കുതിപ്പിനിടെ വിവാദക്കുരുക്കിൽ 'സർക്കാരും' വിജയും; തീവ്രവാദമെന്ന് മന്ത്രി; നടപടിക്ക് സാധ്യത

vijay-sarkar-controversy
SHARE

വിജയ് ചിത്രം സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് തമിഴ്നാട് മന്ത്രി സി വി ഷൺമുഖൻ. ചിത്രത്തെ തീവ്രവാദപ്രവർത്തനത്തോടാണ് മന്ത്രി ഉപമിച്ചത്. വിജയ്ക്കെതിരെയും അണിയറപ്രവർത്തകർക്കെതിരെയും നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. 

'സമൂഹത്തില്‍ കലാപമുണ്ടാക്കാനാണ് ചിത്രം ശ്രമിക്കുന്നത്. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്ന തീവ്രവാദിയെപ്പോലെയാണ് ചിത്രം. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ സർക്കാരിനെ താഴെയിറക്കാനാണ് ചിത്രം ശ്രമിക്കുന്നത്', ഷണ്മുഖൻ പ്രതികരിച്ചു. റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ തമിഴ്നാട് സർക്കാർ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസം മറ്റൊരു മന്ത്രിയും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ വിവാദരംഗങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. 

ചിത്രത്തിലെ പുകവലി രംഗങ്ങളുടെ പേരിൽ സംവിധായകൻ എ ആർ മുരുകദോസിനും വിജയ്ക്കും തമിഴ്നാട് ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്ന തമിഴ്നാട്ടിലെ ചില തിയറ്ററുകൾക്ക് മുന്നിൽ എഐഎഡിഎംകെ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. വിവാദരംഗങ്ങൾ നീക്കം ചെയ്യുംവരെ പ്രതിഷേധം തുടരുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. 

അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജനകീയ പദ്ധതികൾക്കെതിരെയുള്ള ചിത്രത്തിലെ രംഗങ്ങളാണ് വിവാദമായത്. പിന്നാലെ ചിത്രത്തിനെതിരെ തമിഴ്നാട്ടിൽ പലയിടത്തും പ്രതിഷേധപ്രകടനങ്ങൾ നടന്നു. 

റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ 100 കോടി കളക്ഷൻ നേടി കുതിപ്പ് തുടരുകയാണ് സർക്കാർ. എ ആർ മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായികയായെത്തുന്നത്. 

MORE IN ENTERTAINMENT
SHOW MORE