സിനിമയിൽ അഭിനയിക്കുന്നോ.. മഞ്ജുവിന്റെ ചോദ്യം; പഠിച്ചാൽ മതിയെന്ന് കാർത്യായനിയമ്മ

karthiyani-amma-manju
SHARE

കാർത്യായനി അമ്മയും മ‍ഞ്ജു വാരിയരും കണ്ടുമുട്ടി; ചേർത്തു പിടിച്ചു മഞ്ജു ഒരു സെൽഫിയെടുത്തു. അതിൽ കാർത്യായനിയമ്മയുടെ ചിരിക്കും താരത്തിളക്കം. പൊന്നുപോലെ മിന്നുന്ന സാക്ഷരതാ പരീക്ഷാജയം നേടിയ മുത്തശ്ശിക്കു മഞ്ജു മുണ്ടുംനേര്യതും സമ്മാനിച്ചു. പൊന്നാടയണിയിച്ചു. കേക്ക് മുറിച്ച് ആഘോഷിച്ചു.

സെൽഫിയെടുത്ത ശേഷം മഞ്ജു കാർത്യായനിയമ്മയോടു ചോദിച്ചു: ‘ഇനിയെന്താണ് ആഗ്രഹം?’‘കംപ്യൂട്ടർ പഠിക്കണം.’ ‘സിനിമയിൽ അഭിനയിക്കുന്നോ?’തൊഴുകൈയോടെ മറുപടി: ‘വേണ്ട. പഠിക്കാനാണിഷ്ടം.’ചുറ്റും നിന്നവരുടെ പൊട്ടിച്ചിരിയിൽ കാർത്യായനി അമ്മയും കൂടി.97–ാം വയസ്സിൽ അക്ഷരലക്ഷം പരീക്ഷയിൽ ഗംഭീര ജയം നേടി കാർത്യായനി അമ്മ വാർത്താതാരമായപ്പോൾ അവരെ കാണണമെന്ന ആഗ്രഹം സാക്ഷരതാ മിഷൻ അംബാസഡറായ മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

ഇന്നലെ രാവിലെ അതിനു സന്ദർഭമൊരുങ്ങി.സന്തോഷ് ശിവന്റെ ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിനായി ഹരിപ്പാട്ടുണ്ടായിരുന്നു മഞ്ജു. ക്രയോൺസ് ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടനയുടെ പ്രവർത്തകരാണു രണ്ടു ‘താരങ്ങളുടെ’ സംഗമത്തിനു വഴിയൊരുക്കിയത്.ഹരിപ്പാട് സ്വദേശിയായ ക്രയോൺസ് ചെയർമാൻ ഏബ്രഹാം കോശി മുൻകൈയെടുത്തു.‘വലിയ സന്തോഷമുള്ള കാര്യം’ എന്ന ആമുഖത്തോടെയാണു മഞ്ജു കാർത്യായനി അമ്മയുമായി കുശലം പറഞ്ഞത്. 

MORE IN ENTERTAINMENT
SHOW MORE