ഇന്ന് 50 കോടിക്കപ്പുറം; അന്ന് ശങ്കറിന് കെ.ടി.കുഞ്ഞുമോന്‍ നല്‍കിയ പ്രതിഫലം: അഭിമുഖം

gentleman
SHARE

തൊട്ടതെല്ലാം പൊന്നാക്കിയ ബ്രഹ്മാണ്ഡ സംവിധായകന്‍. ശങ്കര്‍ എന്ന മൂന്നക്ഷരത്തെ സ്ക്രീനില്‍ തെളിയുമ്പോള്‍ ഇന്ന് തിയറ്ററില്‍ നിറയുന്നത് നിറകയ്യടിയാണ്. എന്നാല്‍ 1993 ജൂലൈ 30ന് ഇൗ പേരുകാരനേക്കാള്‍ കൂടുതല്‍ കയ്യടി സ്വന്തമാക്കിയത് മറ്റൊരാളാണ്. കെ.ടി. കുഞ്ഞുമോന്‍. അതെ, സാക്ഷാല്‍ ശങ്കറിനെ ലോകസിനിമയ്ക്ക് പരിചയപ്പെടുത്തിയ ആ മനുഷ്യന്‍ നിര്‍മിച്ച ‘ജെന്റില്‍മാന്‍’ എന്ന സിനിമ ഇരുപത്തിയഞ്ചിന്റെ നിറവിലേക്ക്.

ബ്രഹാമാണ്ഡ സംവിധായകന്റെ പിറവിയ്ക്ക് അരങ്ങൊരുക്കിയത് അന്നത്തെ ബ്രഹാമാണ്ഡനിര്‍മാതാവ്.  മലയാളിയായ കെ.ടി കുഞ്ഞുമോന്‍ എന്ന നിര്‍മാതാവിന്റെ ഉറച്ച കാല്‍വയ്പ്പായിരുന്നു ജെന്റില്‍മാന്‍ എന്ന ചിത്രം. ‌ ഒരു നിര്‍മാതാവിന്റെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടായിരുന്നെങ്കില്‍ ആ റെക്കോര്‍ഡും കുഞ്ഞുമോന് സ്വന്തം. പന്തളത്ത് ജനിച്ച് വളര്‍ന്ന കുഞ്ഞുമോന്‍ തൊണ്ണൂറുകളില്‍ തമിഴ് സിനിമയുടെ ഗോഡ്ഫാദറായി മാറിയ കഥ ഇന്നും ഇന്ത്യന്‍ സിനിമാലോകത്ത് ചരിത്രമാണ്. തമിഴ് വായിക്കാനറിയാത്ത കുഞ്ഞുമോന്‍ തമിഴകത്തിന്റെ പ്രിയപ്പെട്ടവനായി മാറിയ കഥ. ആ കഥ ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ കൂടിയാണ്. പുറത്തിറങ്ങി 25വര്‍ഷം വര്‍ഷം പിന്നിടുമ്പോഴും സിനിമയോടും അതിലെ പാട്ടുകളോടും പ്രിയമേറുന്നു. ഇൗ വേളയില്‍ കെ.ടി കുഞ്ഞുമോന്‍ മനോരമ ന്യൂസ് ഡോട്ട്കോമിനോട് ഒാര്‍മകള്‍ പങ്കുവയ്ക്കുന്നു.

സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന കാലത്ത് ശങ്കറിന്റെ മനസില്‍ തോന്നിയ ഒരു കഥ. തന്റെ ആദ്യ ചിത്രത്തിന്റെ കഥയുടെ വിത്തുമായി ശങ്കര്‍ അലയുന്ന സമയം. പല നിര്‍മാതാക്കളെയും അദ്ദേഹം സമീപിച്ചു. നവാഗതനെ വിശ്വസിച്ച് ഇങ്ങനെയൊരു മുതല്‍മുടക്കുള്ള ചിത്രമെടുക്കാന്‍ ആരും ഒരുക്കമായിരുന്നില്ല. കമല്‍ഹാസനെ വരെ അദ്ദേഹം സമീപിച്ചിരുന്നു. കഥയുടെ ത്രെഡ് കേട്ടെങ്കിലും കമല്‍ പക്ഷേ താല്‍പര്യം കാണിച്ചില്ല. ഇതൊരു പപ്പടകഥ പോലെ തോന്നുന്നു. പൊടിഞ്ഞ് പോകും. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീടാണ് കഥയുമായി ശങ്കര്‍ എന്റെ അടുത്ത് വരുന്നത്. എന്റെ രണ്ട് ചിത്രങ്ങളില്‍ ശങ്കര്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു. ഇവന്റെയുള്ളില്‍ ഒരു ഫയര്‍ ഉണ്ടെന്ന് കേട്ടിരുന്നത് കൊണ്ട് ഞാന്‍ കഥകേട്ടു. ഇഷ്ടപ്പെട്ടത് കൊണ്ട് ആ ചിത്രവുമായി മുന്നോട്ട് പോയി.

ജനത്തിന് ഇഷ്ടപ്പെടുന്ന ചിത്രമാവണം. അതിനുള്ള ചേരുവകള്‍ എല്ലാം ഉണ്ടാവണം. പൂര്‍ണ സ്വാതന്ത്ര്യം അദ്ദേഹത്തിന് ഞാന്‍ നല്‍കി. എനിക്ക് വിശ്വസമുണ്ടായിരുന്നു അയാള്‍ എന്നെ വിസ്മയിപ്പിക്കുെമന്ന്. അതുപോലെ തന്നെ സംഭവിച്ചു. ജെന്റില്‍മാന്‍ ചരിത്രമായി. ആ പേരും പെരുമയും പേരിനൊപ്പം തന്നെ കൊണ്ടുനടക്കാനുള്ള ഭാഗ്യം എനിക്കും.

