ഇനി സംവിധായകന്‍; എന്തുകൊണ്ട് നായകനായി പൃഥ്വി..? ഷാജോണ്‍ പറയുന്നു: അഭിമുഖം

prthviraj-shajohn
SHARE

കോമഡി വേഷങ്ങളിൽ നിന്നും ഗൗരവക്കാരനായും സ്വഭാവ നടനായും കലാഭവൻ ഷാജോണിന്റെ രൂപമാറ്റം വളരെ വേഗത്തിലായിരുന്നു. അപ്പോഴും ചിരിവേഷങ്ങളെ കൈവിട്ടുമില്ല ഈ നടന്‍. ഇപ്പോഴിതാ നടനിൽ നിന്നും സംവിധായകന്റെയും തിരക്കഥാകൃത്തിന്‍റെയും വേഷത്തിലേക്ക് കടക്കുകയാണ് ഷാജോൺ. വളരെ നാളായുള്ള സംവിധാനമെന്ന ആഗ്രഹം പൂവണിയുകയാണ് പുതിയ ചിത്രമായ ബ്രദേഴ്സ് ഡേയിലൂടെ. പൃഥ്വിരാജിനെ നായകനാക്കി ചെയ്യുന്ന ചിത്രത്തെക്കുറിച്ച് മനോരമന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ഷാജോൺ.

എന്താണ് പുതിയ ചിത്രം പറയുന്നത്?

ബ്രേദേഴ്സ് ഡേ എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതൊരു ഫാമിലി എന്റർടെയിനർ ആയിരിക്കും, തമാശയും, പ്രണയവും ത്രില്ലും  എല്ലാം ഇൗ ചിത്രത്തിലുണ്ടാകും. 

കഥ, തിരക്കഥ ‌, സംവിധാനം എല്ലാം സ്വന്തമായാണോ ചെയ്യുന്നത്?

അതെ, സത്യത്തിൽ മറ്റൊരാളെക്കൊണ്ട് സംവിധാനം ചെയ്യിക്കാനിരുന്ന ചിത്രമാണ് ഇത്. 2016 ലാണ് പൃഥ്വിയോട് കഥ പറയുന്നത്. പൃഥ്വിക്ക് കുറെ ചിത്രങ്ങൾ ചെയ്യാനുണ്ടായിരുന്നതിനാൽ സിനിമ നീണ്ടുപോകുകയായിരുന്നു. പൃഥ്വി ആണ് പറഞ്ഞത്  ചേട്ടൻ തന്നെ സംവിധാനം ചെയ്താൽ മതിയെന്ന്. അങ്ങനെയാണ് സംവിധാകനാകുന്നത്. സംവിധാന മോഹം പണ്ടേ ഉണ്ടായിരുന്നു. പക്ഷെ അതൊരു വിദൂര സ്വപ്നമായിരുന്നു. ദൃശ്യം സിനിമയ്ക്കു മുന്‍പേ എഴുതിത്തുടങ്ങിയതാണ്. പിന്നീട് അഭിനയത്തിരക്കിലായി. അഭിനയത്തിന്റെ ഇടവേളകളിൽ എഴുതിത്തീർത്ത ചിത്രമാണിത്.

എന്തുകൊണ്ട് പൃഥ്വി?

കഥ എഴുതിക്കഴിഞ്ഞപ്പോൾ പൃഥ്വിയുടെ മുഖമാണ് മനസിൽ വന്നത്. കഥാപാത്രത്തെ നന്നായി ചെയ്യാൻ പൃഥിക്കു സാധിക്കും. എന്തുകൊണ്ടാണ് പൃഥ്വി എന്ന് സിനിമകാണുമ്പോൾ മനസിലാകും. ചിത്രത്തിൽ മലയാളത്തിലെ നാല് നായികമാരുണ്ടാകും. മറ്റുകഥാപാത്രങ്ങളുടെ കാര്യത്തിൽ തീരുമാനമാകുന്നതേ ഉള്ളൂ. മന്ത്രാ പ്രോഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. അടുത്തവർഷം ആദ്യത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും. ലൂസിഫറിനു ശേഷം പൃഥി നിർമിക്കുന്ന ഒരു ചിതം കൂടി പൂർത്തിയാക്കാനുണ്ട്. അതിനുശേഷമാകും ബ്രദേഴ്സ് ഡേ.

 

അഭിനയം തുടരില്ലേ?

തീർച്ചയായും, സംവിധായകനായി തുടരണമോ എന്ന് ബ്രദേഴ്സ് ഡേ കണ്ട്കഴിഞ്ഞ് പ്രേക്ഷകർ തീരുമാനിക്കും.

MORE IN ENTERTAINMENT
SHOW MORE