തിരക്കഥ ആരുടേതെന്നത് എന്റെ വിഷയമല്ല; രണ്ടാമൂഴം നടക്കും: കടുപ്പിച്ച് ബി.ആര്‍.ഷെട്ടി: വിവാദം

mohanlal-br-shetty
SHARE

മഹാഭാരതത്തിൽ നിന്ന് വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻനായർ പിൻമാറുന്നതിനെ കുറിച്ചോ തിരക്കഥ തിരികെ വാങ്ങുന്നതിനെ കുറിച്ചോ തനിക്ക് ഒന്നും അറിയില്ലെന്ന് രണ്ടാമൂഴത്തിന്റെ നിർമ്മാതാവ് ഡോ. ബിആർ ഷെട്ടി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷെട്ടിയുടെ വാക്കുകള്‍. തിരക്കഥ ആരുടേതാണ് എന്നുളളത് എന്റെ വിഷയമല്ല.  മഹാഭാരതം പോലുള്ള വലിയൊരു കഥ ലോകത്തിന് മുന്നിൽ  അവതരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം അഭിമുഖത്തിൽ ഷെട്ടി പറഞ്ഞു. 

ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അത് എന്റെ കടമയായി കരുതുന്നതായും ഡോ.ബി.ആര്‍.ഷെട്ടി പറഞ്ഞു. ആയിരം കോടിയിലേറെ രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാനിരുന്ന സിനിമയാണ് മഹാഭാരതം. സിനിമാരംഗത്തെ പൊളിറ്റിക്സിനെ കുറിച്ച് എനിക്ക് യാതൊന്നും അറിയില്ല. സിനിമാനിർമ്മാണം എന്റെ ജോലിയല്ല. മഹാഭാരതം അല്ലാതെ മറ്റൊരു സിനിമ നിർമ്മിക്കാൻ ആഗ്രഹമോ ഉദ്ദേശ്യമോ ഇല്ല. തിരക്കഥയുടെ കാര്യത്തില്‍ എനിക്ക് പ്രത്യേകിച്ച് നിര്‍ബന്ധമൊന്നുമില്ല. പ്രാഥമിക ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു. ശ്രീകുമാര്‍ ‍മേനോൻ ഇതുമായി മുന്നോട്ടു പോകുന്നുണ്ട്. മലയാളവും ഹിന്ദിയും ഉൾപ്പെടെ പല ഭാഷകളിലായി സിനിമ നിർമ്മിക്കും. ഇക്കാര്യത്തിലൊന്നും ഇപ്പോഴും ഒരു മാറ്റവും ഇല്ല– ഷെട്ടി പറയുന്നു.

സിനിമയുടെ തിരക്കഥ ആവശ്യപ്പെട്ട് എം.ടി.കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്. 

എംടി പറഞ്ഞത് 

വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ‌് തിരക്കഥ ഒരുക്കിയത‌്. എന്നാൽ താൻ കാണിച്ച ആവേശവും ആത്മാർഥതയും അണിയറ പ്രവർത്തകരിൽനിന്നും ലഭിച്ചില്ല.. നാലുവർഷം മുമ്പാണ‌് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത‌്. തുടർന്ന‌് മലയാളം, ഇംഗ്ലീഷ‌് തിരക്കഥകൾ നൽകി.  മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ  കരാർ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ശ്രീകുമാർ മേനോൻ പറഞ്ഞത്

എംടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ  വീഴ്ചയാണ്. അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാൻ നിറവേറ്റും. രണ്ടാമൂഴം നടക്കും.

ശ്രീകുമാർ മേനോൻ പറയുന്നു. ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാൻ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്. 

ഒരുപാട് അന്താരാഷ്‌ട്ര കരാറുകളും, സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിർമ്മാതാവ് ബി ആർ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദർശിച്ചിരുന്നു.മുൻപ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനിടയാക്കിയതിൽ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും. പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും.മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്ക്. അത് നിറവേറ്റാൻ ബി. ആർ. ഷെട്ടിയെ പോലൊരു നിർമ്മാതാവ് കൂടെയുള്ളപ്പോൾ അത് അസംഭവ്യമാകും എന്ന് ഞാൻ ഭയപ്പെടുന്നില്ല.

MORE IN ENTERTAINMENT
SHOW MORE