അവസരം കുറഞ്ഞു; ഒറ്റപ്പെട്ടു: ഞങ്ങളോട് സംസാരിക്കുന്നതിനും വിലക്ക്: ഉള്ളുതുറന്ന് പാര്‍വതി

parvathi-thiruvoth3
ചിത്രം കടപ്പാട് ഫിലിം കംപാനിയൻ
SHARE

ഡബ്ല്യുസിസിയിൽ പ്രവർത്തിച്ചു തുടങ്ങിയതോടെ സിനിമയിൽ അവസരങ്ങൾ കുറഞ്ഞുവെന്ന് നടി പാർവതി. ഇത്തരം മറ്റിനർത്തലുകൾ ഭയന്നാണ് ആരും അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാത്തതെന്നും പാർവതി പറയുന്നു. ഞങ്ങളുടെ പേരിനൊപ്പം ഡബ്ല്യൂസിസി കൂടെ വന്ന നിമിഷം തൊട്ട് ഇവിടെ ഞങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയാണ്. ഞങ്ങളോട് സംസാരിക്കുന്നതില്‍ പോലും മറ്റുള്ളവര്‍ക്ക് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്, പാർവതി ഫിലിം കമ്പാനിയൻ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.



ഞങ്ങള്‍ക്ക് ജീവനില്‍ പേടിയുണ്ട്. ഞങ്ങളുടെ മാതാപിതാക്കളുടെ ജീവനില്‍ പേടിയുണ്ട്. ഞങ്ങള്‍ സംസാരിച്ചാല്‍ അവര്‍ ഞങ്ങളുടെ വീടുകള്‍ക്ക് ചിലപ്പോള്‍ തീയിട്ടേക്കാം; പാര്‍വ്വതി പറഞ്ഞു.



തനിക്ക് ഇപ്പോള്‍ ആകെ ഒരു അവസരം മാത്രമാണ് സിനിമയില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്നും പാർവതി വ്യക്തമാക്കി. കഴിഞ്ഞനാലു വര്‍ഷങ്ങളില്‍ തന്റെ സിനിമകളെല്ലാം തന്നെ മാസങ്ങളോളം തിയേറ്ററുകളില്‍ ഓടിയിട്ടുണ്ട്, എല്ലാം സൂപ്പര്‍-ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ തനിക്കിപ്പോള്‍ ഒരേയൊരു അവസരമാണ് ഉള്ളത്. എംബിഎ ചെയ്താല്‍ മതിയായിരുന്നു എന്നാണ് ഇപ്പോള്‍ തന്റെ അമ്മ പറയുന്നതെന്നും പാർവതി പറയുന്നു.



ബോളിവുഡില്‍ അഭിനേത്രികള്‍ തുറന്നുപറച്ചിലിനു തയ്യാറായി മുന്നോട്ടു വരുമ്പോള്‍ നിങ്ങള്‍ക്ക് ജോലി നഷ്ടപ്പെടില്ല എന്ന് ഉറപ്പുനല്‍കുന്ന നിര്‍മ്മതാക്കളും പ്രൊഡക്ഷന്‍ ഹൗസുകളും അവിടെയുണ്ട്, എന്നാല്‍ മലയാളത്തില്‍ അതില്ലെന്ന് പാര്‍വ്വതി പറയുന്നു.



പുസ്തകങ്ങളിലും, കടലാസുകളിലും കേരളമെന്നാല്‍ പുരോഗമനാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംസ്ഥാനമാണ്. എന്നാല്‍ ഇവിടെ അന്ധമായ താരാരാധന ഉള്ള ഇടമാണ് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യമെന്നും പാര്‍വ്വതി പറയുന്നു. ഓണ്‍ലൈന്‍ ആക്രമണങ്ങള്‍, കൊലപാതക ഭീഷണി, ബലാത്സംഗ ഭീഷണി തുടങ്ങി ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടാസംഘങ്ങളായി മാറുന്ന ഒരു കാഴ്ചയാണ് കേരളത്തില്‍ കാണുന്നത് , പാർവതി പറയുന്നു.

MORE IN ENTERTAINMENT
SHOW MORE