‘കാഴ്ച പോയാലെന്താ ചേട്ടാ, എനിക്ക് പാട്ടാണ് വലുത്..’; വാക്കുകള്‍ മുറിഞ്ഞ് സുരാജ്, വിഡിയോ

sumesh-suraj
SHARE

വിധി സമ്മാനിച്ച രോഗത്തിന് തന്റെ ഒരു കണ്ണിനെ ഇരുട്ടാക്കാൻ കഴിഞ്ഞെങ്കിലും അവിടെയും തോൽക്കാതെ സംഗീതവുമായി മുന്നോട്ട് പോകുകയാണ് സുമേഷ് അയിരൂർ. ‘മഴവിൽ മനോരമ’യിലെ മിമിക്രി മഹാമേളയുടെ വേദിയിലെത്തിയ സുമേഷിന്റെ ജീവിതം അടുത്തറിഞ്ഞപ്പോൾ കണ്ടിരുന്നവരുടെ കണ്ണും നിറഞ്ഞു.

ഗ്ലോക്കോമ എന്ന രോഗമാണ് സുമേഷിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും ഇല്ലാതാക്കിയത്. പത്തുവർഷത്തിനുള്ളിൽ അടുത്ത കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. വേദിയിലെ അവിസ്മരണീയ പ്രകടനത്തിനു ശേഷം അദ്ദേഹം തന്റെ അസുഖത്തെ പറ്റി വെളിപ്പെടുത്തിയപ്പോൾ സുരാജ് വെഞ്ഞാറമൂടിനും വാക്കുകളില്ലായിരുന്നു. എന്തെങ്കിലും അത്ഭുതം സംഭവിക്കാൻ ആത്മാർഥമായി പ്രാർഥിക്കുകയാണെന്ന് സുരാജ് സുമേഷിനോടു പറഞ്ഞു. എന്നാൽ സുമേഷിന്റെ മറുപടി സദസ്സിനെയും സുരാജിനെയും ഒരുപോലെ അമ്പരപ്പിച്ചു.

സുമേഷിന്റെ വാക്കുകൾ ഇങ്ങനെ: 'എന്റെ കണ്ണിനെ ബാധിച്ചിരിക്കുന്നത് ഗ്ലോക്കോമ എന്ന അസുഖമാണ്. നേത്രം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയാലും കാഴ്ച വീണ്ടെടുക്കാനാകില്ല. കാരണം ഈ അസുഖം ബാധിക്കുന്നത് നേത്രഞരമ്പുകളെയാണ്. പക്ഷേ, കാഴ്ച നഷ്ടമാകുന്നതിലും എനിക്കു സങ്കടമൊന്നും ഇല്ല ചേട്ടാ... കാരണം അതിലും വലുത് എനിക്കു സംഗീതമാണ്.' യേശുദാസിനെയും എം.ജി. ശ്രീകുമാറിനെയുമെല്ലാം സുമേഷ് വേദിയിലവതരിപ്പിച്ചു. അവിസ്മരണീയ പ്രകടനം കൊണ്ടു കാണികളെ കയ്യിലെടുത്താണ് സുമേഷ് വേദി വിട്ടത്.

MORE IN ENTERTAINMENT
SHOW MORE