നീ അഭിനയിച്ചാൽ മതിയെന്ന് പരിഹസിച്ച് കമന്റ്; വായടപ്പിച്ച് ടൊവിനോയുടെ മാസ് മറുപടി

tovino-thomas-fb-1
SHARE

പൈറസിക്കെതിരെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പരിഹസിച്ച് കമന്റിട്ട ആരാധകന് മറുപടി നൽകി നടൻ ടൊവിനോ തോമസ്. സിനിമയിൽ നിലയുറിപ്പിച്ചിട്ട് മതി സാമൂഹിക ശുദ്ധീകരണം എന്നുകമന്റിട്ടയാളോട് എന്തുചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാനാണെന്ന് ടൊവിനോ മറുപടി നൽകി. 

റിലീസ് ചിത്രങ്ങളുടെ വ്യാജൻ പുറത്തിറങ്ങുന്നതിലുള്ള പ്രതിഷേധമാണ് ടൊവിനോ പോസ്റ്റിലൂടെ പറഞ്ഞത്. സ്റ്റോപ്പ് പൈറസി എന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിനുതാഴെ വന്ന കമന്റുകളിൽ ഭൂരിഭാഗത്തിനും ടൊവിനോ മറുപടിയും നൽകിയിട്ടുണ്ട്. പോസിറ്റീവ് ആയി നൽകിയ പോസ്റ്റിൽ വന്ന ഒരു കമന്റ് ഇങ്ങനെ:

''ടൊവിനോ, മലയാളത്തിൽ ഒരു ചൊല്ലുണ്ട്. പുത്തനച്ചി പുരപ്പുറവും തൂക്കും എന്ന്. സിനിമാലോകത്ത് വന്നിട്ട് ഇത്രയല്ലേ ആയിട്ടുള്ളൂ, ആദ്യം നീ ഒന്ന് നിലയുറപ്പിക്ക്. എന്നിട്ടാകാം സാമൂഹിക ശുദ്ധീകരണം. നീ അഭിനയിച്ചാൽ മതി, എവിടെ നിന്ന് കാണണം എന്ന് ഞങ്ങൾ തീരുമാനിക്കും.''

കമന്റിന് ടൊവിനോ നൽകിയ മറുപടി ഇങ്ങനെ:

ഞാൻ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാൻ തന്നെയാണ് . നീ അല്ല ! അതെന്നും അങ്ങനെ തന്നെ ആയിരിക്കും . ഞാൻ സിനിമയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും.

മലയാളസിനിമ നന്നാകണമെന്ന് നിർബന്ധമില്ലെന്ന് കമന്റിട്ടയാൾക്ക് സിനിമാപ്രേമികളുടെ കാര്യമാണ് പോസ്റ്റിൽ പറഞ്ഞതെന്നായിരുന്നു താരത്തിന്റെ മറുപടി.

പോസ്റ്റിന്റെ പൂർണരൂപം; 

വർഷങ്ങളായി മലയാളസിനിമയുടെ ശാപം ആണ് പൈറസി .

പൈറസി തടയാൻ അല്ലെങ്കിൽ ഇല്ലാതാക്കാൻ ഫലപ്രദമായ ഒരേയൊരു വഴിയേ ഞാൻ കാണുന്നുള്ളൂ !

'സിനിമാപ്രേമികളായ നമ്മൾ ഇനിമുതൽ ഒരു സിനിമയുടെയും പൈറേറ്റഡ് കോപ്പികൾ ഡൗൺലോഡ് ചെയ്യുകയോ കാണുകയോ ചെയ്യില്ല എന്ന തീരുമാനം എടുക്കുക .'

മറ്റ് ഫിലിം ഇൻഡസ്ട്രികളുമായി തട്ടിച്ചു നോക്കുമ്പോൾ ചെറിയൊരു ഇൻഡസ്ട്രിയാണ് നമ്മുടെ മലയാളം ഇൻഡസ്ട്രി . ചെറിയ ബജറ്റിൽ നമ്മൾ ഒരുക്കുന്ന മലയാള സിനിമകൾ തിയേറ്ററിൽ മത്സരിക്കുന്നത് ഹോളിവുഡ് ബോളിവുഡ് ടോളിവുഡ് കോളിവുഡ് ഉൾപ്പടെയുള്ള വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമകളോടാണ് . എന്നിട്ടും നമ്മൾ തോൽക്കാതെ തലയുയർത്തി നിൽക്കുന്നത് ഇവിടെ സൃഷ്ടിക്കപ്പെടുന്ന സിനിമകളിൽ പണിയെടുക്കുന്നവർ ഇരട്ടി പണിയെടുക്കുന്നതുകൊണ്ടാണ് ()(ഒരിക്കലെങ്കിലും ഷൂട്ടിംഗ് കണ്ടിട്ടുള്ളവർക്ക് മനസ്സിലാവും )

