രണ്ടാമൂഴം: ശ്രീകുമാര്‍ തന്നെ സംവിധാനം ചെയ്യുമെന്ന് പറയാനാകില്ല: ഞെട്ടിച്ച് നിര്‍മാതാവ്

randamoozham
SHARE

രണ്ടാമൂഴം സിനിമ സംബന്ധിച്ച വിവാദങ്ങളില്‍ വീണ്ടും പുതിയ വഴിത്തിരിവ്. മഹാഭാരതത്തെ അടിസ്ഥാനമാക്കി താന്‍ നിര്‍മിക്കുന്ന സിനിമ ശ്രീകുമാർ മേനോൻ തന്നെ സംവിധാനം ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന്   നിർമ്മാതാവ് ബി.ആർ.ഷെട്ടി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബി.ആർ ഷെട്ടിയുടെ വെളിപ്പെടുത്തൽ. 

‘കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് അറിയില്ല. രണ്ടാമൂഴമോ മറ്റെന്തെങ്കിലുമോ ആകട്ടെ, മഹാഭാരതം സിനിമയാക്കുക മാത്രമാണ് ലക്ഷ്യം. ഞാനൊരു യഥാര്‍ത്ഥ ഇന്ത്യാക്കാരനാണ്. നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന മഹാഭാരതം സിനിമയാക്കുക മാത്രമാണ് എന്‍റെ ലക്ഷ്യം. ആരുടെ തിരക്കഥ എന്നത് പ്രശ്നമല്ല.’ – ബി.ആര്‍.ഷെട്ടി അഭിമുഖത്തില്‍പറഞ്ഞു. വി.എ.ശ്രീകുമാര്‍ മേനോന്‍ ചിത്രം സംവിധാനം ചെയ്യുമോയെന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ ഉറപ്പ് പറയാറായിട്ടില്ല എന്ന മറുപടിയാണ് ഷെട്ടി നല്‍കിയത്. പണമുണ്ടാക്കാനായല്ല താന്‍ ഈ സിനിമ നിര്‍മ്മിക്കുന്നത് എന്നും അദ്ദേഹം പറ‍ഞ്ഞു.

രണ്ടാമൂഴത്തിന്റെ തിരക്കഥയില്‍ ശ്രീകുമാര്‍മേനോന്‍ സിനിമയൊരുക്കുന്നത് കോഴിക്കോട് മുന്‍സിഫ് കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. എം.ടിയുടെ ഹർജി ഫയലില്‍സ്വീകരിച്ചായിരുന്നു‌ കോടതി ഉത്തരവ്. മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്ന് എം.ടി അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന ചിത്രമാണ് രണ്ടാമൂഴം. ചിത്രത്തിന്റെ ചിത്രീകരണം വൈകുന്നതില്‍പ്രതിഷേധിച്ചായിരുന്നു എം.ടിയുടെ അപ്രതീക്ഷിത പിന്‍മാറ്റം. 

സിനിമയുടെ പുരോഗതി എം.ടി.യെ അറിയിക്കാന്‍ കഴിയാതെപോയത് തന്റെ വീഴ്ചയാണെന്ന് സമ്മതിച്ച് ശ്രീകുമാര്‍ മേനോനും രംഗത്തെത്തിയിരുന്നു. ഒരുപാട് രാജ്യാന്തര കരാറുകള്‍ ഉള്‍പ്പടെ ആവശ്യമായതിനാലാണ് സിനിമയ്ക്ക് സമയമെടുക്കുന്നത്.  അടുത്ത ജുലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുമെന്ന് എം.ടിയെ നേരിട്ട്കണ്ട് ഇക്കാര്യം ബോധിപ്പിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ എംടിയെ കണ്ട ശേഷവും പ്രതിസന്ധി തുടരുകയാണ് എന്നാണ് വിവരം. ഇതിനിടെയാണ് ശ്രീകുമാര്‍ മേനോന്‍ തന്നെ സംവിധാനം ചെയ്യുമോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്ന് നിര്‍മാതാവ് തന്നെ പറയുന്നത്. 

MORE IN ENTERTAINMENT
SHOW MORE