മഹാപ്രളയം സിനിമയാകുന്നു; ‘ചങ്കുപറിച്ച് ഒരുമിച്ചുനിന്ന മലയാളികളുടെ കഥ’യുമായി ജൂഡ്

jude-floodmovie
SHARE

കേരളം സാക്ഷ്യം വഹിച്ച മഹാപ്രളയം സിനിമയാകുന്നു. സംവിധായകൻ ജൂഡ് ആന്റണി ജോസഫാണ് പ്രളയം ആസ്പദമാക്കി സിനിമ ചെയ്യാൻ ഒരുങ്ങുന്നത്. ജൂഡ് തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പേരും പുറത്തു വിട്ടിരിക്കുന്നത്. 2403 ഫീറ്റ് എന്നാണ് പേര്. പ്രളയത്തെ അതിജീവിക്കാൻ കേരളത്തിന് കൈത്താങ്ങായ നായകന്മാരുടെ കഥയാണ് ഇതെന്നാണ് ജൂഡ് പറയുന്നത്. 

ആന്റോ ജോസഫാണ് ചിത്രം നിർമിക്കുക. ജോൺ മാന്ത്രിക്കലും ജൂഡ് ആന്റണിയും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ഷാൻ റഹ്മാൻ  സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി ജോണും എഡിറ്റിങ് മഹേഷ് നാരായണനും നിര്‍വഹിക്കും. 

ജൂഡ് ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രളയത്തില്‍ എന്‍റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്ത് കൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്‍. എനിക്കുറപ്പാണ് കേരളം മുഴുവന്‍ ഇത്തരത്തില്‍ അനേകം കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്‌. ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ, ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീരമൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ, ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെ..

അതെ നമ്മുടെ അതിജീവനത്തിന്‍റെ കഥ.

A tribute to the unexpected heroes!!!!

MORE IN ENTERTAINMENT
SHOW MORE