വിനീതിനെ ചോദിച്ച് വിളിയോടുവിളി; സഹികെട്ടപ്പോള്‍ സാക്ഷാല്‍ വിനീത് തന്നെ രക്ഷക്കെത്തി

vineeth-vishnu
SHARE

ഹലോ വിനീത് അല്ലേ? അല്ലെന്ന് മറുപടി പറഞ്ഞ് വിഷ്ണു മടുത്തു, അവസാനം ഗത്യന്തരമില്ലാതെ സമൂഹമാധ്യമത്തിൽ ഈ ഫോൺ വിളി അവസ്ഥയെക്കുറിച്ച് പോസ്റ്റിട്ടതോടെ ചെർപ്പുളശ്ശേരിക്കാരൻ വിഷ്ണു പ്രസാദിന്റെ രക്ഷയ്ക്ക് വിനീത് ശ്രീനിവാസൻ തന്നെ എത്തി. 

വിനീത് വർഷങ്ങൾക്ക് മുൻപ് എടുത്ത കണക്ഷൻ പിന്നീട് കമ്പനി കട്ട് ചെയ്തു. ശേഷം അതെ നമ്പർ വർഷങ്ങൾക്ക് ശേഷം വിഷ്ണുവിന് ലഭിക്കുകയും ചെയ്തതോടെയാണ് ഫോൺവിളികളും ഘോഷയാത്ര തുടങ്ങിയത്. വിഷ്ണുവിന് ലഭിക്കുന്ന ഏകദേശം എല്ലാ ഫോൺ വിളികളും പലപ്പോഴും കരഞ്ഞ് കൊണ്ടും സങ്കടം കൊണ്ടുമാണെന്നാണ് വിഷ്ണു പറയുന്നത്. 

ദയവ് ചെയ്ത് വിനീത് ശ്രീനിവാസന് ഫോൺ കൊടുക്കണമെന്ന് കാല് പിടിച്ച് പറഞ്ഞ നിരവധി പേരുണ്ട്. ഏറ്റവും ഒടുവിൽ ഒരാൾ വിളിച്ച് കരഞ്ഞ് കൊണ്ട്, 'എന്റെ ജീവിതമാ സാറേ, ദൈവത്തെ ഓർത്തു വിനീത് സാറിനു ഫോൺ കൊടുക്കണേ എന്നൊക്കെ" വിളിച്ചു പറഞ്ഞത് കൊണ്ടാണ് ഇക്കാര്യം സമൂഹമാധ്യമത്തിൽ പറയാൻ തീരുമാനിച്ചതെന്ന് വിഷ്ണു പറയുന്നു. ഇത് വഴി വിനീത് ശ്രീനിവാസനിൽ കാര്യം എത്തുകയും അദ്ദേഹം ഔദ്യോഗികമായി തന്നെ തിരുത്തുകയും ചെയ്യും എന്ന ധാരണയിലാണ് അങ്ങനെ ചെയ്തെതെന്ന് വിഷ്ണു പറയുന്നു.

പോസ്റ്റ് വൈറലായതോടെ സംഭവം വിനീത് ശ്രീനിവാസനും അറിഞ്ഞു.  ഔദ്യോഗികമായ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തന്നെ വിനീത് തിരുത്തുമായി വന്നിരിക്കുകയാണ്. താൻ കാരണം ബുദ്ധിമുട്ട് അനുഭവിച്ചതിന് വിഷ്ണുവിനോട് മാപ്പും പറഞ്ഞിട്ടുണ്ട് വിനീത്. തന്റെ പേരിലുള്ള Vineeth_Sree എന്ന ട്വിറ്റർ അക്കൗണ്ട് വ്യാജമാണെന്നും വിനീത് ശ്രീനിവാസൻ പറയുന്നു. ഏതായാലും ഈ ഫോൺ നമ്പർ കാരണമുള്ള ബുദ്ധിമുട്ട് ഒഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിഷ്ണു ഇപ്പോൾ.

MORE IN ENTERTAINMENT
SHOW MORE