ഷാജോണിനായി അക്ഷയ് കുമാർ കാത്തിരുന്നത് ഒരു മണിക്കൂർ; അവിശ്വസനീയ അനുഭവം

kalabhavan-shajon-akshay-kumar
SHARE

ചിരി കടന്ന് സ്വഭാവ കഥാപാത്രങ്ങളെയും കയ്യാളി കയ്യടി നേടിയ നടനാണ് കലാഭവന്‍ ഷാജോണ്‍. മലയാളത്തിലെ തിരക്കേറിയ നടന്മാരിൽ ഒരാള്‍. മിമിക്രിതാരമായി എത്തിയ ഷാജോൺ കരുത്തുളള ഒരു നടൻ എന്ന നിലയിൽ വളർന്നു കഴിഞ്ഞു. പൃഥ്വിരാജിനെ നായകനാക്കി ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ ഫെബ്രുവരിയിൽ ഷൂട്ടിങ് ആരംഭിക്കും. ശങ്കർ സംവിധാനം ചെയ്യുന്ന 2.0യിലും ഷാജോൺ അഭിനയിച്ചു. സ്വപ്നതുല്യമായ ആ അവസരമെന്നും ഇത്ര വലിയൊരു സിനിമയുടെ ഭാഗമാകാൻ സാധിച്ചതു തന്നെ ഭാഗ്യമായി കരുതുന്നുവെന്നും ഷാജോൺ പറഞ്ഞു. എന്റെ േവഷത്തെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്താന്‍ കഴിയില്ല. രജനി സാറിനൊപ്പം അഭിനയിക്കുന്നില്ലെങ്കിലും അക്ഷയ് കുമാർ സാറിനൊപ്പം സ്ക്രീൻ സ്പേസ് പങ്കിടാൻ കഴിഞ്ഞുവെന്നും പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ഷാജോൺ പറഞ്ഞു. 

രജനീകാന്തുമായി കോമ്പിനേഷൻ സീനുകൾ ഒന്നുമില്ലായിരുന്നു. സെറ്റിലെത്തിയ എന്നെ രജനീകാന്തിനു പരിചയപ്പെടുത്തിയത് സംവിധായകൻ ശങ്കറാണ്. 10 മിനിറ്റോളം അദ്ദേഹവുമായി ഞാൻ സംസാരിച്ചു. രജനിസാറിനെ നേരിട്ടു കണ്ടപ്പോൾ ഞാൻ ഒരുനിമിഷം തരിച്ചുനിന്നുപോയി. എന്നോട് ഒരുപാട് കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു.  ഞാൻ അദ്ദേഹത്തെ തന്നെ ഉറ്റുനോക്കികൊണ്ട് നിൽക്കുകയായിരുന്നു. അദ്ദേഹം കുറെയധികം കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് പോലും ഞാൻ ഓർക്കുന്നില്ല, ഏതോ മായിക ലോകത്തിലായിരുന്നു ഞാൻ. തോളത്തുതട്ടിയാണ് സംസാരിച്ചത്.

അക്ഷയ്കുമാറുമായി എനിക്ക് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. ചെറുപ്പം മുതൽ അക്ഷയ് കുമാറിന്റെ കടുത്ത ആരാധകനാണ് ഞാൻ. വളരെ വീനിതമായാണ് അദ്ദേഹത്തിന്റെ ഇടപെടൽ.  മേക്കപ്പ് വളരെ ഹെവിയായതുകൊണ്ട് അദ്ദേഹത്തിന് ആ മേക്കപ്പിൽ അധികം സംസാരിക്കാൻ കഴിയില്ലായിരുന്നു. ശങ്കർ സാർ എന്നെ പരിചയപ്പെടുത്തി കൊടുത്തപ്പോൾ ‘ഹലോ’ മാത്രം പറഞ്ഞു.

ഷൂട്ടിങ്ങിന്റെ അവസാന ദിവസം അദ്ദേഹത്തിനൊപ്പം ഒരു സെൽഫി എടുക്കണമെന്ന് ആഗ്രഹമായിരുന്നുവെന്ന് ഷാജോൺ പറയുന്നു.അസോസിയേറ്റ്സിൽ ഒരാളോട് ഞാനെന്റെ ആഗ്രഹം പറയുകയും ചെയ്തു. എന്നാൽ അവസാന ദിവസം, അദ്ദേഹത്തിന്റെ ഷൂട്ട് എനിക്ക് മുൻപേ കഴിഞ്ഞു. എന്റെ ക്ലോസപ്പ് ഷോട്ടുകൾ ആണെങ്കിൽ അപ്പോഴും ബാക്കിയുണ്ട്. ഷൂട്ടിനിടയിൽ പോയി സെൽഫി എടുക്കുന്നത് ശരിയല്ലാത്തതു കൊണ്ട് എന്റെ സെൽഫി മോഹം മറന്നു കളഞ്ഞേക്കാം എന്നു വിചാരിച്ചു. അദ്ദേഹത്തിന്റെ മേക്കപ്പ് ഹെവി ആയതുകൊണ്ട് പൂർണമായും നീക്കം ചെയ്യാൻ രണ്ടു മണിക്കൂറോളം എടുക്കുമായിരുന്നു. മൂന്ന് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ‌ അസോസിയേറ്റ്സ് വന്നു പറഞ്ഞു, അക്ഷയ് കുമാർ കാരവനിൽ താങ്കൾക്കായി വെയിറ്റ് ചെയ്യുന്നുണ്ടെന്ന്, അതും സെൽഫി എടുക്കാന്‍. ഞാനത് കേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തെപ്പോലെ ഒരു  താരം ഒരു മണിക്കൂറോളം എന്റെ ആഗ്രഹം സാധിച്ചു തരാനായി നിൽക്കുക. എനിക്കു വിശ്വസിക്കാൻ പോലും പറ്റുമായിരുന്നില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ കാരവാനിൽ ഇരുന്ന് സെൽഫി എടുത്തു. കുറേനേരം സംസാരിച്ചു.

ജീവിതത്തിൽ തനിക്കുളളതെല്ലാം ദൈവാനുഗ്രഹം കൊണ്ടും കഠിനാദ്ധ്വാനം കൊണ്ട് മാത്രം നേടിയതാണെന്നും ഒന്നും പ്ലാൻ ചെയ്ത് ചെയ്യുന്നയാളല്ല താനെന്നും ഷാജോൺ പറയുന്നു. മിമിക്രി ആർട്ടിസ്റ്റായിരുന്നപ്പോൾ ആത്മസമർപ്പണത്തോടെ ആ ജോലി ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്. നൂറോളം സിനിമകൾ ചെയ്തു കഴിഞ്ഞപ്പോഴാണ് തനിക്കൊരു മികച്ച വേഷം ലഭിച്ചതെന്നും ഷാജോൺ പറഞ്ഞു. എത്ര ചെറിയ വേഷമാണെങ്കിലും നൂറു ശതമാനം ഭംഗിയാക്കാൻ ശ്രമിക്കാറുണ്ടെന്നും ഷാജോൺ അഭിമുഖത്തില്‍ പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE