‘തൃഷയെ ഇതുവരെ കണ്ടില്ല; വിജയ് സേതുപതി തേടിയെത്തി കൈതന്നു’: ആ മലയാളിക്കുട്ടി ഇതാ

janu-gauri-96
SHARE

പ്രണയവും വിരഹവും മനോഹരകാവ്യം പോലെ ചിത്രീകരിച്ച 96 വിജയകരമായി മുന്നേറുമ്പോൾ സിനിമയിലെ 'കുട്ടി ജാനു' ഇപ്പോഴും വിസ്മയത്തിലാണ്. തൃഷയുടെ കൗമാരം അവതരിപ്പിച്ച ഗൗരി.ജി.കിഷൻ എന്ന പെൺകുട്ടി ആരാധകരുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ്. ദേശാഭാഷാ ഭേദമില്ലാതെയാണ് ജാനുവിനെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുനിറുത്തുന്നത്. മലയാളി കൂടിയായ ഗൗരി എന്ന ജാനും 96ന്റെ വിശേഷങ്ങൾ മനോരമന്യൂസ് ഡോട്ട്കോമുമായി പങ്കുവെക്കുന്നു

തൃഷയോ ഞാനോ!

96ലെ അവസരം തേടി വന്നപ്പോൾ എന്റെ ആദ്യത്തെ പ്രതികരണം ഇതായിരുന്നു. എനിക്ക് തൃഷയുടെ ഛായയൊന്നുമില്ല. അത്ര മെലിഞ്ഞിട്ടൊന്നുമല്ല, കുറച്ച് തടിയുണ്ട്, പൊക്കവും കുറവാണ്.  പിന്നെ എങ്ങനെ മാഡത്തിന്റെ കൗമാരം അഭിനയിക്കാൻ പറ്റുമെന്ന സംശയമുണ്ടായിരുന്നു. എന്റെ അങ്കിൾ കൃഷ്ണകുമാറാണ് സിനിമയുടെ കാസ്റ്റിങ്ങ് കോൾ ആദ്യം അയച്ചുതരുന്നത്. അദ്ദേഹത്തിന്റെ സുഹൃത്താണ് സംവിധായകൻ പ്രേം സർ. സിനിമയിലേക്ക് ഓഫർ വരുന്ന സമയത്ത് ഞാൻ പ്ലസ് ടുവിൽ പഠിക്കുകയായിരുന്നു. എന്റെ പ്രായം ഈ കഥാപാത്രത്തിന് അനുയോജ്യമായിരുന്നു.

സിനിമയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത കുടുംബമാണ് എന്റേത്. അതുകൊണ്ടുതന്നെ ഇത് ചെയ്യണോ? വേണോ? തുടങ്ങിയ സംശയങ്ങളുണ്ടായിരുന്നു. പക്ഷെ കുടുംബം പൂർണ്ണപിന്തുണ തന്നു. അപ്പോൾ പിന്നെ അഭിനയത്തിൽ ഒരു കൈ നോക്കാമെന്ന് ഞാനും കരുതി. ഓഡിഷന്റെ സമയത്തുമൊക്കെ ഇത് എനിക്ക് സാധിക്കുമോയെന്ന് ടെൻഷനുണ്ടായിരുന്നു. ഷൂട്ടിങ്ങ് തുടങ്ങി എല്ലാവരുമായി കൂട്ടായിക്കഴിഞ്ഞപ്പോൾ ടെൻഷനൊക്കെ മാറി നന്നായി ചെയ്യാൻ സാധിച്ചു.

സിനിമ കണ്ടുകഴിഞ്ഞപ്പോൾ ഒരുപാട് പേർ തൃഷയുടെ ചിരിയും എന്റെ ചിരിയും ഒരുപോലെയാണെന്നൊക്കെ മെസേജുകൾ അയച്ചു. ഞാനൊരിക്കലും മാമിനെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. സംവിധായകൻ പറഞ്ഞുതന്നതുപ്രകാരം സ്വാഭാവികമായി ചെയ്തതാണ്. എന്നിട്ടും തൃഷയുടെ പോലെയുണ്ടെന്ന് ആളുകൾ അഭിപ്രായം പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. 

