അന്നത്തെ അപ്പൂസും ഇന്നത്തെ ലൂസിഫറും; ഫാസില്‍ വീണ്ടും വെള്ളിത്തിരയില്‍: അഭിമുഖം

33 വർഷങ്ങൾക്ക് ശേഷമാണ് സംവിധായകൻ ഫാസിൽ കാമറയുടെ മുന്നിലെത്തിയത്. 1985ൽ പുറത്തിറങ്ങിയ നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന് ശേഷം ലൂസിഫറിലൂടെയാണ് ഫാസിൽ വീണ്ടും അഭിനേതാവാകുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധായകനാകുന്ന ചിത്രത്തിലാണ് ഫാസിൽ വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. ഫാസിൽ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് പുറത്തിറങ്ങിയിട്ട് 26 വർഷം തികയുകയാണ്. ലൂസിഫറിനെക്കുറിച്ചും പപ്പയുടെ സ്വന്തം അപ്പൂസിനെക്കുറിച്ചും ഫാസിൽ മനോരമന്യൂസ് ഓൺലൈനുമായി സംസാരിക്കുന്നു.

ലൂസിഫറിനെക്കുറിച്ച്

ലൂസിഫറിൽ ഒരു പുരോഹിതന്റെ വേഷമാണ്. ചെറിയൊരു വേഷമാണ്. എന്റെ ഭാഗമെല്ലാം ഷൂട്ട് ചെയ്ത് കഴിഞ്ഞു. ലൂസിഫറിലുള്ളവരെല്ലാം അടുപ്പമുള്ളതാണ് അതുകൊണ്ടാണ് അഭിനയിച്ചത്.

33 വർഷങ്ങൾക്ക് ശേഷം കാമറയ്ക്ക് മുന്നിലെത്തുമ്പോൾ

നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. സിനിമയുമായി നിരന്തരം ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ട് അഭിനയം പുതുമയൊന്നുമല്ല. എല്ലാ സംവിധായകരും ഏതെങ്കിലുമൊക്കെ അവസരത്തിൽ കാമറയുടെ മുന്നിൽ എത്തിയിട്ടുള്ളവരാണ്.

പപ്പയുടെ സ്വന്തം അപ്പൂസ് ഇറങ്ങിയിട്ട് 26 വർഷമായി. ഇപ്പോഴും ജനഹൃദയത്തിലുള്ള ചിത്രങ്ങളിലൊന്ന്. അതിനെക്കുറിച്ച്?

മമ്മൂട്ടിയും പെട്ടിയും കുട്ടിയും ഹിറ്റ് കോംബിനേഷനാണെന്ന് ഒരു ധാരണ സിനിമാക്കാരുടെ ഇടയിലുണ്ടായിരുന്നു. മമ്മൂട്ടിയും ബേബി ശാലിനിയുമുള്ള ചിത്രങ്ങൾ മിക്കതും ഹിറ്റുകളുമായിരുന്നു. പക്ഷെ പതിയെ ആ ട്രെൻഡ് മാറി. വ്യത്യസ്തമായ കഥാപാത്രങ്ങളിലേക്ക് മമ്മൂട്ടിയും ശ്രദ്ധനൽകി. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഒരു കുട്ടിയോടൊപ്പം അഭിനയിച്ച ചിത്രമായിരുന്നു പപ്പയുടെ സ്വന്തം അപ്പൂസ്.

സിനിമ ഇറങ്ങുന്ന കാലത്ത് അമ്മ–മകൾ സ്നേഹം പറയുന്ന നിരവധി ചിത്രങ്ങൾ ഹിറ്റായിരുന്നു. എന്നാൽ വിഭാര്യനായ ഒരാളും മകനും തമ്മിലുള്ള ബന്ധം പുതുമയുള്ള ഒന്നായിരുന്നു. അച്ഛൻ–മകൻ സ്നേഹം പറയുന്ന ചിത്രങ്ങൾ വിരളമായിരുന്നു. ആലോചിച്ചപ്പോൾ ഈ സ്നേഹം പറയുന്ന ചിത്രം ജനങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് തോന്നി. സിനിമയെക്കുറിച്ച് ഇന്നും ജനങ്ങൾ സംസാരിക്കുന്നുണ്ടെങ്കിൽ അവർക്കത് അത്രമാത്രം ഹൃദയസ്പർശിയായതുകൊണ്ടാണ്.