മോഹൻലാലിനുനേരേ കൈത്തോക്ക്'; അലൻസിയറിന്‍റെ രോഷം; മുഖ്യമന്ത്രിയുടെ ചിരി

mohanlal-alencier
SHARE

സമകാലിക വിഷയങ്ങളിൽ ശക്തമായ നിലപാടും പ്രതിഷേധവുമായി വാർത്തകളിൽ ഇടം നേടുന്ന താരമാണ് അലൻസിയർ. സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിലും അലൻസിയറിന്റെ വേറിട്ട പ്രതിഷേധം അരങ്ങേറി. മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകൾ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിർക്കുകയായിരുന്നു. മോഹൻലാൽ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയ അലൻസിയറുടെ പ്രവൃത്തി.

സ്റ്റേജിലേക്കു കയറി മോഹൻലാലിന്റെ അടുത്ത് എത്താനും ശ്രമം ഉണ്ടായി.  ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേർന്നു അലൻസിയറെ തടയുകയും സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയിൽ മോഹൻലാൽ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംഎൽഎ തുടങ്ങിയവർ വേദിയിലിരിക്കെയായിരുന്നു അലൻസിയറിന്റെ പ്രതിഷേധം.വിരലുകൾ തോക്കുപോലെയാക്കി അലൻസിയർ വെടിവയ്ക്കുന്നതു ബാലൻ മുഖ്യമന്ത്രിയെ കാണിച്ചു കൊടുത്തെങ്കിലും ഗൗരവം കുറയ്ക്കാനായി മുഖ്യമന്ത്രി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു. 

തന്റെ പ്രവൃത്തിയിൽ പ്രതിഷേധം കാണേണ്ടതില്ലെന്നായിരുന്നു സംഭവത്തിനു ശേഷം അലൻസിയറുടെ പ്രതികരണം. ആ നിമിഷം എന്താണു ചെയ്തതെന്നു വ്യക്തമായ ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാര പ്രഖ്യാപന വേളയിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരത്തെ അലൻസിയർ വിമർശിച്ചിരുന്നു. തനിക്കു സ്വഭാവ നടനുള്ള പുരസ്കാരം നൽകിയപ്പോൾ നായകന്മാരൊക്കെ ചെയ്യുന്നത് എന്തു വേഷമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

mohanlal-repley

പുരസ്കാര സമർപ്പണ ചടങ്ങിൽ നടൻ മോഹൻലാൽ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു.  സഹപ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്ന് പറഞ്ഞ താരം, സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുന്നത് അവകാശവും കടമയുമാണെന്നും വ്യക്തമാക്കി. മുഖ്യാതിഥിയായല്ല സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നിരിക്കുന്നത്. കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും മോഹന്‍ലാല്‍ നിറഞ്ഞ കയ്യടികള്‍ക്കിടെ പ്രഖ്യാപിച്ചിരുന്നു.

MORE IN ENTERTAINMENT
SHOW MORE