മമ്മൂട്ടിയെ ഒന്നു കാണാൻ കൊതിച്ചു; ഒടുവിൽ ഒപ്പമഭിനയിച്ചു: അബുദാബിയിലെ വീട്ടമ്മയുടെ കഥ

binni-mammootty-fan
SHARE

അഞ്ച് വർഷം മുൻപ് വരെ ബിന്നി ടോം യുഎഇയിലെ അറിയപ്പെടന്ന നാടക നടി മാത്രമായിരുന്നു. ഭർത്താവിനേയും രണ്ട് മക്കളേയും പരിചരിക്കുന്നതോടൊപ്പം തലസ്ഥാന ഗഗരിയിലെ നാടകപ്രവർത്തനങ്ങളിൽ മുഴുകി നടന്നിരുന്ന കലാകാരിയായ വീട്ടമ്മ. എന്നാൽ അവരുടെ ജീവിതം മാറിമറിഞ്ഞ് മലയാള സിനിമയിലെ തിരക്കുള്ള അമ്മ നടിയായിത്തീർന്നത് വളരെ പെട്ടെന്നായിരുന്നു. 

മമ്മുട്ടിയും ബിന്നി ടോമും ഒരേ നാട്ടുകാരാണ്. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശികൾ. മമ്മുട്ടിയുടെ സിനിമകൾ കണ്ട് അദ്ദേഹത്തെ ഇഷ്ടപ്പെട്ടു നടന്നിരുന്ന കാലം. അന്നും പ്രിയ നടനെ ഒരു നോക്കു കാണാൻ ആഗ്രഹിച്ചിരുന്നെങ്കിലും നടന്നില്ല. വിദ്യാഭ്യാസത്തിന് ശേഷം വിവാഹിതയായി യുഎഇയിലെത്തി. ഫ്ലാറ്റ് ജീവിതം മടുത്തപ്പോൾ ബിന്നിയിലെ കലാകാരി ഉണർന്നു. നാടക പ്രവർത്തനം സജീവമായ യുഎഇയുടെ തലസ്ഥാനഗരിയിൽ ഒട്ടേറെ നാടകങ്ങൾ ഉണ്ടാവുകയും മത്സരങ്ങൾ അരങ്ങേറുകയും ചെയ്തിരുന്നു. 

അപ്പോഴൊക്കെയും മമ്മുട്ടി ഇടയ്ക്കിടെ യുഎഇയിലെത്തുന്നതായി അറിയാമായിരുന്നെങ്കിലും കാണാൻ സാധിച്ചില്ല. അകലെ നിന്നെങ്കിലും പ്രിയനടനെ ഒരു നോക്കുകാണാൻ ബിന്നി ഏറെ ആഗ്രഹിച്ചു. പക്ഷേ, അവസരം ലഭിച്ചില്ല. ഒടുവിൽ 2013ൽ അബുദാബിയിൽ നടന്ന ഒരു കലാപരിപാടിയിൽ പങ്കെടുക്കാൻ മമ്മൂട്ടിയെത്തിയപ്പോൾ ബിന്നി ഭർ‌ത്താവ് ടോമിച്ചനോട് തന്‍റെ ആഗ്രഹം തുറന്നുപറഞ്ഞു. പക്ഷേ, വലിയ സംഖ്യ നൽകി ടിക്കറ്റെടുത്ത് പരിപാടി കാണാൻ ഭർത്താവിന് താത്പര്യമില്ലായിരുന്നു. 

binni-film

മമ്മൂട്ടി നായകനായി അഭിനയിച്ച ബാല്യകാലസഖിയിലേയ്ക്ക് അഭിനേതാക്കളെ തേടി സംവിധായകൻ പ്രമോദ് പയ്യന്നൂർ എത്തിയതോടെയായിരുന്നു ജീവിതത്തിൽ വഴിത്തിരിവായത്. അഭിനയം തലയ്ക്ക് പിടിച്ചു നടന്നിരുന്ന ബിന്നിയും ഒരു കൈ നോക്കാൻ തന്നെ തീരുമാനിച്ചു. അമ്മ റോളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും താൻ ഒരു നോക്കു കാണാന‍് ആഗ്രഹിച്ച മമ്മൂക്കയുടെ കൂടെ അഭിനയിക്കുകയും ചെയ്തു. സുനിൽ സുഖദയുടെ ഭാര്യയുടെ റോളായിരുന്നു ഇൗ ചിത്രത്തിൽ. ബിന്നിയുടെ അഭിനയം സിനിമാ പ്രവർ‌ത്തകർ ശ്രദ്ധിച്ചു. 

