ചേര്‍ത്തുപിടിച്ച്, ഉമ്മകള്‍ നല്‍കി ലാലേട്ടന്‍; കണ്ണുനിറഞ്ഞ് അഭി: ആഗ്രഹസാഫല്യം

abhi-lal-new
SHARE

അഭിയുടെ ആ വലിയ സ്വപ്നത്തിന് ശ്രീപത്മനാഭന്റെ മണ്ണിൽ സാക്ഷാത്കാരം. അവന്റെ ലാലേട്ടൻ അവനെ ചേർത്ത് നിർത്തി. അവനോട് സംസാരിച്ചു. ഒപ്പം നിന്ന് ചിത്രമെടുത്തു. ആ കുഞ്ഞ് ആരാധകനിലേക്ക് ഇറങ്ങിച്ചെന്ന് മലയാളത്തിന്റെ മഹാനടൻ അവന് ഉമ്മകള്‍ നല്‍കി.  ഇന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മോഹൻലാൽ അഭിയെയും കുടുംബത്തെയും സന്ദർശിച്ചത്. ആ കുഞ്ഞ് ആരാധകനെ ചേർത്ത് നിർത്തി അഭിയോട് ലാലേട്ടൻ ചോദിച്ചു. ‘മോന് എന്താ വേണ്ടേ..’ അവന് സന്തോഷം കൊണ്ട് വാക്കുകൾ മുട്ടി. അസുഖങ്ങൾക്കിടയിൽ അവന്റെ ഏറ്റവും വലിയ മോഹം സാധ്യമായതിനപ്പുറം ഒന്നും ആ കുഞ്ഞിന് പറയാനുണ്ടായിരുന്നില്ല. 

സോഷ്യൽ ലോകത്ത് ഏറെ ൈവറലായിരുന്നു ഇൗ കുഞ്ഞ് മോഹൻലാൽ ആരാധകൻ. ആ മോഹം അൽപം മുൻപ് താരം തന്നെ സാധിച്ചുകൊടുത്തു. അഭിജിത്തിന്റെ രോഗവിവരങ്ങൾ മോഹൻലാൽ വീട്ടുകാരോട് ചോദിച്ചറിഞ്ഞു. ചികിൽസയ്ക്ക് വേണ്ട എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തെന്നും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്ക് വേണ്ട സൗകര്യമൊരുക്കാമെന്നും മോഹൻലാൽ പറഞ്ഞതായി അഭിയുടെ അച്ഛൻ  വിജയകുമാരൻ പിള്ള മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. 

അഭിജിത്തിന്റെ ഇരു വൃക്കകളും തകരാറിലാണ്. വൃക്ക ദാനം ചെയ്യാൻ അച്ഛൻ തയാറാണ്. പക്ഷേ അതിന്റെ ഭീമമായ ചെലവ് താങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു കുടുംബം. 15 ലക്ഷം രൂപയോളം വേണ്ടി വരും ഒാപ്പറേഷന്. വൃക്ക മാറ്റിവയ്ക്കുന്നതിന് മുൻപ് മൂത്രസഞ്ചിയ്ക്ക് ഒരു ഒാപ്പറേഷൻ ചെയ്യണം. അത് കഴിഞ്ഞ് മൂന്നുമാസങ്ങൾക്ക് ശേഷം വേണം വൃക്ക മാറ്റിവയ്ക്കാൻ. ഇതിനായി കോയമ്പത്തൂർ പോകണം. എന്നാൽ പണം ഇൗ അച്ഛന് മുന്നിൽ വലിയ പ്രതിസന്ധിയാലായിരുന്നു. അപ്പോഴാണ് മോഹൻലാൽ ഫാൻസിന്റെ പേജിൽ അഭിയുടെ മോഹം പോസ്റ്റ് ചെയ്യുന്നത്.

രോഗത്തെ കുറിച്ചോ വേദനയോ കുറിച്ചായിരുന്നില്ല അവൻ തിളക്കത്തോടെ പറഞ്ഞത് അവന്റെ ചങ്കും ചങ്കിടിപ്പുമായ മോഹൻലാലിനെ നേരിൽ കാണണമെന്നായിരുന്നു. ചികിൽസയ്ക്ക് എത്ര പണം വേണമെന്നോ രോഗത്തിന്റെ ഗൗരവത്തെ കുറിച്ചോ  അവനറിയില്ല. അവന്റെ ലോകത്ത് അവന്റെ നിറമുള്ള സ്വപ്നങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലാലേട്ടനെ കാണണം ഒപ്പം നിന്ന് ചിത്രമെടുക്കണം. നിഷ്കളങ്കമായ ആ ഏട്ടൻ സ്നേഹമാണ് ഇന്ന് ഫലവത്തായത്. 

രണ്ട് ആൺമക്കളാണ് വിജയകുമാരൻ പിള്ളയ്ക്ക്. ഇളയവനാണ് അഭിജിത്ത്. മൂത്ത മകൻ വർക്ക്ഷോപ്പിൽ ജോലിക്ക് പോകുകയാണ്. ഹോട്ടൽ തൊഴിലാളിയായ വിജയകുമാരൻ അഭിജിത്തിനെ നോക്കാൻ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ജീവിതത്തിൽ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഇൗ അച്ഛൻ ദൂരെ ഒരു വെളിച്ചം പ്രതീക്ഷിച്ചിരുന്നു. മകന്റെ ജീവൻ രക്ഷിക്കുന്ന ദേവദൂതനെ അരികിൽ കണ്ട സന്തോഷമാണ് ആ അച്ഛന്റെ വാക്കുകളിൽ.

MORE IN ENTERTAINMENT
SHOW MORE