‘ഡേ തമ്പി.. ഇത് അന്‍പത് ലക്ഷം മാതിരി....’ ആ വാക്കുകളാണ് അന്ന് ഞാന്‍ അന്ന് ശങ്കറിനോട് പറയുന്നത്. തനിക്ക് എത്ര രൂപയാണ് ഞാന്‍ പ്രതിഫലം തരേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ശങ്കര്‍ തന്ന മറുപടി ഇങ്ങനെയായിരുന്നു. സാറിന്റെ ഇഷ്ടം. അന്നൊക്കെ ഒരു പുതുമുഖ സംവിധായകന് കിട്ടുന്ന പ്രതിഫലം ഉൗഹിക്കാമല്ലോ. ഞാന്‍ അദ്ദേഹത്തിന് അന്‍പതിനായിരം രൂപ നല്‍കി. എന്നിട്ട് പറഞ്ഞു. ഇതൊരു തുടക്കമാണ്. നീ അന്‍പത് ലക്ഷം വാങ്ങിക്കും.  ആ ശങ്കര്‍ ഇന്നുവാങ്ങുന്ന പ്രതിഫലം എത്രയെന്ന് ആലോചിച്ച് നോക്കൂ. 

സിനിമയുടെ കൃത്യമായ ചേരുവകളായിരുന്നു ആ ചിത്രത്തിന്റെ വിജയം. പ്രത്യേകിച്ച് പാട്ടുകള്‍. അതിലെ എല്ലാ പാട്ടുകളും സിനിമ ഉള്ളിടത്തോളം കാലം നിലനില്‍ക്കും. ഒട്ടകത്തെ കെട്ടിക്കോ, എന്‍ വീട്ട് തോട്ടത്തില്‍, ചിക്ക് ബുക്ക് റൈലേ തുടങ്ങി നാഴികക്കല്ലായ പാട്ടുകള്‍. എ.ആര്‍ റഹ്മാന്‍ എന്ന മാന്ത്രികന്റെ വളര്‍ച്ചയുടെ കാലം കൂടിയായിരുന്നു അത്.  അദ്ദേഹത്തെ കൊണ്ട് ഇതിലെ ഗാനം ചെയ്യിപ്പിക്കണമെന്ന് ശങ്കര്‍ എന്നോട് പറഞ്ഞപ്പോള്‍ എനിക്കും സന്തോഷമായി. ‘റോജ’ അത്രത്തോളം ഇഷ്ടമായിരുന്നു എനിക്ക്. അങ്ങനെ റഹ്മാനും ചിത്രത്തിന്റെ ഭാഗമായി. കൃത്യമായ ചേരുവകളായിരുന്നു സിനിമയുടെ വിജയം. അര്‍ജുന്‍, പ്രഭുദേവ, ദേവ, വടിവേലു തുടങ്ങി പിന്നീട് ഉലകം വാഴുന്ന താരങ്ങള്‍ക്ക് എല്ലാം വളക്കൂറുള്ള മണ്ണായി മാറി ജെന്‍ന്റിമാന്‍. വമ്പന്‍ ലാഭമുണ്ടാക്കിയ ഒരു ചിത്രം എന്നതിലുപരി ജെന്റില്‍മാനെ വേറിട്ട് നിര്‍ത്തുന്നതും അതാണ്.  

എംജിആര്‍, ജയലളിത, കമല്‍ഹാസന്‍, രജനികാന്ത് അങ്ങനെ ആത്മബന്ധമുള്ളവരുടെ പട്ടിക നീളുകയാണ് ഇദ്ദേഹത്തിന്. ജയലളിതയോട് ആത്മബന്ധമുള്ള കുഞ്ഞുമോന് പക്ഷേ ആ ജീവിതം വെള്ളിത്തിരയില്‍ പകര്‍ത്താന്‍ ഇഷ്ടമല്ല. കാരണം അമ്മയുടെ ജീവിതം, അതൊരു ജീവിതം തന്നെയാണ്. പൂര്‍ണമായും അതിനെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ കഴിയില്ല. കാരണം ശശികലയ്ക്ക് പോലും അമ്മയെ മനസിലാക്കാന്‍ കഴിഞ്ഞുണ്ടോ എന്ന് സംശയമാണ്.

എന്നാണ് ഒരു രണ്ടാം വരവ് എന്ന് ചോദ്യത്തിന് അദ്ദേഹം തന്ന മറുപടി ഇങ്ങനെ. ഞാന്‍ എങ്ങും പോയിട്ടില്ല സിനിമയെ ശ്വസിച്ച് സിനിമയില്‍ ജീവിച്ച് ഞാന്‍ ഇവിടെയുണ്ട്. പുതിയൊരു ചിത്രവുമായി ഉടനെത്തും. സിനിമയാണ് എനിക്ക് എല്ലാം തന്നത്. അതുകൊണ്ട് എനിക്ക് ഉള്ളതെല്ലാം സിനിമയ്ക്കുള്ളതാണ്. നല്ല കഥയുമായി അടുത്തൊരു ശങ്കര്‍ എന്നെ സമീപിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍.

MORE IN ENTERTAINMENT
SHOW MORE