മമ്മൂക്കാ ദുൽഖർ അകത്തുണ്ടോ? ദേ വരുന്നു ദുൽഖർ! ആരാധികയ്ക്ക് കിട്ടിയ സർപ്രൈസ്

dq-fans
SHARE

കഴിഞ്ഞദിവസമാണ് മമ്മൂട്ടിയുടെ വീടിന് മുന്നിൽ നിന്ന് മമ്മൂട്ടിയോട് ദുൽഖർ എവിടെ എന്ന് ചോദിക്കുന്ന പെൺകുട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ദുൽഖർ സല്‍മാന്റെ ആരാധികയായ ആമിനയാണ് ആ ചോദ്യം ചോദിച്ചത്. ആമിനയുടെ ചോദ്യത്തിന് മമ്മൂട്ടി ഉത്തരം കൊടുക്കുകയും ചെയ്തിരുന്നു. ദുൽഖറനോടുള്ള കടുത്ത ആരാധന വീണ്ടും ആമിനയെ മമ്മൂട്ടിയുടെ വീടിന് മുന്നിൽ എത്തിച്ചു. പുറത്തിറങ്ങി ആമിനയെ കണ്ടതാകട്ടെ മലയാളത്തിന്‍റെ സ്വന്തം കുഞ്ഞിക്ക.

മസ്ക്കറ്റിൽ പഠിക്കുന്ന എട്ടാംക്ലാസുകാരി ആമിന അവധിയാഘോഷിക്കാൻ കൊച്ചിയിൽ എത്തിയതാണ്. ചൊവ്വാഴ്ച രാത്രി മാതാപിതാക്കൾക്കും കസിൻസിനുമൊപ്പം പനമ്പിള്ളി നഗറിൽ ഭക്ഷണം കഴിക്കാനെത്തിയ ആമിനയ്ക്ക് ഓട്ടോഡ്രൈവറാണ് മമ്മൂട്ടിയുടെ വീട് കാണിച്ചുകൊടുത്തത്. അൽപസമയത്തിനുള്ളിൽ മമ്മൂട്ടി പുറത്തു വരുമെന്ന് പറഞ്ഞതോടെ ഗേറ്റിന് മുന്നിൽ കാത്തു നിൽക്കാൻ അവർ തീരുമാനിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ ആതാ വരുന്നു മമ്മൂട്ടി. പുറത്ത് നിൽക്കുന്ന ആരാധകർക്ക് നേരെ കൈവീശി. അവർക്കിടയിൽ നിന്നും ആമിന വിളിച്ചു ചോദിച്ചു. മമ്മൂക്കാ, ദുൽഖർ എവിടെ? ആമിനയെ അമ്പരപ്പിച്ചുകൊണ്ട് മമ്മൂട്ടിയുടെ മറുപടി, 'ദുൽഖർ കുളിക്കുകയാണ്!'

മമ്മൂട്ടിയുടെ മറുപടി ആമിന ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇതെല്ലാം തന്റെ മൊബൈലിൽ പകർത്തി ആമിന നേരെ യൂട്യൂബിലിട്ടു. അതോടെ സംഭവം വൈറലായി. ആമിനയുടെ ചോദ്യവും മമ്മൂട്ടിയുടെ ഉത്തരവും ആരാധകർ ഏറ്റുപിടിച്ചു. പക്ഷേ ഇതുകൊണ്ടൊന്നും ആമിന തൃപ്തയായില്ല. മമ്മൂട്ടിയെ കണ്ട സ്ഥിതിക്ക് ദുല്‍ഖറിനെയും കാണണമെന്ന് ഉറപ്പിച്ചു. ദുൽഖറിന് ബുധനാഴ്ച രാവിലെ ഷൂട്ടുണ്ട്. അതിനായി ഒൻപതു മണിയ്ക്ക് വീട്ടിൽ നിന്നിറങ്ങുമെന്ന് വിവരരം ലഭിച്ച ആമിന പിറ്റേ ദിവസവും ഗേറ്റിന് മുന്നിൽ എത്തി. അതും രാവിലെ എട്ടു മണിക്ക്. എല്ലാ കസിൻസിനെയും കൂട്ടിയാണ് ആമിന എത്തിയത്. ഒന്നേകാൽ മണിക്കൂറിന്റെ കാത്തിരിപ്പിന് ശേഷം ദുൽഖർ പുറത്തിറങ്ങി. ഗേറ്റിന് പുറത്തു നിൽക്കുന്ന ആരാധകർക്ക് നേരെ കൈവീശി. കാറിൽ കയറാൻ പോയ ദുൽഖറിനെ നോക്കി ആമിന ഉച്ചത്തിൽ ആഗ്രഹം അറിയിച്ചു. 'ദുൽഖർ ഒരു ഫോട്ടോ എടുത്തോട്ടെ... '

ഗേറ്റിന് മുന്നിൽ നിൽക്കുന്ന കുട്ടിപ്പട്ടാളത്തെ കണ്ടതും ദുൽഖർ കാറിൽ കയറാതെ മുന്നോട്ട് വന്നു. ആമിനയോടും കസിൻസിനോടും അകത്തേക്ക് വരാൻ കൈ കാണിച്ചു. സ്വപ്നമാണോ സത്യമാണോ എന്ന അമ്പരപ്പിലായിരുന്നു ആമിനയും കൂട്ടരും. അകത്തു കയറിയ അവർക്കായി ഒന്നിൽ കൂടുതൽ തവണ പോസ് ചെയ്തു പ്രിയനടൻ. കൂട്ടത്തിൽ ആമിനയ്ക്കൊപ്പ‍ം ഒരു സെൽഫിയും. ദുൽഖറിന്റെ കടുത്ത ആരാധികക്ക് ഇതിൽപരം എന്താ വേണ്ടത്? 

മസ്കറ്റിൽ ജോലി ചെയ്യുന്ന കളമശേരി സ്വദേശി ആദിരാജ ബിജുവിന്റെയും സീനിയയുടെയും മകളാണ് എട്ടാം ക്ലാസുകാരിയായ ആമിന. അവധിക്ക് ശേഷം മസ്കറ്റിലേക്ക് മടങ്ങാനിരിക്കുകയാണ് ഇവർ. 

MORE IN ENTERTAINMENT
SHOW MORE