്റെ ലക്ഷ്യമെന്ന തുറന്നു പറച്ചിൽ ഏറെ കോലാഹലമുണ്ടാക്കി. എല്ലാ പെണ്‍കുട്ടികളേയും പോലെ പ്രണയാതുരമായ സംഭാഷണങ്ങളും ഒന്നിച്ചുള്ള നിമിഷങ്ങളും അവര്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അവരുമായി ശാരീരിക ബന്ധം മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും സിദ്ദിഖി തന്റെ ആത്മകഥയില്‍ പറഞ്ഞിരുന്നു. തന്നിലെ നീചനായ മനുഷ്യനെ തിരിച്ചറിഞ്ഞ നിഹാരിക ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്ന് സിദ്ദീഖി പുസ്തകത്തില്‍ വിവരിച്ചിരുന്നു. 

എന്നാൽ നിഹാരിക ഈ വാദങ്ങളെല്ലാം തളളി. നവാസുദ്ദിൻ സിദ്ദീഖിയുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ  താരം അവകാശപ്പെടുന്നതു പോലെ അതൊന്നും കിടപ്പറയിൽ എത്തുന്ന ബന്ധമായിരുന്നില്ല. സിദ്ദിഖി ബലപ്രയോഗത്തിലൂടെയാണ് എന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചത്. അയാൾ ചതിയനാണെന്ന് മനസിലാക്കിയതോടെ ആ ബന്ധം ഞാനായിട്ട് തന്നെ ഉപേക്ഷിക്കുകയായിരുന്നു– നിഹാരിക പറഞ്ഞു. 2009 ൽ മിസ് ലവ്‌ലി എന്ന ചിത്രത്തിലൂടെയാണ് ഞാൻ സിനിമാലോകത്ത് വരുന്നത്. അന്ന് മുതലാണ് നവാസുദ്ദിനെ പരിചയപ്പെടുന്നത്. നൊവാസ് എന്ന് വിളിച്ചാൽ മതിയെന്ന് അയാൾ പറഞ്ഞു. എന്റെ വീടിന് അടുത്തുണ്ടെന്ന് കാണിച്ച് എനിക്ക് അയാൾ സന്ദേശമയച്ചിരുന്നു. തുടർന്ന് പ്രഭാത ഭക്ഷണത്തിനു ക്ഷണിച്ചു. ഞാൻ വാതിൽ തുറന്നതോടെ എന്നെ കയറിപ്പിടിക്കാനും ലൈംഗികമായി ആക്രമിക്കാനുമാണ് അയാൾ ശ്രമിച്ചത്. 

ഞാൻ നിസഹായയായിരുന്നു. അയാൾക്ക് കീഴടങ്ങാതെ എനിക്കു വഴികൾ ഇല്ലായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് അയാൾ എന്നെ കീഴ്പ്പെടുത്തിയിരുന്നത്. നിരവധി സ്ത്രീകളുമായി ഒരേ കാലയളവിൽ ലൈംഗിക ബന്ധം പുലർത്തുന്നയാളായിരുന്നു നവാസുദ്ദിൻ. ഓരോ സ്ത്രീകളെ വശീകരിക്കാൻ അയാൾ ഓരോ കഥകളുണ്ടാക്കി. ലൈംഗികമായി അവരെ ഉപയോഗിക്കുകയാണ് ലക്ഷ്യം. ഹാൽദാനിയിൽ അയാൾക്ക് വേറെ ഭാര്യയുണ്ടായിരുന്നു. സ്ത്രീധനത്തിന്റെ പേരിലാണ് അവരെ ഉപേക്ഷിച്ചത്. അവരെ ഉപേക്ഷിച്ച് രണ്ടാമതും വിവാഹം ചെയ്തതെന്നും ഇപ്പോഴത്തെ ഭാര്യയുമായി വേർപിരിഞ്ഞാണു താമസിക്കുന്നതെന്നും അയാൾ സമ്മതിച്ചു. ഒരു മിസ് ഇന്ത്യയെ ഭാര്യയായി ലഭിക്കാൻ കൊതിക്കുന്നുവെന്ന് അയാൾ പറഞ്ഞു. എന്നോട് ക്ഷമ പറഞ്ഞ് അയാൾ കുഞ്ഞുങ്ങളെ പോലെ കരഞ്ഞു. ഞാൻ ചിരിക്കുകയായിരുന്നു. ബുദ്ധദേബ് ദാസ് ഗുപ്തയുടെ സിനിമയിൽ അയാൾ എനിക്കൊരു റോൾ വാഗ്ദാനം തന്നു. അതിനു പ്രതിഫലമായി ഞാൻ അയാൾക്കൊപ്പം കിടക്ക പങ്കിടണമെന്നായിരുന്നു അയാളുടെ ആവശ്യം. മിസ് ലവ്‌ലിയുടെ പ്രചാരണ വേളയിലും അയാൾ എന്നെ കടന്നു പിടിച്ചു– നിഹാരിക ആഞ്ഞടിക്കുന്നു.

ബുദ്ധദേബിന്റെ സിനിമയുടെ റിലീസ് നീണ്ടതോടെ നവാസ് എന്നെ കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. പുസ്തകത്തിൽ പറഞ്ഞതെല്ലാം കളവാണ്. എന്റെ സമ്മതം കൂടാതെയാണ് അയാൾ അതെല്ലാം എഴുതി പ്രചരിപ്പിച്ചത്. പുസ്തകത്തിനെതിരെ നിയമനടപടി എടുക്കാതെ ഒത്തുതീർപ്പിനെത്താനായിരുന്നു അഭിഭാഷകർ എന്നെ ഉപദേശിച്ചത്. 

നവാസുദ്ദീൻ സിദ്ദിഖി അങ്ങേയറ്റം ജാതിചിന്തയുള്ള ആളായിരുന്നു. വിവാദമുണ്ടായപ്പോൾ ഭാര്യയുടെ ബ്രാഹ്മണ സത്വം സംരക്ഷിക്കുന്ന ആളായിരുന്നു. മറുവശത്ത് എന്നെ മര്യാദയില്ലാത്തവളും അയാൾക്ക്  ലൈംഗികമായി ഉപയോഗിക്കാവുന്ന കാമാതുരയുമായി ചിത്രീകരിക്കുകയും ചെയ്തു. അധികാരരാഷ്ട്രീയത്തിൽ വരുന്ന മാറ്റങ്ങളും അതിനനുസരിച്ച് ആഖ്യാനങ്ങളിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ഇതൊക്കെ കാണുന്നത്– നിഹാരിക പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE