കുഴപ്പം മോഹന്‍ലാലിന്‍റെയല്ല; അകലാനുള്ള കാരണം തുറന്നുപറഞ്ഞ് വിനയന്‍

mohanlal-vinayan-radio
SHARE

മോഹൻലാലുമായി തെറ്റാനുള്ള കാരണം തുറന്നുപറ‍ഞ്ഞ് സംവിധായകൻ വിനയൻ. സൂപ്പർസ്റ്റാർ എന്ന സിനിമ ചെയ്തതാണ് എല്ലാത്തിന്റെയും തുടക്കം. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനയൻ മനസ്സുതുറന്നത്. 

1990ലാണ് സൂപ്പർസ്റ്റാർ എന്ന ചിത്രം പുറത്തിറങ്ങിയത്. ആ ചിത്രത്തിൽ മോഹൻലാലുമായി രൂപസാദൃശ്യമുള്ള ഒരു നടനെ വിനയൻ അവതരിപ്പിച്ചിരുന്നു. മോഹൻലാലിന്റെ ഹിസ്ഹൈനസ് അബ്ദുള്ളക്കൊപ്പമാണ് സൂപ്പർസ്റ്റാർ റിലീസ് ചെയ്യുന്നത്. അതേക്കുറിച്ച് വിനയൻ പറയുന്നത് ഇങ്ങനെ:

മോഹൻലാലിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് അങ്ങനെയൊരു സിനിമയെടുത്തത്. വിനയൻ സൂപ്പർസ്റ്റാർ ഇറക്കിയത് മോഹൻലാലിനെ തകർക്കാനാണെന്ന് ചിലർ പറഞ്ഞുപരത്തി. ഹിസ്ഹൈനസ് അബ്ദുള്ളയെപ്പോലൊരു സിനിമയെ തകര്‍ക്കാൻ വേണ്ടിയാണോ ഞാൻ ആ സിനിമ ഉണ്ടാക്കിയത്? എന്തൊരു വിഡ്ഡികളാണ് അവർ. അദ്ദേഹത്തിന് ചുറ്റുമുള്ളവരും ചില ആരാധകരും ചേർന്നാണ് പ്രശ്നങ്ങളുണ്ടാക്കിയത്. അല്ലാതെ മോഹൻലാലിന്റെ കുഴപ്പം കൊണ്ട് സംഭവിച്ചതല്ല.

പിന്നീടൊരിക്കൽ മോഹൻലാലിനെ നേരിട്ട് കാണുകയും ആ പിണക്കം മാറുകയും ചെയ്തു. പൊള്ളാച്ചിയിൽ ഞാനൊരു തമിഴ് ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു ചിത്രം ഒരുമിച്ച് ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. സംവിധായകരെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്നയാളാണ് മോഹൻലാൽ. ഞാൻ ഒരു സബ്ജക്ട് തീരുമാനിക്കാമെന്ന് പറഞ്ഞു.

എന്നാൽ ആ സമയത്താണ് ഫിലിം ചേംബറിന്റെ പ്രശ്നമുണ്ടാകുന്നത്. നടന്മാരും നടിമാരും സിനിമകളിൽ കരാർ ഒപ്പുവെക്കണം എന്ന് ചേംബർ പറഞ്ഞു. എന്നാൽ അമ്മ അതിനെ എതിർത്തു. ആ വിഷയത്തിൽ ഞാൻ ചേംബറിനൊപ്പമായിരുന്നു. ആ കരാർ നല്ലതാണെന്ന് എനിക്ക് തോന്നി. ലക്ഷങ്ങൾ മുടക്കുന്ന ഒരു കച്ചവടമാണ് സിനിമ. അതിൽ ഒരു കരാർ ഉണ്ടാകുന്നതിൽ എന്താണ് പ്രശ്നം? ആ വിഷയത്തിൽ വീണ്ടും അഭിപ്രായവ്യത്യാസമുണ്ടായി. ഞാനും ലാലും എതിർവശത്തായി. അങ്ങനെ തെറ്റി.

പിന്നീടാണ് ദിലീപിന്റെ വിഷയം വന്നത്. ചിത്രങ്ങൾ പരാജയപ്പെട്ടതുകൊണ്ട് സിനിമയിൽ നിന്ന് ഒരു സംവിധായകനെ മാറ്റണം എന്ന വിഷയമുണ്ടായിരുന്നു. അതിനും ഞാൻ കൂട്ടുനിന്നില്ല. അതോടെ ഞാൻ വേണ്ടെന്നായി, വിനയൻ പറഞ്ഞു. 

കാട്ടുചെമ്പകം എന്ന സിനിമ ചെയ്തതിൽ ഇപ്പോഴും ഖേദമുണ്ട്. സിനിമകൾ ഹിറ്റായി വന്നപ്പോഴുണ്ടായ ആത്മവിശ്വാസത്തിൽ ചെയ്തുപോയ സിനിമയാണത്. എന്നാൽ അതിന്റെ കഥ തന്റെ കയ്യിൽ നിന്ന് പോയിരുന്നെന്നും വിനയൻ വെളിപ്പെടുത്തി.

MORE IN ENTERTAINMENT
SHOW MORE