മലയാളസിനിമ നല്ലൊരു കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ അവസരത്തിൽ , അതിന്റെ തണ്ട് തുരക്കുന്ന ഒരു ഏർപ്പാടാണ് ഈ പൈറസി .സിനിമയിലുള്ള ആരോടെങ്കിലും വിരോധമുണ്ടെങ്കിൽ സിനിമ കാണാതിരിക്കാൻ ആർക്കും അവകാശമുണ്ട് പക്ഷെ ഒരു സിനിമയുടെ പൈറേറ്റഡ് കോപ്പി അപ്‌ലോഡ് ചെയ്യുന്നത് നിയമപരമായി ഒരു ക്രിമിനൽ കുറ്റം ആണ് .അത് ഡൗൺലോഡ് ചെയ്ത് കാണുന്നവർ കൂട്ടുപ്രതികളും ആവുന്നു . (കള്ളനോട്ട് അടിക്കുന്നതും അത് വാങ്ങി ഉപയോഗിക്കുന്നതും പോലെ .)

കഷ്ടമാണ് .

ഇത് ചെയ്യുന്നവർ ഒരുപക്ഷെ അറിവില്ലായ്മ കൊണ്ടായിരിക്കാം അല്ലെങ്കിൽ തുച്ഛമായ വരുമാനത്തിന് വേണ്ടി ആയിരിക്കാം ഇത് രണ്ടും അല്ലെങ്കിൽ ഒരു സാഡിസ്റ്റിക് സുഖത്തിനു വേണ്ടിയും ആയിരിക്കാം . അവരേതായാലും മനസാക്ഷി ഇല്ലാതെ അത് തുടർന്നുകൊണ്ടിരിക്കും . 

പക്ഷെ നമുക്ക് അത് കാണണ്ട എന്ന തീരുമാനം എടുത്തൂടെ ? അവരെ നന്നാക്കാൻ പറ്റിയില്ലെങ്കിലും നമുക്ക് സ്വയം നന്നായിക്കൂടെ? ആവശ്യക്കാരില്ലാത്ത ഒരു സാധനം ആരും വിൽക്കില്ലല്ലോ .ലക്ഷങ്ങളും കൊടികളുമൊന്നും ഇല്ലല്ലോ ഒരു സിനിമാ ടിക്കറ്റിന് . ഇനിമുതൽ സിനിമ അതിന്റെ മുഴുവൻ ക്വാളിറ്റിയിലേ കാണൂ എന്നൊരു തീരുമാനം എടുത്തൂടെ ?

ഞാൻ സംസാരിക്കുന്നത് മുഴുവൻ മലയാള സിനിമകൾക്കും വേണ്ടിയാണ് .കഴിയുമെങ്കിൽ സഹകരിക്കുക . നന്ദി !

ആലോചിച്ചു നോക്കിയിട്ട് പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നിയാൽ ഒന്ന് ഷെയർ ചെയ്യുക! 

Sorry for the late night post!

വാൽക്കഷ്ണം :ട്രോളേന്മാർ Liplock ട്രോളുകളുടെ സ്റ്റോക്ക് തീരുമ്പോ ഇതുംകൂടി ഒന്ന് പരിഗണിക്കണം . നിങ്ങളിൽ നല്ല പ്രതീക്ഷ ഉണ്ട് . വെറുതെ പറയുന്നതല്ല . നല്ലകാര്യങ്ങൾ ചെയ്യാനും ആളുകളെ ചിന്തിപ്പിക്കാനുമുള്ള നിങ്ങളുടെ കഴിവ് നിങ്ങൾ തെളിയിച്ചതാണ് .

MORE IN ENTERTAINMENT
SHOW MORE