trisha

ഞാനിപ്പോഴും സ്വപ്നലോകത്ത്

സിനിമയിൽ ഇങ്ങനെയൊരു അവസരം വരുമെന്നോ? അത് ഇത്ര ഹിറ്റാകുമെന്നോ? ഒന്നും പ്രതീക്ഷിച്ചതല്ല. തൃഷ മാഡത്തിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. അത് അടുത്ത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കണ്ടിട്ടില്ലെങ്കിലും മാഡം എന്റെ അഭിനയത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പങ്കുവെച്ചത്. നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഇത്ര സീനിയറായ ഒരു താരം നല്ലതെന്ന് പറയുന്നത് തന്നെ സന്തോഷകരമാണ്. വിജയ് സേതുപതി സാറിനെ കണ്ടിട്ടുണ്ട്. ഞങ്ങളോടൊപ്പമാണ് അദ്ദേഹവും പടം കാണാൻ എത്തിയത്. തിരക്കുകൾ ഉണ്ടായിരുന്നിട്ടും എന്നെ തേടിപിടിച്ച് അടുത്തുവന്ന് കൈ തന്നു. വളരെ നന്നായി ചെയ്തിട്ടുണ്ടെന്ന് അഭിനന്ദിച്ചു. എല്ലാവരും ഡൗൺ ടു എർത്ത്, മക്കൾ സെൽവൻ എന്നൊക്കെ അദ്ദേഹത്തെക്കുറിച്ച് പറയാറില്ലേ, അതെല്ലാം അക്ഷരാർഥത്തിൽ ശരിയാണ്.

vijay-sethupathi-trisha

ആദിത്യയും ഞാനും ബെസ്റ്റ്ഫ്രണ്ട്സ്

ഓഡിഷന്റെ സമയത്തൊന്നും ആദിത്യയുമായി അത്ര അടുപ്പമില്ലായിരുന്നു. ചിത്രീകരണം തുടങ്ങി, ഞങ്ങളോടൊപ്പം സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ കൗമാരം അവതരിപ്പിക്കുന്ന കുട്ടികളും ചേർന്നതോടെ സെറ്റ് ശരിക്കും ഉത്സവപ്രതീതിയായി. ഷൂട്ടിങ്ങ് കഴിഞ്ഞും ഞങ്ങളെല്ലാവരും ഒരു മുറിയിൽ ഒത്തുകൂടി ഗെയിംസും പാട്ടുമൊക്കെയായി അടിച്ചുപൊളിച്ചു. സിനിമ കഴിഞ്ഞപ്പോഴേക്കും ഞങ്ങളെല്ലാവരും നല്ല കൂട്ടായി. എനിക്ക് എന്റെ ബെസ്റ്റ്ഫ്രണ്ട്സിനെ മിസ് ചെയ്യുന്നത് പോലെയാണ് തോന്നിയത്. 

എന്നെയും ആദിത്യയും പ്രേം സർ ബാലതാരങ്ങളാണെന്ന രീതിയിൽ അല്ല പരിഗണിച്ച്. കാര്യങ്ങളൊക്കെ മനസിലാകുന്ന പ്രായമായതുകൊണ്ട് അതേ ഗൗരവത്തോടെ തന്നെയാണ് ഓരോ സീനും പറഞ്ഞുതന്നത്. എന്ത് എപ്പോൾ വേണമെന്ന് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഞങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ഇത് സഹായിച്ചു. 

gouri-2

ഞാനൊരു മലയാളി

എന്റെ കുടുംബം ചെന്നൈയിൽ സ്ഥിരതാമസാണ്. വളർന്നതും പഠിച്ചതുമെല്ലാം ചെന്നൈയിലാണ്. പക്ഷെ വീട്ടിൽ മലയാളം മാത്രമേ സംസാരിക്കാൻ അനുവദിച്ചിരുന്നുള്ളൂ. അമ്മയുടെ വീട് വൈക്കമാണ്. അച്ഛന്റേത് പത്തനംതിട്ടയാണ്. ചെന്നൈയിലാണെങ്കിലും ബന്ധുക്കളൊക്കെ കേരളത്തിലുണ്ട്. നാടുമായി നല്ല ബന്ധമാണ്. 

സിനിമയോട് നോ ഇല്ല

ബെംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ജേർണലിസത്തിനാണ് പഠിക്കുന്നത്. ജേർണലിസം തന്നെ മതി എന്നായിരുന്നു 96 ഇറങ്ങുന്നതുവരെയുള്ള ചിന്ത. പക്ഷെ ഇനി സിനിമയും ഒപ്പം കൂട്ടും.  മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമൊക്കെ അവസരങ്ങൾ വരുന്നുണ്ട്. എനിക്ക് ചെയ്യാൻ സാധിക്കുന്ന നല്ല കഥാപാത്രങ്ങൾ വന്നാൽ സിനിമയിൽ തുടരാൻ തന്നെയാണ് തീരുമാനം.

MORE IN ENTERTAINMENT
SHOW MORE