‘അമ്മ’യില്‍ ഉള്‍പ്പോര്; സ്ത്രീ അവര്‍ക്ക് അലങ്കാരവസ്തു; ആഞ്ഞടിച്ച് വീണ്ടും ഡബ്ല്യുസിസി

wcc-amma-meeting
SHARE

നേര്‍ക്കുനേര്‍ പോരാട്ടം പ്രഖ്യാപിച്ച രണ്ട് വാര്‍ത്താസമ്മേളനത്തിന് പിന്നാലെ അമ്മയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഡബ്ല്യുസിസി. ദിലീപിനെതിരെ സംഘടന ബൈലോ പ്രകാരം നടപടിയെടുക്കാത്തത് നിരാശാജനകമാണ്. ദിലീപ് ഇപ്പോള്‍ ‘അമ്മ’  അംഗമല്ലെന്നത് സ്വാഗതാര്‍ഹമാണ്. മാതൃകാപരമായ തീരുമാനം അമ്മയില്‍ നിന്ന് ഉണ്ടാകേണ്ടതായിരുന്നുവെന്നും ഇരയായ നടി രാജിവച്ചത് സംഘടനയുടെ പക്ഷപാത നിലപാട് മൂലമാണെന്നും അവര്‍ പെ,്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മീ ടു ആരോപണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ‘മീ ടു’ വെളിപ്പെടുത്തല്‍ നടത്തിയവരെ പിന്തുണയ്ക്കുന്നുവെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. 

രാജ്യം മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണയ്ക്കുന്ന കാലത്തും പരസ്പരവിരുദ്ധ പ്രസ്താവനകളും ഉൾപ്പോരുകളും സ്ത്രീയെ അലങ്കാരവസ്തുവായി കാണുന്ന മനോഭാവവുമാണ് അമ്മയില്‍.  അതു ദൗർഭാഗ്യകരമാണെന്നും മലയാള സിനിമാ ലോകത്തെ ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും ചൂഷണങ്ങളെ നിസ്സാരവൽക്കരിക്കാനുമുള്ള ശ്രമങ്ങളോടു പ്രതിഷേധിക്കുന്നെന്നും ഡബ്ല്യുസിസി ഫെയ്സ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. 

കുറ്റാരോപിതനായ ദിലീപ് ഇപ്പോൾ അമ്മയുടെ അംഗമല്ലെന്ന വാർത്ത ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നിരുന്നാലും തങ്ങളുടെ ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയിൽ നിരാശയുണ്ടെന്നും കുറിപ്പിൽ പറയുന്നു. അക്രമത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവർത്തകയെയും അവൾക്കൊപ്പം മറ്റു മൂന്നു പേരെയും രാജി വെക്കാൻ നിർബന്ധിതരാക്കിയത് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത അവർ അവഗണിക്കുകയാണെന്ന വിമർശനവും കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്. അതിക്രമങ്ങളെക്കുറിച്ചു തുറന്നു പറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ്, ശ്രീദേവിക, ശ്രുതി ഹരിഹരൻ എന്നിവർക്കു പിന്തുണ അറിയിക്കുന്ന കുറിപ്പ്, ചെറുത്തുനിൽപ്പിൽ അവർക്കൊപ്പമുണ്ടാകുമെന്നും വ്യക്തമാക്കുന്നു. 

അമ്മയിൽനിന്നു ദിലീപ് രാജി വച്ചതായി കഴിഞ്ഞ ദിവസം അമ്മ പ്രസിഡന്റ് മോഹൻലാൽ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഡബ്ല്യുസിസിയുടെ ആവശ്യം പരിഗണിച്ച് ദിലീപിനോടു രാജി ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജിവച്ച നടിമാർക്ക് അമ്മയിലേക്കു തിരികെ വരാം, പക്ഷേ അതിനു അപേക്ഷ നൽകുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി. അതേസമയം, രാജിവച്ച നടിമാർ മാപ്പു പറയണമോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ അദ്ദേഹം തയാറായതുമില്ല. തിരിച്ചുവരാൻ അവർ മാപ്പു പറയേണ്ടതില്ലെന്നും എന്നാൽ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 

MORE IN ENTERTAINMENT
SHOW MORE