അവസരങ്ങൾ വർധിച്ചു, പത്തു ചിത്രങ്ങളിൽ ഇതിനകം വേഷമിട്ടു. ഇതിൽ ബാല്യകാല സഖി കൂടാതെ, മൂന്നാം നാൾ, കിസ് മത്ത്, ഖലീഫ, നോട്ടീസ് വണ്ടി, മരുഭൂമിയിലെ മഞ്ഞുതുള്ളികൾ  തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളായിരുന്നു. മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രമായ ഒരു കുട്ടനാടൻ ബ്ലോഗിലും മധുപാലിന്‍റെ ഒരു കുപ്രസിദ്ധ പയ്യനിലും മികച്ച റോളുകള്‍ അവതരിപ്പിച്ചു.  റിലീസാകാനുള്ള ദർബോണി, മധുവിൻ്റെ റോസി തുടങ്ങിയ ചിത്രങ്ങളിലും നല്ല കഥാപാത്രങ്ങളാണ്.

ആദ്യ ചിത്രത്തിൽ തന്നെ പ്രിയതാരത്തിന്‍റെ കൂടെ അഭിനയിക്കാൻ സാധിച്ചതിൽ പരം സന്തോഷം വേറെയില്ലെന്ന് ബിന്നി ടോം പറയുന്നു. ഒരു പാട്ടുസീനിലായിരുന്നു ബാല്യകാല സഖിയിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചത്. കുട്ടനാടൻ ബ്ലോഗിൽ ഒന്നിച്ച് ഒരു സീനിലും ഇല്ലെങ്കിലും മമ്മ‌ൂക്കയുടെ തോഴരായി അഭിനയിക്കുന്ന സഞ്ജു ശിവറാമിൻ്റെ അമ്മയുടെ റോളാണ് കൈകാര്യം ചെയ്തത്. സിനിമ കൂടാതെ ഹ്രസ്വചിത്രങ്ങളിലും ബിന്നി തിരക്കുള്ള നടിയാണ്. 

യുഎഇയിൽ ചിത്രീകരിച്ച ഷവർമ, നിപ്പ്, അമ്മ, സ്പീഡ്, ഭരതൻ്റെ സംശയങ്ങൾ എന്നിവയാണ് പ്രധാന ഹ്രസ്വചിത്രങ്ങൾ. 18 വർഷമായി പ്രവാസ ജീവിതം തുടരുന്ന ഇവർ മികച്ച നാടക നടിക്കുള്ള അവാർഡുകൾ ഒട്ടേറെ തവണ സ്വന്തമാക്കിയിട്ടുണ്ട്. കല അബുദാബിക്ക് വേണ്ടി ബിജു കിഴക്കനേല അണിയിച്ചൊരുക്കിയ മണ്ണ്, കൂട്ടുകൃഷി, മാക് ബത്ത്, മാ, ശക്തി അബുദാബിയുടെ ചിരി, വക്കം ജയലാലിൻ്റെ നക്ഷത്രസ്വപ്‍നങ്ങൾ, കുഞ്ഞാലിമരയ്ക്കാർ, കിങ് സോളമൻ, ഒാണനിലാവ് തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ. ഇതിന് പുറമേ തിരുവാതിര, ഒപ്പന, സംഘ നൃത്തം എന്നിവയിലും സജീവമാണ്. മികച്ച പാചകക്കാരി കൂടിയായ ബിന്നി സിനിമയിലഭിനയിക്കാൻ വേണ്ടി ഇടയ്ക്കിടെ കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നു. ഫോൺ:+971 55 308 1332.

MORE IN ENTERTAINMENT
SHOW MORE