വിസ്മയിപ്പിക്കാൻ കുഞ്ഞാലിമരയ്ക്കാർ; കല്ല്യാണിയുടെ പുതിയ വെളിപ്പെടുത്തൽ; ആകാക്ഷ

kalyani-fb-post
SHARE

തെന്നിന്ത്യസിനിമാലോകം  ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രത്തെ കുറിച്ച് കൗതുകകരമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കല്ല്യാണി പ്രിയദർശൻ. കീർത്തി സുരേഷിന്  പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് ആരാധകരുടെ ആവേശം കൂട്ടുന്ന  ആ രഹസ്യം കല്യാണി പുറത്തുവിട്ടത്.  മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയിൽ കീർത്തി സുരേഷും കല്യാണിയും ഒന്നിക്കുന്നു. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നും കല്യാണി വെളിപ്പെടുത്തി. 

കല്യാണിയുടെ വാക്കുകൾ ഇങ്ങനെ: ഈ കുസൃതിക്കുരുന്നുകൾ വലുതാവുമ്പോൾ നമ്മെപ്പോലെ രണ്ടുപേരാകുമെന്ന് നമ്മുടെ മാതാപിതാക്കൾ എപ്പോഴെങ്കിലും ചിന്തിച്ചിരിക്കുമോ? പിറന്നാൾ ആശംസകൾ കിറ്റി!! ഞാൻ നിന്നോടു പറഞ്ഞിട്ടുള്ളതുപോലെ തന്നെ, ഓരോ വർഷവും പുതിയ ഉയരങ്ങളിലെത്താൻ കഴിയുന്നത് മനോഹരമായ അനുഭവമാണ്. കഴിഞ്ഞ വർഷം അതിന്റെ കൊടുമുടിയിലായിരുന്നല്ലോ! ഈ വർഷം എങ്ങനെയാണ് നീ സ്വയം പുതിയ ഉയരങ്ങൾ കണ്ടെത്തുന്നതെന്ന് കാണാനുള്ള ആവേശത്തിലാണ് ഞാൻ. സണ്ടക്കോഴി 2നും സർക്കാരിനും ആശംസകൾ! നാം ഒരുമിച്ചുള്ള മരയ്ക്കാറിനായി ഡിസംബർ വരെ കാത്തരിക്കാൻ വയ്യ!

വമ്പൻ താരനിര അണിനിരക്കുന്ന പ്രയിദർശന്റെ മരയ്ക്കാറിൽ കീർത്തി സുരേഷിന്റെ പേര് ഉയർന്നു കേട്ടിരുന്നുവെങ്കിലും അണിയറ പ്രവർത്തകർ അക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. കല്യാണിയുടെ പോസ്റ്റോടെ ഇക്കാര്യം ഉറപ്പായി. ദിലീപ് നായകനായ റിങ് മാസ്റ്ററാണ് കീർത്തി സുരേഷ് ഇതിനു മുൻപ് അഭിനയിച്ച മലയാള ചിത്രം. മലയാളത്തിൽ നിന്ന് ഇടവേളയെടുത്ത കീർത്തി തമിഴിലും തെലുങ്കിലും വമ്പൻ ഹിറ്റുകൾ നൽകി. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഗീതാഞ്ജലിയാണ് കീർത്തി നായികയായ ആദ്യ മലയാളചിത്രം. അതേസമയം, തെലുങ്കിൽ അരങ്ങേറ്റം കുറിച്ച കല്യാണി പ്രിയദർശന്റെ ആദ്യ മലയാളചിത്രമാകും കുഞ്ഞാലി മരയ്ക്കാർ. ചിത്രത്തിൽ പ്രണവ് മോഹൻലാലും ഉണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE