എന്നെ ‘മാഡം’ ആക്കി; എങ്ങനെയെന്ന് അറിയണം; കുടുംബം വേദനിച്ചു: നമിത

namitha-family
SHARE

സിനിമാ രംഗത്തുണ്ടായ വിവാദങ്ങളിൽ തന്റെ പേരുൾപ്പെട്ടതിലെ വിഷമം തുറന്ന് പറഞ്ഞ് നടി നമിതാ പ്രമോദ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഒരു വാക്കായിരുന്നു മാഡം എന്നത്. എന്നാൽ ദിലീപേട്ടന്റെ കേസുമായി ബന്ധപ്പെട്ട് ഒരു വാർത്താ ചാനൽ എന്നെ ‘മാഡം’ ആക്കി മാറ്റി. അന്ന് ഞാൻ പ്രിയൻ സാറിന്റെ തമിഴ് സിനിമയിൽ അഭിനയിക്കുകയാണ്. എന്നെ അത് മാനസികമായി ബാധിച്ചില്ല, പക്ഷേ കുടുംബത്തിന് അങ്ങനെ അല്ലായിരുന്നു.–നമിത വ്യക്തമാക്കി.

എന്റെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയെക്കുറിച്ച് വാർത്തകൾ നൽകുമ്പോൾ അവരുടെ കുടുംബത്തെക്കുറിച്ച് കൂടി ചിന്തിക്കേണ്ടതുണ്ട്. എന്റെ അമ്മ ഇൗ വിവാദത്തിൽ എന്റെ പേരുൾപ്പെട്ടതറിഞ്ഞ് ഒരുപാട് വേദനിച്ചു. ‘ഇത്തരം കേസുമായി ബന്ധപ്പെട്ട് സ്വന്തം മകളുടെ പേര് വലിച്ചിഴയ്ക്കുമ്പോൾ അമ്മയ്ക്കും മറ്റുള്ളവർക്കും ഉണ്ടാകുന്ന പേടി ഓർത്തുനോക്കൂ. ഞങ്ങളുടേത് സാധാരണ കുടുംബമാണ്, എന്റെ പ്രായം തന്നെ എത്രയുണ്ട്? ഇങ്ങനെയുള്ള റിപ്പോർട്ടുകള്‍ കൊടുക്കുമ്പോൾ ഈ കാര്യങ്ങളൊക്കെ അവരുമൊന്ന് ചിന്തിക്കണം, കൃത്യതയാണ് പ്രധാനമായും വേണ്ടത്.'

‘സാധാരണ വിവാദങ്ങളെ തള്ളിക്കളയുകയാണ് ചെയ്യാറുള്ളൂ. എന്നാൽ ഇത്തരം വാർത്തകൾ അങ്ങനെയല്ല. ആരോ പറഞ്ഞാണ് ഈ വാർത്തയെക്കുറിച്ച് ഞാൻ അറിയുന്നത്. ഈ വാർത്തയുടെ സത്യാവസ്ഥ അറിയാൻ മാധ്യമപ്രവർത്തകരും വിളിച്ചു. എന്നാൽ ഇതൊക്കെ വന്നതുപോലെ തന്നെ പെട്ടന്ന് പോകുകയും ചെയ്തു. ആളുകളും അത് അത്ര ചർച്ച ചെയ്തില്ല. എന്റെ പേര് അവിടെ എന്തിന് കൊണ്ടുവന്നുവെന്നതിനെക്കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. അത് കഴിഞ്ഞാൽ മറ്റുകാര്യങ്ങളുമായി ഞാൻ മുന്നോട്ടു പോകും.’ നമിത പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.

MORE IN ENTERTAINMENT
SHOW MORE