വൈഎസ്ആറിന്‍റെ ‘കാല്‍പ്പെരുമാറ്റം’; മമ്മൂട്ടി ആ ഭാവയാത്ര തുടങ്ങി; കാത്തിരിപ്പ്

yatra-mammootty-new-pic
SHARE

ആന്ധ്രപ്രദേശിന്റെ മണ്ണ് ഇളക്കി മറിച്ച ആ െഎതിഹാസിക യാത്രയുടെ കഥ പറയുവാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടിയും കൂട്ടരും. അതിന്റെ ആദ്യ സൂചനയെന്ന പോലെ ചിത്രീകരണത്തിന്‍റെ രണ്ടാം ദിനം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ വ്യത്യസ്തമായ ഒരു ചിത്രമാണ് പങ്കുവച്ചത്. സാധാരണ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായതിനാല്‍ ആരാധകരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. 

ആന്ധ്ര മുന്‍മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഢിയുടെ ജീവിതം വെള്ളിത്തരയില്‍ എത്തിക്കുന്ന ‘യാത്ര’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദ് നഗരപ്രാന്തത്തില്‍ തുടരുകയാണ്. അവിടെ വൈഎസ്ആറിന്റെ വേഷത്തില്‍ ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. കാലുകളാണ് ചിത്രത്തില്‍. ഒപ്പം വൈഎസ്ആറിന്‍റെ പ്രശസ്തമായ വേഷവിധാനങ്ങളുടെ സൂചനകളും നല്‍കുന്നു ചിത്രം.

YSR

A post shared by Mammootty (@mammootty) on

ഉറച്ച കാല്‍വയ്പ്പുകള്‍ കൊണ്ട് ഇന്ത്യന്‍ ജനതയുടെ മനസില്‍ എക്കാലവും ജീവിക്കുന്ന ജനകീയ നേതാവാണ് വൈഎസ്ആര്‍.  തെക്കേ ഇന്ത്യ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം ഷൂട്ടിങ് തുടങ്ങിയപ്പോള്‍ തന്നെ വാര്‍ത്തകളില്‍ നിറയുകയാണ്.  ചിത്രീകരണത്തിനായി മമ്മൂട്ടി ഹൈദരാബാദില്‍ എത്തിയപ്പോള്‍ ലഭിച്ച വേറിട്ട സ്വീകരണമാണ് സോഷ്യല്‍ ലോകത്ത് തരംഗമായിരുന്നു.‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ഹൈദരബാദില്‍ ആരംഭിച്ചത്. മമ്മൂട്ടി ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ നൃത്തത്തോടെയാണ് അദ്ദേഹത്തെ ആന്ധ്ര വരവേറ്റത്. രാജമാണിക്യത്തിലെ ‘പാണ്ടിമേളപ്പാട്ടും കൂത്തും..’ എന്നു തുടങ്ങുന്ന ഗാനത്തിന് വര്‍ണാഭമായ ചുവടുകളാണ് ഒരുക്കിയത്. ഇതിനിടയില്‍ മമ്മൂട്ടിയുടെ ഹിറ്റ് ഡയലോഗുകളും കോര്‍ത്തിണക്കിയിരുന്നു. ഒടുവില്‍ ദളപതിയിലെ ആ മനോഹരഗാനവും. എല്ലാം പുഞ്ചിരിയോടെ കണ്ടാസ്വദിച്ച് മെഗാതാരവും. ഇതിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറാലാകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത്.   

അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്ന പ്രതീക്ഷയാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. മഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. 2004 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നത്. 30 കോടിയാണ് ചെലവ്.

MORE IN ENTERTAINMENT
SHOW MORE